ശാന്തമായി
നീങ്ങുകയായിരുന്ന ജീവിതവഴിയിൽ ഓർക്കാപ്പുറത്ത് വന്നുവീണ
വിധിയുടെ ആഘാതത്തിൽ അക്ഷരാർഥത്തിൽ പകച്ചു നില്ക്കുകയായിരുന്നു കൊന്നക്കാട് അശോകച്ചാലിലെ പ്ലാവുവെച്ചതിൽ ജോജോ എന്ന പി.എം.ജോമോൻ.
ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് വാർഡിൽ അക്ഷയ കേന്ദ്രം നടത്തി വീട്ടുകാര്യങ്ങളും നാട്ടുകാർക്ക് സേവനവുമായി ജീവിക്കുന്നതിനിടയിലാണ്
പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങൾ
കണ്ടുതുടങ്ങിയത്. അതിന് മരുന്നു
കഴിക്കുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു. വിശദമായി പരിശോധന നടത്തിയപ്പോൾ വൃക്കകളുടെ പ്രവർത്തനത്തിനും തകരാറുണ്ടെന്നാണ് കണ്ടെത്തിയത്. പിന്നെ അതിന്റെ ചികിത്സയും ചെലവുകളുമായിരുന്നു.
ആശുപത്രികൾ മാറിമാറി ചികിത്സ നടത്തിയിട്ടും ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതേയുള്ളൂ. ഭാര്യയും സ്കൂൾ വിദ്യാർഥികളായ മൂന്നു മക്കളും നാലുവയസുള്ള കുഞ്ഞും
അടങ്ങുന്ന കുടുംബം ചികിത്സാച്ചെലവുകൾക്കു മുന്നിൽ പകച്ചുനിന്നു. അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള വരുമാനം ചികിത്സയ്ക്ക് മതിയാകാതായി. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തേണ്ടിവരുന്ന അവസ്ഥയിൽ ഒടുവിൽ അക്ഷയ കേന്ദ്രം തന്നെ വിൽക്കേണ്ടിവന്നു. അങ്ങനെ
കിട്ടിയ പണവും ഇതുവരെയുള്ള സമ്പാദ്യങ്ങളും ചേർത്ത് പത്തുലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചിട്ടും ഫലമുണ്ടായില്ല.
പിന്നീട് കൊന്നക്കാട് സെന്റ് മേരീസ് ദേവാലയ വികാരി ഫാ.ജോബിൻ ജോർജ്
ചെയർമാനും ബളാൽ പഞ്ചായത്തംഗം ബിൻസി ജെയിൻ കൺവീനറും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.ടി.ബേബി ട്രഷററുമായി ചികിസാ സഹായ കമ്മിറ്റി രൂപീകരിച്ച് കിട്ടാവുന്ന സഹായങ്ങളെല്ലാം എത്തിച്ചുനല്കി. പക്ഷേ അടിയന്തരമായി വൃക്ക മാറ്റിവയ്ക്കുകയല്ലാതെ ജോജോയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ മറ്റു വഴികളില്ലെന്നായിരുന്നു ഡോക്ടർമാരുടെ തീർപ്പ്.
ഭാര്യ ഷൈന തന്നെ വൃക്ക ദാനം ചെയ്യാൻ തയാറായെങ്കിലും അത് യോജിക്കില്ലെന്നു കണ്ടെത്തിയത് വീണ്ടും തിരിച്ചടിയായി. പിന്നെയും ഒന്നു രണ്ടുപേർ വൃക്കദാനത്തിന് തയാറായി വന്നെങ്കിലും അവരുടെ കാര്യത്തിലും എല്ലാ ഘടകങ്ങളും യോജിചില്ല.
ദൈവം വിളിച്ചപേക്ഷിക്കുന്നവർക്കായി മാലാഖമാരെ നേരിട്ട് അയക്കും എന്ന് പറയുന്നതുപോലെ ഒരു ദിവസം യുവാവായ ഒരു പുരോഹിതൻ
ജോജോയെ തേടിയെത്തി.
കള്ളാർ ഉണ്ണിമിശിഹാ ദേവാലയത്തിലെ വികാരി വക്കച്ചനെന്നു വിളിക്കുന്ന
ഫാ.ജോർജ് പഴേപറമ്പിൽ ആയിരുന്നു അത്.
