കൂരാച്ചുണ്ട്: റബർത്തോട്ടത്തിനരികെയിറങ്ങിയ കാട്ടുപന്നിയെ വനം വകുപ്പധികൃതരുടെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ചുകൊന്നു. ഞായറാഴ്ച രാവിലെ ശങ്കരവയൽ വട്ടുകുളത്തിൽ ജോസഫിന്റെ കൃഷിയിടത്തിൽ പന്നിയെക്കണ്ട് വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
പഞ്ചായത്തിൽ വിവധയിടങ്ങളിലായി കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യമുണ്ട്. വിളവിന് പാകമാകുന്ന കൃഷി പന്നിക്കൂട്ടം കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നത് പതിവാണ്. പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണന്റെയും കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ടി.രാജന്റെയും നിർദേശപ്രകാരം മുണ്ടയ്ക്കൽ ഗംഗാധരനാണ് പന്നിയെ വെടിവെച്ചത്. 28കിലോയോളം ഭാരമുള്ള പന്നിയുടെ പ്രായം രണ്ടരവയസ്സിന് താഴെയാണ്.
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഇ. ബൈജു നാഥ്, എസ്.എഫ്.ഒ. മാരായ എം.ബി. മോഹനൻ, കെ.സി. വിജയൻ, കെ. സത്യൻ, എ.ജി. രമേഷ്‌കുമാർ, ബി.എഫ്.ഒ. മാരായ എം.ടി. സുധീഷ്, വി.ജി. അമൃത്, കെ. അഭിലാഷ്, വാച്ചർമാരായ പി.എസ്. ഷാജു, പി. കുട്ട്യാലി എന്നിവർ നേതൃത്വം നൽകി.
Post a Comment