കൃഷി അടിമുടി ഹൈടെക്; ആറാം വയസ്സിൽ കണ്ട സ്വ‌പ്നം കൈപ്പിടിയിൽ - കർഷകശ്രീ ജേതാവ് പി.ബി.അനീഷിൻ്റെ വിജയരഹസ്യം കൃത്യമായ ആസൂത്രണം 🔰⭕Agriculture



താബോർ കർഷകശ്രീ കിട്ടിയ കർഷകനെക്കുറിച്ചുള്ള വാർത്ത മലയാള മനോരമയിൽ ആദ്യമായി പി.ബി.അനീഷ് കാണുന്നത് ആറു വയസ്സുള്ളപ്പോഴാണ്. അന്നു വായിക്കാൻ അറിയില്ലായിരുന്നു. അനീഷ് നിർബന്ധം പിടിച്ചപ്പോൾ ബന്ധുക്കളിൽ ഒരാളാണ് വാർത്ത വായിച്ചു കൊടുത്തത്. ഇത് നമുക്കും കിട്ടുമോ എന്നായിരുന്നു അന്ന് ചോദിച്ച ചോദ്യമെന്ന് അനീഷ് പറയുന്നു.

എന്നാൽ പിന്നീട് ഓരോ കർഷകശ്രീ പ്രഖ്യാപനങ്ങളും അനീഷ് കാത്തിരുന്നു വായിച്ചു. 2030ൽ കർഷകശ്രീ നേടണമെന്ന ലക്ഷ്യം മനസ്സിൽ കുറിച്ചിരുന്നു. എന്നാൽ ആറു വർഷം മുൻപേ പുരസ്കാരം കയ്യിലെത്തുമ്പോൾ അനീഷ് അമിതമായി ആഹ്ലാദിക്കുന്നില്ല, അതിനും മുകളിലേക്ക് തന്റെ സ്വ‌പ്നങ്ങൾ പടർത്തുകയാണ്.

കൃഷി അടിമുടി ഹൈടെക്

സ്വന്തമായി രണ്ടു കാലാവസ്ഥാ കേന്ദ്രങ്ങൾ, വീട്ടുപറമ്പിലും പാട്ടത്തിനെടുത്ത കൃഷി ഭൂമിയിലുമായി 72 ക്യാമറകൾ, നനയ്ക്കാൻ കിലോമീറ്ററുകൾ നീണ്ട പൈപ്പ് ലൈനുകൾ, മണ്ണിലെ ജലാംശവും വളക്കൂറും അളന്ന് മൊബൈലിൽ വിവരം നൽകുന്ന അത്യാധുനിക സെൻസറുകൾ, മത്സ്യങ്ങൾക്ക് ആവശ്യാനുസരണം തീറ്റ നൽകാനുള്ള യന്ത്രസംവിധാനം, ടാങ്കുകളിലും കുളങ്ങളിലും വെള്ളത്തിന്റെ അളവ് കുറയാതെ നോക്കാനുള്ള സംവിധാനം, വന്യജീവി സാന്നിധ്യം മനസ്സിലാക്കാൻ മോഷൻ സെൻസർ.. അങ്ങനെ അടിമുടി ഹൈടെക് ആണ് അനീഷിന്റെ കൃഷിയിടം... വാർഷിക വരുമാനത്തിന്റെ 25 ശതമാനവും സാങ്കേതിക വിദ്യകൾ കൊണ്ടുവരാനായാണ് ഉപയോഗിക്കുന്നതെന്ന് അനീഷ്.

പഴവർഗങ്ങൾ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയതോടെ മരങ്ങളിൽ ഉപയോഗിക്കാവുന്ന സെൻസറുകൾക്ക് ഇസ്രയേലിൽ നിന്ന് ഓർഡർ നൽകി കാത്തിരിക്കുകയാണ്. ഒരു കാലത്ത് പ്ലമിങ് ജോലി ചെയ്തിരുന്ന കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ രൂപം നൽകിയ ഡീപ് ഫ്ലോ ടെക്നോളജീസ് എന്ന സ്‌റ്റാർട്ടപ്പാണ് അനീഷിന് സാങ്കേതിക സഹായം നൽകുന്നത്

രണ്ടു വർഷം മുൻപുവരെ പുലർച്ചെ മൂന്നു മണിക്ക് ഉണർന്ന് നനയ്ക്കാൻ തുടങ്ങിയിരുന്നു. മണ്ണിൽ സെൻസറുകൾ ഘടിപ്പിച്ചതോടെ ജലാംശം കുറയുമ്പോൾ മോട്ടറുകൾ സ്വയം പ്രവർത്തിച്ച് നനവ് ഉറപ്പാക്കും. എവിടെയെങ്കിലും സാങ്കേതിക തടസ്സമുണ്ടെങ്കിൽ അക്കാര്യം മൊബൈലിൽ അറിയാം. അത്ര ആയാസരഹിതമായിക്കഴിഞ്ഞു കൃഷി രീതിയെന്ന് അനീഷ്.

Post a Comment

Previous Post Next Post