ജോജോയ്ക്ക്അ നുയോജ്യമായ വൃക്ക ലഭിക്കുന്നതിനായി ഫാ.ജോബിന്റെ നേതൃത്വത്തിൽ വ്യാപകമായ അന്വേഷണങ്ങൾ നടക്കുന്നതിനിടെ ചീക്കാട് ഇടവക വികാരിയായിരുന്ന ഫാ.സനൽ അച്ചാണ്ടിയിൽ നിന്നുമാണ്
ജോജോയുടെ കഥ ഫാ. വക്കച്ചൻ കേട്ടറിഞ്ഞത്.
ജോജോയ്ക്ക് ആവശ്യമുള്ളത്
പോസിറ്റീവ് വൃക്കയാണെന്നു കേട്ടപ്പോൾ
താനും ഒ പോസിറ്റിവാണെന്നും വൃക്കദാനം ചെയ്യാൻ തയാറാണെന്നും ഫാ വക്കച്ചൻ സനലച്ചനെയും ജോബിനച്ചനെയും
അറിയിച്ചു.
പെട്ടെന്നൊരാവേശത്തിന് കയറി പറയുന്നതല്ലെന്നും തന്നെക്കുറിച്ച് ദൈവത്തിന് ഇങ്ങനെയൊരു പദ്ധതിയുള്ളതുകൊണ്ടാണ് തന്നെ ഇവിടെയെത്തിച്ചതെന്നും ഫാ. വക്കച്ചൻ പറഞ്ഞു. ആ ഉത്തമബോധ്യം ആദ്യമേ മനസിലുണ്ടായി എന്നും സമർപ്പണത്തിലൂന്നിയ സേവനത്തിലൂടെ മാതൃക സൃഷ്ടിക്കേണ്ടവരാണ് പുരോഹിതരെന്ന് ഉറച്ച വിശ്വാസവും ദൈവവിളി ലഭിച്ച കാലം മുതൽ മനസിലുണ്ടായിരുന്നതായും വക്കച്ചൻ പറഞ്ഞു.
ഫാ.വക്കച്ചൻ തന്റെ തീരുമാനമറിയിച്ചതോടെ കളമശേരി രാജഗിരി ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു
ള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതു
വരെയുള്ള എല്ലാ പരിശോധനകളിലും അച്ചന്റെ വൃക്ക ജോജോയുടെ ശരീരവുമായി യോജിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇനി ഒരു കോസ് മാച്ചിംഗ് പരിശോധന മാത്രമേ ബാക്കിയുള്ളൂ. അതുകൂടി
വിജയിച്ചാൽ വരുന്ന 28 ന് ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാരുടെ തീരുമാനം.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തനിക്ക് വേണ്ടിവരുന്ന ചെലവുകളൊന്നും ജോജോയുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് എടുക്കേണ്ടതില്ലെന്ന തീരുമാനവും ഫാ വക്കച്ചൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ആ ചെലവുകൾ അച്ചനും കുടുംബാംഗങ്ങളും ചേർന്ന് വഹിക്കാനാണ് തീരുമാനം.
ശസ്ത്രക്രിയയ്ക്കു ശേഷം 10 ദിവസം
ആശുപത്രിയിൽ കഴിയേണ്ടിവരും. തുടർന്ന് മൂന്നുമാസം അടുത്തുള്ള വൈദികമന്ദിരത്തിലും വീട്ടിലുമായി വിശ്രമത്തിനു ശേഷം ഫാ.വക്കച്ചൻ കള്ളാർ ഇടവകയിലെ
സേവനപ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തും.
ചികിത്സാസഹായ ഫണ്ടിൽ അവശേഷിക്കുന്ന തുക ജോജോയുടെയും കുടുംബത്തിന്റെയും തുടർജീവിതത്തിന് ഉപകരിക്കും.
കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ ഫാ.വക്കച്ചൻ നിലവിൽ കള്ളാർ ഇടവകയ്ക്കൊപ്പം കനിലടുക്കം പള്ളിയുടെ ചുമതലയും വഹിക്കുന്നുണ്ട്. നേരത്തെ പനത്തടി, മണിക്കടവ്, ഉദയഗിരി ദേവാലയങ്ങളിൽ സഹവികാരിയായും, വലിയ അരീക്കമലയിൽ വികാരിയായും, കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ അസി.
ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.
Post a Comment