തീനാളങ്ങളെ തോല്‍പ്പിച്ച സൂസന്‍ പുതുജീവിതത്തിലേക്ക്. കൈപിടിച്ച് ഇരിട്ടി സ്വദേശി സന്ദീപ് : IRITTY




ഇരിട്ടി : ശരീരത്തെ തീനാളങ്ങൾ ഗ്രസിച്ചിട്ടും ജീവിതത്തിൽ തോൽക്കാതെ സ്വപ്നങ്ങൾ നെയ്തെടുക്കുകയാണ് കുമളി അട്ടപ്പള്ളം വെള്ളാപ്പള്ളി സ്വദേശിയായ സൂസൻ തോമസ്. കുമളിയിലെ ധ്യാനകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ 50 ശതമാനത്തോളം പൊള്ളലേറ്റ സൂസൻ 40 ദിവസത്തോളം ഐസിയുവിലായിരുന്നു. അവിടെ നിന്ന് മനക്കരുത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

ഇപ്പോഴിതാ ജീവിതത്തിൽ ഒരു പുതിയ അധ്യായം കൂടി പിന്നിടുകയാണ് സൂസൻ. കല്ല്യാണ പെണ്ണിനെ പോലെ ഒരുങ്ങി നിൽക്കാൻ ഒരുപാട് ആഗ്രഹിച്ച അവർ അതും നേടിയെടുത്തിരിക്കുന്നു. കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന സന്ദീപ് സെബാസ്റ്റ്യനെയാണ് സൂസൻ ജീവിതപങ്കാളിയാക്കിയത്. കണ്ണൂർ ഇരിട്ടിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എട്ടു മാസം മുമ്പ് ഫെയ്സ്ബുക്ക് വഴിയാണ് സന്ദീപും സൂസനും പരിചയപ്പെട്ടത്. സൂസൻ പാടുന്ന വീഡിയോ കണ്ടതോടെ സന്ദീപിന് പ്രണയം തോന്നുകയായിരുന്നു. ഇക്കാര്യം സൂസനോട് തുറന്നുപറഞ്ഞു. സൂസനും സമ്മതം മൂളിയതോടെ ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിന് പന്തലും ഒരുങ്ങി.

2006 മെയ് പതിനെട്ടിന് മുരുക്കടിയിലെ ധ്യാനകേന്ദ്രത്തിൽ വെച്ചാണ് സൂസന് പൊള്ളലേറ്റത്. ചായ കുടിക്കാനായി ധ്യാനകേന്ദ്രത്തിന്റെ അടുക്കളയിൽ എത്തിയതായിരുന്നു അവർ. ആ സമയത്ത് അടുപ്പിൽ ഇരുന്ന എണ്ണച്ചട്ടിയിൽ നിന്ന് തീ പടർന്നു. അടുക്കളിയിൽ തീ ആളിക്കത്തി. എല്ലാം കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ കഴിഞ്ഞു. ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസന് കൃത്യമായ ചികിത്സയും ലഭിച്ചില്ല. ഡോക്ടർ അവധിക്കു പോയതിനെ തുടർന്ന് കൈവിരലുകളിൽ പഴുപ്പ് കയറി. ജീവൻ വരെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു. പിന്നീട് ചികിത്സ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നാല് മാസത്തോളം ചികിത്സയിൽ തുടർന്നു. ഒടുവിൽ മുറിവുകൾ ഉണങ്ങി. കൈയിലെ നാല് വിരലുകൾ പൂർണമായും മറ്റുള്ളവ ഭാഗികമായും നഷ്ടപ്പെട്ടു.

പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്ന സൂസൻ സോഷ്യൽ മീഡിയയിൽ സജീവമായി. പാട്ടിലൂടേയും മോഡലിങ്ങിലൂടേയും എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സൂസന്റെ ഒരു വിവാഹ ഫോട്ടോഷൂട്ട് വൈറലാകുകയും ചെയ്തു.
 

Post a Comment

Previous Post Next Post