പുന്നയൂർക്കുളം(തൃശ്ശൂർ): ആൽത്തറയിൽ 15 വയസ്സുകാരൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് ജൂവലറികളുടെ ഷട്ടർ തകർത്തു. ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വടുതല സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനുശേഷമാകും ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കുക.
വീട്ടുകാർ അറിയാതെയാണ് കുട്ടി അർധരാത്രി കാറുമായി ഇറങ്ങിയത്. ആൽത്തറ സെന്ററിലെ ഷാലിമാർ, നാസ് ജൂവലറികൾക്കാണ് കേട് സംഭവിച്ചത്. ഇരുസ്ഥാപനങ്ങളുടെയും മുൻവശത്തെ ഭിത്തി, ഷട്ടർ, ചില്ലുവാതിലുകൾ എന്നിവ തകർന്ന നിലയിലാണ്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. സംഭവസമയത്തുതന്നെ പോലീസ് എത്തി തകർന്ന വാഹനം നീക്കംചെയ്തു.
ഷട്ടർ പൊളിഞ്ഞുകിടന്നിട്ടും ജൂവലറി ഉടമകളെ വിവരം അറിയിച്ചില്ലെന്ന് ആരോപിച്ച് മർച്ചന്റ്സ് അസോസിയേഷൻ നേതാക്കളും പോലീസുമായി തർക്കമുണ്ടായി. രാവിലെ പരിസരത്ത് എത്തിയ ഹോട്ടൽജീവനക്കാരാണ് സംഭവം കടയുടമകളെ അറിയിച്ചത്.
അപകടം നടന്ന വിവരം അറിയിക്കാതിരിക്കുകയും മിനിറ്റുകൾക്കകം ക്രെയിൻ എത്തിച്ച് വാഹനം നീക്കുകയും അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. സംഭവത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പരാതി നൽകി. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് വാഹനം വേഗത്തിൽ നീക്കംചെയ്തതെന്നും പുലർച്ചെയായതിനാലാണ് ഉടമകളെ അറിയിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.
Post a Comment