കുറ്റ്യാടി : എച്ച്.പി. ഗ്യാസിന്റെ കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന ശ്രീ ഗ്യാസ് ഏജൻസിയിൽ പാചകവാതകവിതരണം ഒരാഴ്ചയായി പ്രതിസന്ധിയിൽ. കൂലിവർധനയാവശ്യപ്പെട്ട് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തുന്ന സമരത്തെത്തുടർന്നാണ് വിതരണം നിലച്ചിരിക്കുന്നത്. സമരം കാരണം സിലിൻഡർ ആവശ്യത്തിന്
കിട്ടാത്തതിനെത്തുടർന്ന് സ്കൂളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, അങ്കണവാടികൾ തുടങ്ങിയ സ്ഥാപനങ്ങൾ വലിയ ദുരിതമാണ് നേരിടുന്നത്.
3500-ലധികം ഉപഭോക്താക്കളും സിലിൻഡറിനായി ആഴ്ചകളായി ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. തൊഴിലാളിസംഘടനകളുടെ ആവശ്യപ്രകാരം
ആറുമാസങ്ങൾക്കുമുമ്പ് കൂലിവർധന ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നടപ്പാക്കിയതാണെന്നും നിലവിൽ കേരളത്തിലെ മറ്റ് ഗ്യാസ് ഏജൻസികൾ നൽകുന്നതിനേക്കാൾ വലിയ തുക പ്രതിഫല ഇനത്തിൽ നൽകുന്നതായും ശ്രീ ഗ്യാസ് മാനേജ്മെൻറ് പത്രക്കുറിപ്പിൽ പറഞ്ഞു.
സിലിൻഡർ വിതരണം പ്രതിസന്ധിയിലായതിനെത്തുടർന്ന് സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് ലേബർ ഓഫീസർ വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞത് തൊഴിലാളികളുടെ വാശി കാരണമാണെന്നും ഇവർ പറയുന്നു.
അതേസമയം നിലവിൽ തൊഴിലാളികൾക്ക് നൽകിവരുന്ന കൂലി പകുതിയായി വെട്ടിക്കുറച്ചതാണ് സമരരംഗത്തിറങ്ങാൻ തൊഴിലാളിസംഘടനയെ പ്രേരിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. കൂലിവർധനയുമായി ബന്ധപ്പെട്ട് ഒട്ടേറെത്തവണ ചർച്ചയ്ക്ക് വിളിച്ചിട്ടും ഉടമ തയ്യാറായില്ലെന്നും ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. കുന്നുമ്മൽ ഏരിയ സെക്രട്ടറി സി.കെ. സതീശൻ പറഞ്ഞു.
Post a Comment