കുറ്റ്യാടി ഗോൾഡ് പാലസ് ആക്ഷൻ കമ്മിറ്റി സമരത്തിന് നേരെ ഗുണ്ടാ ആക്രമണം രണ്ടു പേർക്ക് പരിക്ക്

കുറ്റ്യാടി: ഗോൾഡ് പാലസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 21 ദിവസമായി നടന്നുവരുന്ന സമരത്തിന് നേരെ  കുറ്റ്യാടി കുളങ്ങര താഴയിൽ ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണം നടന്നു. സമാധാനപരമായി  പ്രതിഷേധം നടത്തിയിരുന്ന സ്ത്രീകൾക്ക് നേരെയാണ് ആറോളം ഗുണ്ടകൾ ആക്രമണം നടത്തിയത്. ഇവർ പ്രകടനത്തിന് നേരെ വണ്ടി കയറ്റാൻ ശ്രമിക്കുകയും അവിടെയുണ്ടായിരുന്ന  സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് മർദ്ദിക്കുകയും ചെയ്യുകയാണ് ചെയ്തത്. പരിക്കുപറ്റിയ രണ്ടുപേരെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. അഷീറ നരിക്കൂട്ടുംചാലിൽ, അമ്മദ് ചെക്യാട് എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ കുറ്റ്യാടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റിയുടെയും സർവ്വകക്ഷി രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ കുളങ്ങരതാഴ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ കുളങ്ങരതാഴയിൽ  പതിനഞ്ച് മിനിറ്റോളം റോഡ് ഉപരോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് കുറ്റ്യാടി സിഐ ടി പി ഫർഷാദ്  ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. തുടർന്ന് പ്രതിഷേധക്കാർ റോഡ് സൈഡിൽ ഇരുന്നുകൊണ്ട്  മണിക്കൂറുകളോളം പ്രതിഷേധ സമരം നടത്തി . പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ പ്രതിഷേധക്കാരെ സന്ദർശിക്കുകയും പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ, മുൻ എംഎൽഎ കെ കെ ലതിക, കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് ഊരത്ത് പി കെ സുരേഷ് മാസ്റ്റർ   അസ്ഹർ എന്നിവരും മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, ബഷീർ കുളങ്ങര താഴ, ജനപ്രതിനിധികളായ  കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ,വൈസ് പ്രസിഡന്റ് മോഹൻ ദാസ്,കുന്നുമ്മൽ  ബ്ലോക്ക് പ്രസിഡണ്ട് കെ പി ചന്ദ്രി എന്നിവരും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു . സമരത്തിനെത്തിയ സ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സർവ്വ കക്ഷിയുടെ നേതൃത്വത്തിൽ ഞായറാഴ്ച കുളങ്ങരതാഴ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post