തക്കാളിപ്പനി'യോ? എന്താണത്!, ലക്ഷണങ്ങളും കാരണങ്ങളും പരിചരണവും



സംസ്ഥാനത്ത് പലയിടങ്ങളിലും കുട്ടികളില്‍ ചിക്കന്‍ പോക്സിനോട് സമാനമായ മറ്റൊരു രോഗം റിപ്പര്‍ട്ട് ചെയ്തു വരികയാണ്.

തക്കാളിപ്പനിയെന്ന് വിളിപ്പേരിലാണ് ഇത് അറിയിരുന്നത്. പുതിയൊരു രോഗമല്ലെങ്കിലും 'തക്കാളിപ്പനി'യ്ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാസര്‍കോട് ഷിഗില്ല ബാക്ടീരിയ ബാധയുള്ള മാംസം കഴിച്ച കുട്ടി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു രോഗം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കേരളത്തില്‍ മാത്രം എണ്‍പതോളം കുട്ടികള്‍ക്ക് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഔദ്യോഗികമായി തക്കാളിപ്പനി എന്നൊരു പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുട്ടികളില്‍ കാണുന്ന രോഗാവസ്ഥയെ ഈ പേരിട്ട് വിളിക്കുന്നു എന്നു മാത്രം. കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഇത് ബാധിക്കും. 'തക്കാളിപ്പനി' പടരുന്നു എന്ന് കേള്‍ക്കുമ്ബോഴുള്ള പേടിയിലും ആശങ്കയിലുമാണ് ജനങ്ങള്‍. അറിയാം ഈ രോഗാവസ്ഥയെ കുറിച്ച്‌..

https://chat.whatsapp.com/BIz6RLeT5PQ3bJ68SgnlZR

*എന്താണ് തക്കാളിപ്പനി?*

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തില്‍ ചുണങ്ങുകള്‍ക്കും കുമിളകള്‍ക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാല്‍ ഇതിനെ 'തക്കാളിപ്പനി' എന്ന് വിളിക്കുന്നതാണ്. 'തക്കാളിപ്പനി' കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കില്‍ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികള്‍ക്ക് ഏറെ നാള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

ലക്ഷണങ്ങള്‍

പനി, ക്ഷീണം, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാല്‍ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കന്‍പോക്‌സ്‌ കൈവെള്ളയിലും കാല്‍വെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന കുമിളകള്‍ കാരണം കുഞ്ഞിന്‌ മരുന്നോ, വെള്ളം പോലുമോ ഇറക്കാന്‍ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അസ്വസ്ഥത, തടിപ്പ്, നിര്‍ജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകള്‍ പോലെ ചുവപ്പ് നിറത്തില്‍ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികള്‍ക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.

പകരുന്നതെങ്ങനെ...

രോഗമുള്ളവരില്‍ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. രോഗം വന്ന്‌ കഴിഞ്ഞാല്‍ കുഞ്ഞിന്റെ ലക്ഷണങ്ങള്‍ക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകള്‍, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകള്‍ക്ക്‌ ശേഷം ചിലപ്പോള്‍ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗം വന്ന്‌ കഴിഞ്ഞാല്‍ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്ബോള്‍ തേച്ചുരച്ച്‌ പൊള്ള പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂണ്‍ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തല്‍ക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ വിഷയം.

മുലയൂട്ടുന്ന കുഞ്ഞുങ്ങള്‍

മുലയൂട്ടുന്ന കുഞ്ഞാണെങ്കില്‍, വലിച്ച്‌ കുടിക്കാന്‍ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീല്‍ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാല്‍ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാല്‍ ആവശ്യത്തിന്‌ മാത്രം മേല്‍പ്പറഞ്ഞ രീതിയില്‍ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതില്‍ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാല്‍ ആറ്‌ മണിക്കൂര്‍ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂര്‍ വരെ ഫ്രിഡ്‌ജിലും വെക്കാം. ഈ പാല്‍ ഫ്രിഡ്ജില്‍ നിന്ന്‌ പുറത്തെടുത്ത്‌ നോര്‍മല്‍ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്‌.

പരിചരിക്കുമ്ബോള്‍ ശ്രദ്ധിക്കുക

കുഞ്ഞിനെ തൊടുന്നതിന്‌ മുന്‍പും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പല്‍, ഛര്‍ദ്ദില്‍ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതല്‍ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂര്‍ണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളില്‍ വിടരുത്‌. അവിടെയാകെ മൊത്തം രോഗം പടരാന്‍ നമ്മുടെ കുഞ്ഞ്‌ കാരണമാകും. ആശങ്കപ്പെടാന്‍ ഒന്നുമില്ല. എങ്കിലും, ഡോക്‌ടര്‍ രോഗം നിര്‍ണയിച്ച്‌ വീട്ടില്‍ പറഞ്ഞ്‌ വിട്ട ശേഷവും കുഞ്ഞ്‌ കടുത്ത അസ്വസ്ഥതകള്‍ കാണിക്കുന്നുവെങ്കില്‍ ഡോക്‌ടറെ വീണ്ടും ചെന്ന്‌ കാണിക്കുക. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരാന്‍ സാധ്യതയുള്ള രോഗവുമാണ്‌.

വിവരങ്ങള്‍: ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


Post a Comment

Previous Post Next Post