പന്തീരാങ്കാവ് പീഡനക്കേസിൽ മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അച്ഛൻ



കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിൽ മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അച്ഛൻ. മകളെ കാണാനില്ലെന്ന് പരാതി നൽകുമെന്ന് അച്ഛൻ അറിയിച്ചു. ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകും. 

മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പെൺകുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാഹുൽ മർദ്ദിച്ചിട്ടില്ലെന്നും പറഞ്ഞത് കള്ളമാണെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുകയായിരുന്നു. 

മകളെ ഇന്നലെ മുതൽ ഫോണിൽ കിട്ടുന്നില്ല. തിങ്കളാഴ്ച മുതൽ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല. മകളെ രാഹുൽ അടിച്ചു എന്നത് വാസ്തവമാണ്. അതിനു തെളിവുകൾ ഉണ്ട്. ബെൽറ്റ്‌ കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്. ഫോറെൻസിക് തെളിവുകളും ഉണ്ടെന്നും അച്ഛൻ പറഞ്ഞു. 


തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ് ഇതെല്ലാമെന്നും പ്രതികരിച്ചു.

യുവതി പറയുന്നത്

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങൾ രാഹുലേട്ടന്റെ തലയിൽ വച്ചുകൊടുത്തു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിൾ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. ആരും തന്നെ സപ്പോര്‍ട്ട് ചെയ്തില്ല. ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് തന്നെ ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്. താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post