മഴക്കാലമെത്തിയതോടെ പനി കേസുകള്‍ വര്‍ധിച്ച സാഹചര്യമാണ് ഏതാനും നാളുകളായി കേരളത്തില്‍ കാണുന്നത്. ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 എന്നിങ്ങനെ വിവിധ തരം പനികളാണ് കൂടുതലും കാണുന്നത്.
ഏത് പനിയായാലും അതിന് തീര്‍ച്ചയായും അതിന്‍റേതായ ഗൗരവമുണ്ട്. എങ്കിലും എലിപ്പനി ഇക്കൂട്ടത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന പനിയാണ്. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ആണ് എലിപ്പനിയുണ്ടാക്കുന്നത്.
എലികള്‍, കാലികള്‍, പട്ടികള്‍ എന്നിങ്ങനെയുള്ള മൃഗങ്ങളെയെല്ലാം ഈ ബാക്ടീരിയ ആക്രമിക്കാം. ഇത്തരത്തില്‍ രോഗബാധയേറ്റ മൃഗങ്ങളുടെ മൂത്രമോ മലമോ അല്ലെങ്കില്‍ ശരീരസ്രവങ്ങളോ എല്ലാം വെള്ളത്തിലോ മണ്ണിലോ കലരുകയും അതിലൂടെ രോഗാണുക്കള്‍ പല മാര്‍ഗങ്ങളിലൂടെയും മനുഷ്യശരീരത്തിലെത്തുകയും ചെയ്യുമ്പോഴാണ് എലിപ്പനി പടരുന്നത്. എലിപ്പനി പടരുന്നത് തടയാൻ ഇത്തരം കാര്യങ്ങളില്‍ തന്നെയാണ് ശ്രദ്ധ വേണ്ടത്. അങ്ങനെയെങ്കില്‍ എലിപ്പനിയെ പ്രതിരോധിക്കാൻ നാം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഒന്ന് നോക്കാം.
എലിപ്പനിയെ പ്രതിരോധിക്കാൻ...
രോഗബാധയേറ്റ മൃഗങ്ങളുടെ മൂത്രമോ മലമോ ശരീരസ്രവങ്ങളോ മണ്ണിലോ വെള്ളത്തിലോ കലര്‍ന്ന് ഇത് എങ്ങനെയു മനുഷ്യശരീരത്തിലെത്തുമ്പോഴാണല്ലോ രോഗം മനുഷ്യരിലേക്കും എത്തുന്നത്. അപ്പോള്‍ മണ്ണി- വെള്ളം എന്നിവയുമായെല്ലാമുള്ള സമ്പര്‍ക്കത്തിലാണ് നാം ഏറെ ജാഗ്രത പുലര്‍ത്തേണ്ടത്.
മഴക്കാലത്ത് കലങ്ങി, മലിനമായ ജലാശയങ്ങളില്‍- പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന കുളങ്ങള്‍ - പുഴയുടെ വശങ്ങള്‍ പോലെയുള്ള ഭാഗങ്ങളില്‍ ഇറങ്ങാതിരിക്കാം. കാരണം ഇവയിലൂടെയെല്ലാം രോഗാണുക്കള്‍ ശരീരത്തിലെത്താം.
വെള്ളക്കെട്ടിലോ പ്രളയം പോലുള്ള പ്രശ്നങ്ങളുണ്ടായ പ്രദേശത്തോ നില്‍ക്കേണ്ടിയോ അധികസമയം ചെലവിടേണ്ടിയോ വന്നാല്‍ കാലില്‍ മണ്ണോ വെള്ളമോ പറ്റാതിരിക്കാനുള്ള ബൂട്ട്, കയ്യില്‍ ഗ്ലൗസ് എന്നിവ അണിയാം. ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൈകാലുകളില്‍ ചെറിയ മുറിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഇതും വച്ച് തീരെയും ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതിരിക്കാനാണ്. മുറിവുകളിലൂടെ അതിവേഗം രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലെത്തുമെന്നതിനാലാണിത്.
മഴക്കാലത്ത് കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണ-പാനീയങ്ങളൊഴിവാക്കണം. കാരണം മലിനമായ വെള്ളവും, മലിനമായ വെള്ളമുപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളുമെല്ലാം രോഗഭീഷണി ഉയര്‍ത്തുന്നതാണ്.
അതുപോലെ നമ്മള്‍ താമസിക്കുകയും പെരുമാറുകയും ചെയ്യുന്ന പരിസരങ്ങള്‍ ശുചിയാക്കി സൂക്ഷിക്കുക. വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ അവയെയും ശുചിയാക്കണം. അവയുടെ ആരോഗ്യസുരക്ഷയും ഉറപ്പാക്കുക. വാക്സിനുകള്‍ കൃത്യമായി എടുപ്പിക്കുക.
ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ വലിയൊരു പരിധി വരെ എലിപ്പനിയെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.
Post a Comment