സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളെ വീടുകളില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിനതടവ്. 34കാരനായ സലില്‍ കൊരമ്പയിലിനാണ് പ്രതി. ഇയാള്‍ മലയാളിയാണെന്നാണ് ലഭിക്കുന്ന സൂചന. ട്രൂറോ ക്രൗണ്‍ കോടതിയില്‍ ആറു ദിവസം നീണ്ട വിചാരണയ്ക്കു ശേഷമാണ് ജഡ്ജി സൈമണ്‍ കാര്‍ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളെയാണ് സറെയിലെ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജന്‍ കൂടിയായ സലില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തത്. മൂന്ന് ബലാത്സംഗക്കേസുകളിലായി 14 വര്‍ഷം തടവുശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരു യുവതിയെ രണ്ടു തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
2023 നവംബറിലാണ് ഈ കേസില്‍ ആദ്യവിചാരണ നടന്നിരുന്നത്. അന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും പ്രതി ഈ വിധിക്കെതിരെ അപ്പീൽ നൽകിയതിനെ തുടർന്ന് അപ്പീൽ കോടതി ശിക്ഷ റദ്ദാക്കുകയും പുഃനർവിചാരണയ്ക്ക് ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പുഃനർവിചാരണയിലാണ് പ്രതിക്ക് വീണ്ടും ശിക്ഷ വിധിച്ചത്.
2016മുതല്‍ യുകെയിലെ ബേണ്‍സ്റ്റാപിള്‍, ഡെവന്‍, ട്രൂറോ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ കൊളോറക്ടൽ, വാസ്കുലർ വിഭാഗങ്ങളിൽ ഇയാള്‍ ട്രെയിനി സര്‍ജനായി സേവനം അനുഷ്ഠിച്ചിരുന്നു. ആദ്യ ഇരയെ 2020 ഓഗസ്റ്റിലും രണ്ടാമത്തെ ഇരയെ 2021 മാര്‍ച്ചിലുമാണ് ബലാത്സംഗം ചെയ്തത്. രണ്ടാമത്തെ ഇരയെ രണ്ടുതവണ ബലാത്സംഗം ചെയ്തതായാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. ഈ സ്ത്രീകളിലൊരാളുടെ വ്യക്തിപരമായ വിവരങ്ങള്‍ അറിയാനായി ഒരു വ്യക്തിയെ ഏര്‍പ്പാടാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പീലും പുനര്‍വിചാരണയും തന്റെ ജീവിതത്തെ ഇരുണ്ട കാലത്തിലേക്ക് തള്ളിവിട്ടെന്നും ഇപ്പോഴും ആ ട്രോമയില്‍ നിന്നും മോചിതയാകാന്‍ സാധിച്ചിട്ടില്ലെന്നും ഒരു ഇര കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ വ്യക്തമാക്കുന്നതായി പ്രോസിക്യൂട്ടര്‍ ബില്‍ ബേക്കര്‍ പറയുന്നു. തന്റെ ജീവിതത്തിന്റെ അഞ്ചുവര്‍ഷമാണ് ഈ നശിച്ച നാളുകള്‍ കവര്‍ന്നെടുത്തതെന്നും ഇരയായ സ്ത്രീ പറയുന്നു.
ഇരയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതായും ക്രൂരമായി ബലാത്സംഗം ചെയ്തതായും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. തന്നേക്കാള്‍ 16 വയസ് കൂടുതലുള്ള സ്ത്രീയെയാണ് ഇയാള്‍ ആദ്യം ബലാത്സംഗം ചെയ്തത്. ആശുപത്രിയില്‍ നിന്നുള്‍പ്പെടെ കാണുന്ന സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഫെയ്സ്ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്യും. ആദ്യഇരയുമായി പരിചയപ്പെട്ടശേഷം ഒരു ദിവസം തനിക്ക് കാണണമെന്നാവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള ക്രമീകരണങ്ങള്‍ നടത്തി.
പിന്നാലെ സ്ത്രീയുടെ ഫ്ലാറ്റിലെത്തി കിടപ്പുമുറിയില്‍ കയറി യുവതിയെ കടന്നുപിടിച്ചു. കട്ടിലിന്റെ അരികിലേക്ക് ചേര്‍ത്ത് കഴുത്തു പിടിച്ചുഞെരിച്ചെന്നും ബലാത്സംഗം ചെയ്തെന്നും ജൂറി കണ്ടെത്തി. എന്നാല്‍ പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധമെന്നും സ്ത്രീയെ സാമ്പത്തികമായി സഹായിക്കാത്തതിനാല്‍ പരാതി നല്‍കിയെന്നുമാണ് സലില്‍ കോടതിയില്‍ വാദിച്ചത്.
ഒരു വെബ്സൈറ്റിലെ വാടകമുറി പരസ്യത്തിലൂടെയാണ് രണ്ടാമത്തെ സ്ത്രീയെ പരിചയപ്പെട്ടത്. തന്റെ ഫ്ലാറ്റില്‍ വന്ന സലില്‍ ബലാല്‍ക്കാരമായി പിടിച്ച് ചുംബിച്ചെന്നും വായില്‍ തുപ്പിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഈ രണ്ട് സ്ത്രീകളെ മാത്രമല്ല മറ്റ് നാല്‍പതോളം പേരുടെ മെഡിക്കല്‍ രേഖകള്‍ ഇയാള്‍ കൈക്കലാക്കിയെന്നും ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനിനിടെ കണ്ടെത്തിയിട്ടുണ്ട്. 20നും 40നും ഇടയില്‍ പ്രായമുള്ള രോഗികളായ സ്ത്രീകളെയുള്‍പ്പെടെയാണ് ഇയാള്‍ ഇരകളാക്കുന്നതെന്നും ജൂറി വ്യക്തമാക്കുന്നു.

Post a Comment