കൊവിഡ് 19; സ്ത്രീകള്‍ക്ക് കൂടുതല്‍ 'റിസ്‌ക്'- പഠനം പറയുന്നു - വായിക്കേണ്ട കുറിപ്പ്

കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ്  നാമിപ്പോഴും. രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതെച്ചൊല്ലിയുള്ള ആശങ്കയിലും കരുതലിലും തന്നെയാണ് നാം മുന്നോട്ടുപോകുന്നത്. രോഗത്തിനെതിരായി വാക്‌സിന്‍  എത്തിയെങ്കില്‍ പോലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.



കൊവിഡിന്റെ ആദ്യഘട്ടം മുതല്‍ക്ക് തന്നെ ഇത് ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച സൂചനകള്‍ വിദഗ്ധര്‍ നല്‍കിയിരുന്നു. പിന്നീടിങ്ങോട്ട് കൊവിഡാനന്തരം ആളുകളില്‍ നിലനില്‍നില്‍ക്കുന്ന ആരോഗ്യപരമായ വിഷമതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വന്നു. 

കൊവിഡ് അനുബന്ധമായി രോഗിയില്‍ കാണപ്പെടുന്ന പല ലക്ഷണങ്ങളും കൊവിഡിന് ശേഷം മാസങ്ങളോളം കണ്ടുവരുമെന്നും ഇതിനെ 'ലോംഗ് കൊവിഡ്' എന്ന് വിളിക്കാമെന്നും ഗവേഷകര്‍ അറിയിച്ചു. 'ലോംഗ് കൊവിഡ്' മിക്കവരിലും കൂടുതല്‍ ഗൗരവതരമായ അവസ്ഥയിലേക്ക് എത്താറില്ല. എന്നാല്‍ അത് നിത്യജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെ ദുസഹവുമാണ്. .

പ്രായമായവരിലാണെങ്കില്‍ 'ലോംഗ് കൊവിഡ്' പല തരത്തിലുള്ള ആരോഗ്യപ്രതിസന്ധിയിലേക്കും നയിക്കാം. ഹൃദയാഘാതം അടക്കമുള്ള ഗുരുതരമായ അവസ്ഥകളിലേക്കും ചിലരില്‍ 'ലോംഗ് കൊവിഡ്' എത്താറുണ്ട്. എന്തായാലും 'ലോംഗ് കൊവിഡു'മായി ബന്ധപ്പെട്ട് ഇപ്പോഴും പഠനങ്ങള്‍ നടന്നുവരിക തന്നെയാണ്. 

ഇപ്പോഴിതാ യുകെയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ 'ലോംഗ് കൊവിഡി'നെ കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. 'ദ ലാന്‍സെറ്റ് രെസ്പിരേറ്ററി മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ലീസെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

ഇവരുടെ പഠനപ്രകാരം 'ലോംഗ് കൊവിഡി'ല്‍ സ്ത്രീകള്‍ക്ക് അല്‍പം 'റിസ്‌ക്' ഉണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് 'ലോംഗ് കൊവിഡ്' ഏറെ നീണ്ടുനില്‍ക്കുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലാണ് കൂടുതലും 'ലോംഗ് കൊവിഡ്' പ്രകടമാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 26 ശതമാനം പേര്‍ മാത്രമാണ് അടുത്ത അഞ്ച് മാസത്തിനുള്ളില്‍ സുഖപ്പെടുന്നത്. 28.9 ശതമാനം പേരിലും അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും 'ലോംഗ് കൊവിഡ്' പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നു. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ 33 ശതമാനം 'ലോംഗ് കൊവിഡ്' സുഖപ്പെടുന്ന സാധ്യത കുറവാണെന്നത് പഠനം എടുത്തുപറയുന്നു. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും വെന്റിലേഷന്‍ അടക്കമുള്ള ഉപകരണങ്ങളുടെ സഹായം ആവശ്യമായി വരികയും ചെയ്തവര്‍, അതുപോലെ അമിതവണ്ണമുള്ളവര്‍ എന്നിവരിലാണ് 'ലോംഗ് കൊവിഡ്' നീണ്ടുനില്‍ക്കാന്‍ സാധ്യത കൂടുതലെന്നും പഠനം പറയുന്നു.

'ലോംഗ് കൊവിഡ്' പ്രശ്‌നങ്ങള്‍ കൃത്യമായി ചികിത്സിച്ച് ഭേദപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ അത് സങ്കീര്‍ണമായേക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ധര്‍ പറയുന്നു. നിത്യജീവിതത്തില്‍ കായികമായ ജോലികളെയടക്കം ഇത് പ്രതികൂലമായി ബാധിക്കാമെന്നും ഇത് ക്രമേണ മനസിനെയും ദോഷകരമായി ബാധിക്കാമെന്നും ഇവര്‍ പറയുന്നു. 

ശ്വാസതടസം, തളര്‍ച്ച, ശരീരവേദന, ഉറക്കമില്ലായ്മ, കൈകാല്‍ തളര്‍ച്ച തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും 'ലോംഗ് കൊവിഡി'ല്‍ ശാരീരികമായി കാണുന്ന ലക്ഷണങ്ങള്‍. ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങളും 'ലോംഗ് കൊവിഡി'ല്‍ കാണാം.


Post a Comment

Previous Post Next Post