മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ പുതിയ നാഥൻ; മേജർ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു 🌟✨



സീറോ മലബാർ സഭയുടെ നിയുക്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് മലയോരം ന്യൂസ്‌ കുടുംബത്തിന്റെ ഹൃദയംനിറഞ്ഞ ആശംസകൾ🌟💫


സ്‌ഥാനമൊഴിഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തു.

സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് തൃശൂർ രൂപതാംഗമായ മാർ റാഫേൽ തട്ടിൽ. തൃശൂർ രൂപതയുടെ സഹായ മെത്രാനുമായിരുന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.


പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മേജർ ആർച്ച് ബിഷപ്പാകുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഉജ്‌ജയിൻ രൂപതയുടെ ബിഷപ്പും പാല വിളക്കുമാടം സ്വദേശിയുമായ മാർ സെബാസ്‌റ്റ്യൻ വടക്കേലിന്റെ പേരും ചർച്ചകളിൽ നിറഞ്ഞു. ഒടുവിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു മാർ റാഫേൽ തട്ടിലിൻ്റെ പേര് പ്രഖ്യാപിച്ചത്.

സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു.


മാർപാപ്പ അനുമതി നൽകിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു.

മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്‌മിനിസ്‌ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു.


അതേസമയം, സ്‌ഥാനാരോഹണം എന്ന് ഉണ്ടാകുമെന്നതിൽ വ്യക്‌തതയില്ല. സഭാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണു സ്ഥാനാരോഹണം നടക്കേണ്ടത്.

ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കീഴ്വഴക്കം പാലിക്കുമോ അതോ പുതിയ തീരുമാനങ്ങൾ ഉണ്ടാവുമോ എന്നും വിശ്വാസികൾ ഉറ്റുനോക്കുന്നു.


തിരഞ്ഞെടുപ്പ് ഇങ്ങനെ❗

65 മെത്രാൻമാർ സിനഡിൽ അംഗമാണെങ്കിലും അതിൽ 80 വയസ്സിനു താഴെയുള്ളവർക്കാണ് വോട്ടവകാശം. ഇവർ 53 പേരാണ് ഉണ്ടായിരുന്നത്. സ്വയം സ്ഥാനാർഥി പ്രഖ്യാപനമോ പേരു നിർദേശമോ മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പിൽ ഇല്ല.

യോഗ്യരെന്നു കരുതുന്നവർക്കു മെത്രാൻമാർ വോട്ടു ചെയ്യും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ വിജയിക്കും എന്നതായിരുന്നു ചട്ടം.

അതല്ലെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വരെ വോട്ടെടുപ്പു തുടരണം. ഇങ്ങനെ 5 വട്ടം വോട്ടെടുപ്പു നടത്തിയിട്ടും ഭൂരിപക്ഷം ഒത്തില്ലെങ്കിൽ ആറാമത്തെയും ഏഴാമത്തെയും വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം മാത്രം മതി.

ഏഴാമത്തെ വോട്ടെടുപ്പിലും ആർക്കും കേവല ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ, ആ വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച രണ്ടുപേർ മാത്രം എട്ടാമത്തെ വോട്ടെടുപ്പിൽ മത്സരിക്കും.

അതിൽ കൂടുതൽ വോട്ടുനേടുന്നയാൾ ജയിക്കും. തിരഞ്ഞെടുക്കപ്പെടുന്നയാൾ മേജർ ആർച്ച് ബിഷപ് ആകാൻ 2 ദിവസത്തിനകം സമ്മതം അറിയിക്കണം. അതല്ലെങ്കിൽ തിരഞ്ഞെടുപ്പു റദ്ദാകും.

▪️➖➖➖➖➖➖➖▪️
         𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
   

Post a Comment

Previous Post Next Post