പിഎസ്‍സി അപേക്ഷയിൽ ഇനി മുതൽ തെറ്റ് തിരുത്താൻ അവസരം

                 

കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ അയക്കുമ്പോൾ തെറ്റ് സംഭവിച്ചാൽ പേടിക്കണ്ട, ഇനി മുതൽ തിരുത്താൻ അവസരം ലഭിക്കും. ഇന്നലെ ചേർന്ന പി എസ് സി കമ്മീഷൻ യോഗത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിൽ തെറ്റ് തിരുത്താനുള്ള അവസരം നൽകാനുള്ള തീരുമാനം സ്വീകരിച്ചത് മറ്റ് പല പരീക്ഷകൾക്കും തെറ്റ് തിരുത്താൻ പരീക്ഷാർത്ഥികൾക്ക് അവസരം നൽകാറുണ്ട്. 

പി എസ് സിയിൽ ആ അവസരം ഇതുവരെ ലഭ്യമല്ലാതിരുന്നു. എന്നാൽ, ഇപ്പോൾ ആ സംവിധാനം കൂടി നടപ്പാക്കുകയാണ് പി എസ് സി.അടുത്ത വിജ്ഞാപനം മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സൗകര്യം ലഭ്യമാകും. അപേക്ഷ സമർപ്പിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് തിരുത്തൽ വരുത്തേണ്ടത്.
അപേക്ഷ സമര്‍പ്പിച്ച ശേഷം, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെയുളള കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുളള എഡിറ്റ് ഓപ്ഷന്‍ അനുവദിക്കുവാന്‍ കമീഷന്‍ തീരുമാനിച്ചു.
പല പരീക്ഷകൾക്കും അപേക്ഷ തീയതി കഴിഞ്ഞ ശേഷമാണ് തിരുത്തൽ തീയതിക്കായി വിൻഡോ തുറക്കുന്നത്. എന്നാൽ പി എസ് സിയുടെ കാര്യത്തിൽ ഇതിന് വ്യത്യാസമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് മുമ്പായി വേണം തിരുത്തൽ വരുത്തേണ്ടത്.
അപേക്ഷയിലെ ഡിക്ലറേഷന്‍സ് ലിങ്കില്‍ വെയിറ്റേജിലും (ഭിന്നശേഷി വിഭാഗം/വിമുക്ത ഭടന്മാര്‍/കായിക താരങ്ങള്‍ മുതലായവ) പ്രിഫറന്‍ഷ്യല്‍ യോഗ്യതകള്‍ സംബന്ധിച്ചും ആവശ്യമായ മാറ്റങ്ങള്‍ വരുത്താൻ ഇതിലൂടെ സാധിക്കും.
അവസാന തിയതിക്കു മുന്‍പ് ഉദ്യോഗാർത്ഥി സ്വന്തം പ്രൊഫൈലില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും അപേക്ഷയുടെ ഭാഗമാകും.
ഈ സൗകര്യം നിലവിൽ വരുന്നതോടെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്തെങ്കിലും കാരണത്താൽ തെറ്റുകള്‍ സംഭവിച്ചാൽ നിശ്ചിത തീയതിക്ക് മുന്‍പായി തിരുത്തുവാനുളള അവസരം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും.

Post a Comment

Previous Post Next Post