കുറ്റ്യാടി :ലൈഫ് ഭവനപദ്ധതിയിൽ
വീടിന് ധനസഹായം കിട്ടുമെന്ന പ്രതീക്ഷയിൽ പഴയ വീട് പൊളിച്ചു മാറ്റി പ്ലാസ്റ്റിക് മേഞ്ഞ കൂരയിൽ കഴിയുന്ന കുടുംബം ദുരിതത്തിൽ. നരിപ്പറ്റ പഞ്ചായത്തിലെ 15-ാം വാർഡിൽ പെട്ട ചീക്കോന്നിലെ മൊട്ടേമ്മൽ പൊക്കനും കുടുംബമാണ് സർക്കാരിന്റെ ധനസഹായത്തിനു കാത്തിരിക്കുന്നത്. പെരുമഴയത്ത് ചോർന്നൊലിക്കുന്ന കൂരയിലാണ് പൊക്കനും (85), ഭാര്യ മന്ദി (75) മകൾ ലീല, മകളുടെ ഭർത്താവ് നാണു, പേര മകൾ നന്ദന എന്നിവർ കഴിയുന്നത്.
വലിയ കാറ്റടിച്ചാൽ കുടിൽ പാറിപ്പോകും. ഇപ്പോൾ മഴയത്ത് ചോർച്ചയുമുണ്ട്. ശക്തമായ മഴയിൽ കുട ചൂടി വേണം കുടിലിൽ ഇരിക്കാൻ. അടച്ചുറപ്പില്ലാത്ത കുടിലിൽ കഴിയുന്ന ഇവർ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുമില്ല. 8 വർഷം മുൻപാണ് മൺകട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ പൊക്കന്റെ വീട് ഒരു ഭാഗം വീണ് വീട് വാസയോഗ്യമല്ലാതെയായത്. പഞ്ചായത്ത് അധികൃതരുടെ നിർദേശ പ്രകാരം പഴയ വീട് പൊളിച്ച് ടാർപോളിൻ ഷീറ്റു കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിലേക്ക് താമസം മാറി എന്നിവർ പറയുന്നു. ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷ നൽകുകയും ചെയ്തു.
കയ്യിലുണ്ടായിരുന്ന പണം കൊണ്ട് തറ കെട്ടുകയും ചെയ്തു. 8 വർഷം പിന്നിട്ടിട്ടും ഇവർക്ക് സർക്കാർ സഹായം ലഭിച്ചില്ല. നാണു കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. പൊക്കനും ഭാര്യ മന്ദിയും നിത്യരോഗികളാണ് മരുന്നു വാങ്ങാൻ പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നിർധന കുടുംബം. ആകെയുള്ളത് 5 സെന്റ് സ്ഥലം മാത്രം. കലക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു.
Post a Comment