ആര്‍ത്തവവിരാമ കാലത്തെ അസ്വസ്ഥതകള്‍ ഒഴിവാക്കാനുള്ള ആയുര്‍വേദ വഴികള്‍


ആർത്തവ വിരാമം (Menopause) എന്നത് ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ 35 വയസ്സിനുശേഷം തന്നെ ചില സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നു. തെറ്റായ ജീവിതശൈലിയും അമിതമായ മാനസികസമ്മർദ്ദവും ആണ് ഇതിന്റെ മൂലകാരണം.

ശരീരത്തിലെ മാറ്റങ്ങൾ

ആർത്തവ വിരാമം ഉണ്ടായ സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമത ഇല്ലാതാകുന്നു. കൗമാര പ്രായത്തോടെ സ്ത്രീകൾ മാസംതോറും ഒരു അണ്ഡം ഉത്പാദിപ്പിക്കുകയും അത് പ്രജനനം നടക്കാത്തപക്ഷം ആർത്തവം അഥവാ മാസമുറ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ്സ് എത്തുന്നതു വരെ അണ്ഡോത്പാദനം തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. അതോടെ ആർത്തവത്തിന്റെ ആവശ്യമില്ലാതെ വരുകയും ചെയ്യുന്നു. ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, കോപം, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത, യോനീവരൾച്ച, യോനിയിൽ അണുബാധ, ലൈംഗിക ബന്ധത്തിൽ വേദന തുടങ്ങിയവ അവയിൽ ചിലത് മാത്രം. എന്നാൽ എല്ലാവരിലും ഇവ ഉണ്ടാകണമെന്നില്ല. പോഷകാഹാരവും ചിട്ടയായ വ്യായാമവും ഈ ഘട്ടത്തിൽ അനിവാര്യമാണ്. പ്രത്യേകിച്ച് കാൽസ്യം, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം വറുത്തതും പൊരിച്ചതും ഒഴിവാക്കുകയും വേണം.

ശാസ്ത്രീയമായി, ആർത്തവ വിരാമത്തെ ഒരു വർഷത്തിൽ കൂടുതൽ സമയം ആർത്തവം ഇല്ലാത്ത അവസ്ഥ എന്ന് പറയാം. ഒരു സ്ത്രീ പ്രായപൂർത്തിയാവുന്നതോടെ അവളുടെ പ്രത്യുത്പാദന അവയവങ്ങൾ പൂർണ വളർച്ചയെത്തുന്നു. അതോടെ അവൾ ഗർഭധാരണത്തിന് സജ്ജയായി എന്ന് പറയാം. ഇതിന് സഹായിക്കുന്നത് ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകൾ ആണ്. ഈസ്ട്രജൻ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും മാസത്തിൽ (28 ദിവസം) ഒരു അണ്ഡം എന്ന തോതിൽ ഉത്പാദിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു

എല്ലാമാസവും ഗർഭധാരണം പ്രതീക്ഷിച്ചുകൊണ്ട് സ്ത്രീയുടെ ഗർഭാശയവും സജ്ജമാക്കപ്പെടുന്നു. രക്തക്കുഴലുകൾ വികസിച്ച് വലുതായി അണ്ഡത്തെ സ്വീകരിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഗർഭധാരണം നടക്കാത്ത പക്ഷം അണ്ഡോത്പാദനം കഴിഞ്ഞ് പതിനാലു ദിവസത്തിനകം ഗർഭാശയം പൂർവസ്ഥിതിയിലേക്ക് തിരിച്ചു പോകുന്നു. അപ്പോൾ വികസിച്ച രക്തക്കുഴലുകളും കോശങ്ങളും നശിച്ച് രക്തസ്രാവമായി പുറത്തു പോകുന്നു. ഇതാണ് ആർത്തവം. ഇത് ദിവസങ്ങളോളം നീണ്ടു നിൽക്കാം. പല സ്ത്രീകളിലും ആർത്തവം ക്രമമാവാറില്ല

ആരോഗ്യം ആർത്തവവിരാമശേഷം

ആർത്തവം നടക്കുന്നു എന്നതിനർഥം അവൾ പ്രത്യുത്പാദന ശക്തിയുള്ളവളാണ് എന്നാണ്. ആർത്തവവിരാമം വാർധക്യത്തിന്റെ ലക്ഷണമാണ് എന്ന പലരുടെയും ധാരണ ശരിയല്ല. അനേകം സ്ത്രീകൾ തങ്ങളുടെ യൗവനവും സൗന്ദര്യവും ആർത്തവവിരാമത്തിന് ശേഷവും നിലനിർത്താറുണ്ട്.

