ചേട്ടനെ കൊന്ന് കുഴിച്ചുമൂടി, ശേഷം തേടി നടന്നു: കരച്ചില്‍ നാടകവും, സാബുവിന്റെ ക്രൂര മുഖം കണ്ട് ഞെട്ടി നാട്ടുകാർ

തൃശൂര്‍: ചേര്‍പ്പില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തി ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട് പറമ്ബില്‍ പരേതനായ ജോയിയുടെ മകന്‍ ബാബു (27) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനുജന്‍ സാബു(25) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ക്കൊക്കെ കൊല്ലപ്പെട്ട ബാബുവിന്റെ മദ്യപാനത്തെ കുറിച്ച്‌ അറിയാമായിരുന്നുവെങ്കിലും അനിയന്‍ ഇത്രയും വലിയ ഒരു ക്രൂരത ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.

വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുള്ള ബാബുവുമായി സാബു അത്ര രസത്തിലായിരുന്നില്ല. സംഭവ ദിവസവും ബാബു മദ്യപിച്ചെത്തി. അനിയനുമായി വഴക്കായി. വഴക്കിനിടയില്‍ സാബു ചേട്ടന്റെ കഴുത്തുഞെരിച്ച്‌ പിടിച്ചു. ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. ശേഷം, മൃതദേഹം വീടിന്റെ തൊട്ടടുത്തുള്ള പാടത്തെ ബണ്ടില്‍ കുഴിച്ചിട്ടു. കൊലപാതകത്തിന് ശേഷവും സാബുവിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ചേട്ടനെ കാണുന്നില്ലെന്ന് സാബു പറഞ്ഞുപരത്തി. ഒരാഴ്ചയോളം ബാബുവിന് വേണ്ടി നാട്ടുകാരും പോലീസും തിരഞ്ഞു നടന്നു. കൂട്ടത്തില്‍ സാബുവും ഉണ്ടായിരുന്നു.

ഇതിനിടെ, കഴിഞ്ഞ ദിവസം പ്രദേശവാസി പശുവിനെ തീറ്റിക്കാന്‍ പോകുന്നതിനിടയില്‍ ബണ്ടിന് സമീപത്ത് തെരുവു നായ്ക്കള്‍ കുഴിക്കുന്നത് കണ്ടു. വല്ല എല്ലിന്‍ കഷ്ണത്തിനും വേണ്ടിയായിരിക്കുമെന്ന് കരുതി ഇയാള്‍ അത് കാര്യമാക്കിയില്ല. എന്നാല്‍, പിറ്റേദിവസം അതിലെ പോകുമ്ബോള്‍ നായ്ക്കള്‍ കുഴിച്ച ഭാഗം മണ്ണിട്ട് മൂടി പഴയപടിയായത് പ്രദേശവാസി ശ്രദ്ധിച്ചു. സംശയം തോന്നിയതോടെ കൈക്കോട്ട് ഉപയോഗിച്ച്‌ മണ്ണുമാറ്റി. കുഴിയില്‍ എന്തോ മറവ് ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പോലീസിനെ വിവരമറിയിച്ചു.

കുഴിയില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. ബാബുവിന്‍റെ കൈകളില്‍ പച്ച കുത്തിയത് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചു. നാട്ടുകാര്‍ക്കിടയില്‍ സാബുവും ഉണ്ടായിരുന്നു. ബാബുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ സാബു മുഖംപൊത്തി കരയുകയായിരുന്നു. സാബുവിന്റെ അഭിനയം കണ്ടാല്‍ അയാളാണ് കൊലപാതകിയെന്ന് ആരും പറയില്ലെന്ന് നാട്ടുകാര്‍ പറയുന്നു

Post a Comment

Previous Post Next Post