തിരുമേനി: ഉത്തര മലബാറിലെ യാത്രാപ്രേമികളുടെ മാനസികോല്ലാസത്തിന്റെ പര്യായമായി മാറുകയാണ് പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമായ ചാത്തമംഗലം ഗ്രാമം.
കണ്ണൂർ ജില്ലയിലെ ചെറുപുഴ തിരുമേനിയ്ക്കടുത്താണ് ഈ ഗ്രാമം. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽനിന്നായി നിരവധിപ്പേർ ഇവിടെയെത്തുന്നു. ഉയരമുള്ള പാറക്കെട്ടിനു മുകളിൽ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങളും നുരഞ്ഞുപതഞ്ഞൊഴുകുന്ന പാലരുവികളും വാഗമൺ കുന്നുകളിലേതുപോലെ അതിവിശാലമായ പുൽമേടുകളും പറയാതെ വിരുന്നിനെത്തുന്ന മഴയും തൂവെള്ള പുതപ്പുകൊണ്ട് ചാത്തമംഗലം ഹിൽസിനെയും താഴ്വരകളെയും പൊതിയുന്ന മൂടൽമഞ്ഞും മരങ്ങളിൽ ചേക്കേറിയിരിക്കുന്ന നാനാവിധത്തിലുള്ള പക്ഷികളുടെ കളകളാരവങ്ങളും തെങ്ങ്, കമുക്, റബർ, കുരുമുളക്, ജാതി, കൊക്കോ, റംബൂട്ടാൻ തുടങ്ങിയ കാർഷിക വിളകളും എല്ലാംകൊണ്ട് സമൃദ്ധമായ താഴ്വരകളുംകൊണ്ട് സഞ്ചാരികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയാണ് ചാത്തമംഗലം എന്ന മനോഹര ഗ്രാമം.
വേറെ ലെവലാണ് ചാത്തമംഗലം
അധികം വികസനം കടന്നുചെല്ലാത്ത നെടുവോട്-ചാത്തമംഗലം-തിരുമേനി റോഡുവഴിയുള്ള യാത്ര തന്നെ നിരവധി മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. ചാത്തമംഗലം പ്രദേശത്ത് കാണുന്നതെല്ലാം പ്രകൃതിദത്തമാണ്. ഇവിടെ ആകെയുള്ളത് ഒരു അങ്കണവാടിയും സെന്റ് ജൂഡ്സ് ചാപ്പൽ എന്ന കൊച്ചു ക്രൈസ്തവ ദേവാലയവും മാത്രമാണ്. കുടിയേറ്റകാലഘട്ടത്തിൽ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തിരുവല്ല പോലുള്ള തെക്കൻ നാടുകളിൽനിന്നു കുടിയേറിയവരാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും. ചാത്തമംഗലം ദേവാലയത്തിനു സമീപമുള്ള കാഴ്ചകൾ മനോഹരങ്ങളാണ്. സമീപത്തെ കൃഷിസ്ഥലങ്ങളുടെ പശ്ചാത്തലത്തിൽ ദേവാലയം കാണാൻ നല്ല ഭംഗിയുണ്ട്. ചാത്തമംഗലം ഹിൽസ് എന്ന തെരുവമലയും ഉയരത്തിൽ കേമനായ ദേവർ കുന്നുമലയും ഇവിടെനിന്നു കാണാനാകും. ഈ രണ്ടു മലകളുടെയും സംഗമസ്ഥാനത്താണ് ദേവാലയം സ്ഥിതിചെയ്യുന്നതുതന്നെ. പൈതൽമലയും പാലക്കയംതട്ടും ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ നടപടിയായ സാഹചര്യത്തിൽ തുല്യപ്രാധാന്യമുള്ള ചാത്തമംഗലം പ്രദേശത്തിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപിയോടും സജീവ് ജോസഫ് എംഎൽഎയോടും നാട്ടുകാർ അഭ്യർഥിച്ചു.
പ്രതിസന്ധിയായി മാലിന്യവും റോഡും
മലയിൽ മാലിന്യം നിക്ഷേപിക്കാൻ സൗകര്യമില്ലാത്തതിനാൽ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ പൊതികളും ഒഴിഞ്ഞ വെള്ളക്കുപ്പികളുമെല്ലാം മലയിൽ വലിച്ചെറിയുന്നത് പുൽമേടിന്റെ നാശത്തിന് കാരണമാകുന്നു. ഒരു നിയന്ത്രണവുമില്ലാതെ മലമുകളിലെ നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതും പുൽമേട് നശിപ്പിക്കും.