ആർത്തവ വിരാമത്തോട് അടുക്കാറായ സ്ത്രീകളിൽ ഈസ്ട്രജൻ പ്രവർത്തനം നിർത്തുകയും അണ്ഡോത്പാദനം മുടങ്ങുകയും ചെയ്യുന്നു. ഇതോടെ ആർത്തവവിരാമം ഉണ്ടാകുന്നു. അണ്ഡാശയം ആണ് ഈസ്ട്രജൻ ഉത്്പാദനത്തിന്റെ പ്രധാന കേന്ദ്രം

ചില സ്ത്രീകളിൽ അനേകവർഷം തുടർച്ചയായി, സാധാരണ ഗതിയിൽ ആർത്തവം ആയതിനുശേഷം പൊടുന്നനെ നിലയ്ക്കുന്നു. ഗർഭധാരണം നടന്നതാണെന്ന് തോന്നുംവിധത്തിൽ ഇപ്രകാരം ആർത്തവം നിൽക്കുമ്പോൾ ഗർഭം ധരിച്ചതാണെന്നോ, അല്ലയോ എന്നറിയാനും മറ്റുമായി സംശയം ഉണ്ടാവാം. എന്നാൽ ചില സ്ത്രീകൾക്ക് കൃത്യമായി ആർത്തവം ഉണ്ടാകുന്നു. പക്ഷേ ആർത്തവങ്ങൾക്കിടയിലുള്ള കാലം ക്രമേണ കൂടി വരുകയും, രക്തത്തിന്റെ അളവിൽ ക്രമാനുസ്രതമായ കുറവ് വന്ന് ഒടുവിൽ രക്തസ്രാവമുണ്ടാകാതിരിക്കുകയും ചെയ്യുന്നു

മൂന്നാമതൊരു വിഭാഗം സ്ത്രീകൾക്ക് കൃത്യമായി ആർത്തവമുണ്ടാവുകയും പിന്നീട് ആർത്തവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം കൂടിക്കൂടിവരുന്നതോടൊപ്പം, പോകുന്ന രക്തത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്ന്, ഒടുവിൽ ആർത്തവം നിലക്കുകയും ചെയ്യുന്നു. എന്നാൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞതിനു ശേഷം വീണ്ടും അവർക്ക് ആർത്തവമുണ്ടാകുന്നു. പിന്നീട് കാലദൈർഘ്യം കൂടിക്കൂടി വരുകയും രക്തം പോക്കിന്റെ അളവിൽ കുറവുണ്ടാവുകയും ചെയ്യുന്നു. ഒടുവിൽ അവർക്കും ആർത്തവം പൂർണമായി നിന്നു പോകുന്നു.

മൂന്നു വിഭാഗത്തിൽപെട്ടവരിലും പൊതുവേ കാണുന്ന കാര്യം രക്തത്തിന്റെ അളവിലുള്ള കുറവും ആർത്തവങ്ങൾക്കിടയിലുള്ള കാലദൈഘ്യവുമാണ്. എന്നാൽ ഈ മൂന്നു ആർത്തവ രീതികളിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും ഒരു പ്രത്യേക ആർത്തവക്രമം ഉണ്ടാകുന്ന പക്ഷം അത് അസാധാരണമായി കണക്കാക്കി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എന്നാൽ അത്തരം മിക്ക ലക്ഷണങ്ങളിലും യാതൊരു അസാധാരണത്വവും ഉണ്ടാകണമെന്നില്ല. എന്നാൽ വളരെ വലിയ അളവിൽ രക്തസ്രാവവും, അത് നിരവധി ദിനങ്ങൾ നീണ്ടുനിൽക്കുകയും (രക്തംപുരണ്ട ദ്രവം പോകുന്ന അവസ്ഥ ഇടയ്ക്കിടക്ക് ഉണ്ടാവുന്നത്) ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്.

ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണങ്ങൾ

ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുക, അമിതമായി വിയർക്കുക.

എല്ലുകളുടെ ബലക്ഷയം, പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ, ഉത്കണ്ഠ,വിഷാദം, ദേഷ്യം, ഉറക്കമില്ലായ്മ. അസ്ഥികളുടെ ബലക്ഷയം മൂലം ചെറിയ വീഴ്ച പോലും എല്ലുകൾ പൊട്ടുന്നതിന് കാരണമാകുന്നു.

ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുകയും അതുമൂലം തൊലിപ്പുറമേ വരൾച്ചയും ഇരുണ്ട അടയാളങ്ങളും കാണുന്നു.

ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളിൽ പെട്ടെന്നുണ്ടായ മാറ്റവും മൂലം മാനസിക പിരിമുറുക്കം വർധിക്കുന്നു. പഠനത്തിനും ജോലി ആവശ്യത്തിനുമായുള്ള മക്കളുടെ താത്കാലിക വേർപാട്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ, ലൈംഗികതയോടുള്ള താത്പര്യക്കുറവ്, ജോലി സ്ഥലത്തെ അസ്വസ്ഥതകൾ എന്നിവയെല്ലാം ഒറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടാക്കുന്നു.

 പ്രതിവിധികൾ

ഹോർമോൺ വ്യതിയാനം മൂലം ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും അമിതമായ ചൂടും വിയർപ്പും കുറയ്ക്കുന്നതിന് ശീത വീര്യത്തോടു കൂടിയ ഔഷധങ്ങളും ആഹാരവും സേവിക്കാവുന്നതാണ്. രാമച്ചം ഇട്ടുവെച്ചവെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.

വ്യായാമം പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. രാവിലെയോ വൈകുന്നേരമോ ഉള്ള നടത്തം രക്തചംക്രമണം വർധിപ്പിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. പ്രിയപ്പെട്ടവരോട് ധാരാളം സംസാരിക്കുക, നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക.

ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. യോഗ, ധ്യാനം എന്നിവ ശീലിക്കാവുന്നതാണ്. പ്രകൃതിരമണീയമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും മനസ്സിന് ഇഷ്ടമുള്ള സംഗീതം ആസ്വദിക്കുന്നതും ഒക്കെ മാനസികസമ്മർദം ഒഴിവാക്കാൻ സഹായിക്കും.

സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ശതാവരി, സോയാബീൻ ഉത്പന്നങ്ങൾ, കാച്ചിൽ, ചേമ്പ്, ചണവിത്ത് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ആയുർവേദ മാർഗങ്ങൾ

വാത-പിത്ത-കഫ ദോഷങ്ങളുടെ പ്രകോപങ്ങൾ ആർത്തവവിരാമത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും ഇത്തരം പ്രകൃതക്കാരിൽ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. വാത പ്രകൃതി ഉള്ളവരിൽ വിഷാദം, ഉത്ക്കണ്ഠ, ഉറക്കക്കുറവ് എന്നിവ കാണുന്നു. പിത്തപ്രകൃതി ഉള്ളവരിൽ ശരീരത്തിന് ചൂടും, ദേഷ്യവും കൂടുതലായി കാണുന്നു. കഫ പ്രകൃതക്കാരിൽ ശരീരഭാരം വർധിക്കുകയും ശരീരത്തിനും മനസ്സിനും മന്ദതയുണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആർത്തവ വിരാമത്തിനുള്ള ചികിത്സ വ്യക്തിയുടെ പ്രകൃതിയെയും ദോഷ വൈഷമ്യത്തെയും ആശ്രയിച്ചിരിക്കും.

ഭക്ഷണവും ചികിത്സയും

ഭക്ഷണകാര്യത്തിൽ സമയനിഷ്ഠ പാലിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉചിതം.

ധന്വന്തരം, നാല്പാമരാദി തൈലങ്ങൾ ശരീരത്തിൽ പുരട്ടി ഇളംചൂടുവെള്ളത്തിൽ രണ്ടുനേരം കുളിക്കാം.

തൊലിപ്പുറമെ ഉണ്ടാകുന്ന വരൾച്ച മാറുവാൻ നാൽപാമരാദിതൈലം തേക്കുന്നത് നല്ലതാണ്.

മുഖസൗന്ദര്യത്തിന് രക്തചന്ദനം,കസ്തൂരി മഞ്ഞൾ തുടങ്ങിയ മരുന്നുകൾ പാൽപ്പാടയോ വെണ്ണയോ ചേർത്ത് പുരട്ടുന്നത് നല്ലതാണ്.

ധന്വന്തരം തൈലം പരുത്തിയിൽ മുക്കി യോനിമുഖത്ത് അര മണിക്കൂർ വയ്ക്കുന്നത് യോനി വരൾച്ച തടയാൻ സഹായിക്കും.

ആർത്തവവിരാമം ഭാരിച്ച ഒരു കാര്യം ആയി കാണേണ്ടതില്ല. ചെറിയ ചെറിയ ലക്ഷണങ്ങൾക്ക് പരിഹാരം തേടി ജീവിതം മുന്നോട്ടു കൊണ്ടുപോയാൽ മുമ്പത്തേക്കാളും ചുറുചുറുക്കോടെ ജീവിക്കാൻ കഴിയും.

Post a Comment

Previous Post Next Post