വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയുടെ മിനി മൂന്നാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് റാണിപുരം. കാലാവസ്ഥയും പ്രകൃതിസൗന്ദര്യവും ഏറെ അനുഗ്രഹിച്ചിട്ടും വിനോദസഞ്ചാര സാധ്യതകളുടെ കാല്‍ഭാഗം പോലും ഇതുവരെ പ്രയോജനപ്പെടുത്താനായിട്ടില്ലെന്നു മാത്രം.
90 കളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ് റാണിപുരത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതലായി മുഖ്യധാരയിലേക്കു വന്നത്. ബേക്കലിലെ തീരദേശ ടൂറിസത്തിന് അനുപൂരകമായി റാണിപുരത്തെ ഹൈറേഞ്ച് ടൂറിസത്തിന്റെ സാധ്യതകള്‍ വികസിപ്പിക്കാന്‍ കോടികളുടെ പദ്ധതികള്‍ മുന്നോട്ടു വയ്ക്കപ്പെട്ടു. അതില്‍ നടപ്പായത് വളരെ കുറച്ചു മാത്രമാണ്.
എന്നാല്‍ റാണിപുരത്തെ ഭൂമാഫിയകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റാന്‍ അതിലൂടെ വഴിയൊരുങ്ങി. മൂന്നാറിനെ അനുസ്മരിപ്പിക്കുന്നവിധം വ്യാജ ആധാരങ്ങളുടെയും കൈവശാവകാശ രേഖകളുടെയും കോടതി വ്യവഹാരങ്ങളുടെയും കുത്തൊഴുക്കായിരുന്നു പിന്നീട്.
ഏറ്റവുമൊടുവില്‍ കെടിഡിസി റിസോര്‍ട്ടിന് എതിര്‍വശം റാണിപുരം സെന്റ് മേരീസ് ദേവാലയത്തിന് ഉടമസ്ഥാവകാശമുള്ള സ്ഥലം കൈയേറി മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തോടെയാണ് റാണിപുരത്തെ വ്യാജ ആധാരങ്ങള്‍ വീണ്ടും ശ്രദ്ധയിലേക്കു വരുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് കൈവശാവകാശരേഖയുണ്ടെന്നാണ് മരം മുറിച്ചവരുടെ അവകാശവാദം. മുന്‍കാലങ്ങളില്‍ പള്ളിവകയായിരുന്ന സ്ഥലത്തു നിന്നുള്ള ആദായം പോലും ഇവര്‍ എടുക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
മലബാര്‍ ക്നാനായ കുടിയേറ്റവുമായി ബന്ധപ്പെട്ട് 1969 ല്‍ അന്നത്തെ ജന്മിയില് നിന്നും കോട്ടയം രൂപത വിലകൊടുത്തു വാങ്ങിയ 750 ഓളം ഏക്കര്‍ സ്ഥലം റാണിപുരത്തുണ്ട്. ബന്ധപ്പെട്ട ജന്മിയുടെ പേരില്‍ പാരമ്പര്യാവകാശമായി ഈ സ്ഥലങ്ങള്‍ ലഭിച്ചത് 1965 ലാണ്. എന്നാല്‍ അതിനും ഒരുവര്‍ഷം മുമ്പേ 1964 ല്‍ അദ്ദേഹം തങ്ങള്‍ക്ക് സ്ഥലം കൈമാറിയിരുന്നതായി കാണിക്കുന്ന രേഖകള്‍ വരെ കൈയേറ്റക്കാര്‍ എടുത്തുകാണിച്ചിട്ടുണ്ട്.
റാണിപുരത്തുനിന്ന് 50 കിലോമീറ്ററിലധികം അകലെയുള്ള ഗ്രാമത്തില്‍ നിന്നുള്ള സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ റിട്ട. അധ്യാപകന്റെയും പ്രമുഖ വസ്ത്രവ്യാപാരിയുടെയും അച്ഛന്മാരെ പോലും റാണിപുരത്തെ കുടിയാന്മാരായി കാണിച്ച് അവരുടെ പേരില്‍ കൈവശാവകാശ രേഖകളും വസ്തു കൈമാറ്റ രേഖകളും ഉണ്ടാക്കിയിട്ടുണ്ട്. വസ്തു കൈമാറ്റ രേഖയിലുള്ള ഒപ്പുകള്‍ തന്റെ അച്ഛന്റേതല്ലെന്ന് റിട്ട. അധ്യാപകന് തിരിച്ചറിഞ്ഞിരുന്നു.
ഇതുപോലെ വ്യാജ കുടിയാന്മാരെ സൃഷ്ടിച്ച് കൈവശാവകാശ രേഖകളും പിന്നീട് കൈമാറ്റ രേഖകളുമുണ്ടാക്കിയ സംഭവങ്ങള്‍ വേറെയുമുണ്ട്.
വലിയ വിദ്യാഭ്യാസവും നിയമപരിജ്ഞാനവുമില്ലാത്ത സാധാരണക്കാരുടെ പേരില്‍ രേഖകളുണ്ടാക്കി വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പോയി കൈമാറ്റരേഖകളില് ഒപ്പിട്ടത് മറ്റാളുകളാണെന്നും കണ്ടെത്തിയിരുന്നു. വനഭൂമിയുടെ പേരിലും നിരവധി വ്യാജ ആധാരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റാണിപുരത്തെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Post a Comment