ചാത്തമംഗലം ദേവാലയത്തിന് സമീപത്തുനിന്ന് ഹിൽസിനു മുകളിലേക്ക് റോഡ് ആവശ്യമാണ്. അതുപോലെതന്നെ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഗതാഗതയോഗ്യമല്ലാത്ത തിരുമേനി-ചാത്തമംഗലം-നെടുവോട് റോഡ് മെക്കാഡം ടാറിംഗ് നടത്തേണ്ടതും അത്യാവശ്യമായിട്ടുണ്ട്. ഇതിനായി 'എവർഗ്രീൻ ചാത്തമംഗലം' എന്ന സോഷ്യൽ മീഡിയ കൂട്ടായ്മ പോസ്റ്റ് ഷെയറിംഗ് ചലഞ്ച് നടത്തിയിരുന്നു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാത്തമംഗലം ഗ്രാമത്തിന്റെ വികസനത്തിനും തെരുവമലയുടെ സംരക്ഷണത്തിനുമായി ചാത്തമംഗലം ഡെവലപ്മെന്റ് കമ്മിറ്റിയും റോഡ് മെക്കാഡം ചെയ്യുന്നതിനായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനുവേണ്ടി തിരുമേനി-ചാത്തമംഗലം-നെടുവോട് റോഡ് ആക്ഷൻ കമ്മിറ്റിയും രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്.
ചാത്തമംഗലത്തുനിന്ന് നെടുവോട് റോഡിൽ 600 മീറ്റർ നടന്നാൽ ചാത്തമംഗലം വാട്ടർ ഫാൾസ് എന്ന സീസണൽ വെള്ളച്ചാട്ടത്തിലെത്താം. ശക്തമായ മഴയുള്ള സമയമാണ് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിന് ഏറ്റവും അനുയോജ്യം. ദേവർകുന്ന് മലയിൽനിന്ന് ഉത്ഭവിക്കുന്ന കൈത്തോടാണ് 20 മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടിന് മുകളിലൂടെ വെള്ളച്ചാട്ടമായി ചാത്തമംഗലം-നെടുവോട് റോഡിലേക്ക് പതിക്കുന്നത്. ഇവിടെ കുളിക്കുന്നതിനായി നിരവധി പേർ എത്താറുണ്ട്.
നയനമനോഹരം മലയിലെ കാഴ്ചകൾ
ചാത്തമംഗലം ഹിൽസിലെ കാഴ്ചകൾ അതിമനോഹരങ്ങളാണ്. ഹെക്ടർകണക്കിന് വിസ്തൃതിയുള്ള വിശാലമായ പുൽമേടുകളാണ് ഇവിടെയുള്ളത്. തൊട്ടടുത്തായി കൊട്ടത്തലച്ചിമലയും ദേവർകുന്ന് മലയുമുണ്ട്. പൈതൽമലയും കുടക് മലനിരകളുമെല്ലാം ഇവിടെ നിന്നാൽ കാണാനാകും. മലയടിവാരത്തുള്ള തിരുമേനി-ചാത്തമംഗലം-നെടുവോട് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതു കാണാനും നല്ല രസമുണ്ട്.
നെടുവോട്, പരപ്പ, ആലക്കോട്, രയറോം, ഉദയഗിരി, കാർത്തികപുരം, ചീക്കാട്, തിരുമേനി, താബോർ, പ്രാപ്പൊയിൽ, ചെറുപുഴ, പാടിയോട്ടുചാൽ പ്രദേശങ്ങളും ഇവിടെനിന്നു കാണാൻ സാധിക്കും. മലമുകളിൽനിന്ന് ഏതു ഭാഗത്ത് തിരിഞ്ഞാലും മനോഹര കാഴ്ചകളാണ് കാണാനുള്ളത്. ഇവിടെനിന്നുള്ള രാത്രി കാഴ്ചകളും മനോഹരങ്ങളാണ്. ദീപാലംകൃതമായ കണ്ണൂർ വിമാനത്താവളം പോലും രാത്രിയിൽ കാണാനാകും.
നിലം തൊടാതെ വികസന പദ്ധതികൾ
ചാത്തമംഗലം പ്രദേശത്തെ ടൂറിസം വികസനത്തിന് പദ്ധതി ആവിഷ്കരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. ചില പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. ചെറുപ്പക്കാർ മാത്രമല്ല ദൂരെ സ്ഥലത്തുനിന്നും ആളുകൾ കുടുംബമായും എത്തുന്നുണ്ട്. എന്നാൽ ഒരു കംഫർട്ട് സ്റ്റേഷനോ മാലിന്യ നിർമാർജന സംവിധാനമോ പോലും ഇവിടെയില്ല. കേബിൾ കാർ, ട്രക്കിംഗ്, റോക്ക് ക്ലൈംബിംഗ്, മിനി അമ്യൂസ്മെന്റ് പാർക്ക്, ഹിൽടോപ് സ്റ്റേഡിയം, പാരാഗ്ലൈഡിംഗ്, മൺസൂൺ ടൂറിസം, ഫാം ടൂറിസം എന്നിവയ്ക്കെല്ലാം അനുയോജ്യമാണ് ഇവിടുത്തെ ഭൂപ്രകൃതി.
Courtesy:DEEPIKA KANNUR
Post a Comment