ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ



കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചേവരമ്പലത്തെ ഫ്ളാറ്റിൽവെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയിൽ മിത്തൽ വീട്ടിൽ

അജ്നാസ് കെ.എ, ഇടത്തിൽതാഴം നെടുവിൽ പൊയിൽ വീട്ടിൽ ഫഹദ് എൻ.പി. എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.


അജ്നാസിനെ ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറിൽ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അടുത്ത റൂമിൽ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. ഇവർ യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി ബലാത്സംഗം ചെയ്തു. ബലാത്സംഗദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.



പ്രതികളുടെ ക്രൂരമായ ബലാത്സംഗത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഇതോടെ പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്ത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

Post a Comment

Previous Post Next Post