കണ്ണൂർ: കല്യാണ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ ട്വിസ്റ്റ്. ബോംബ് ഏറിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ യുവാവ് തന്നെയാണെന്നാണ് വിവരം. ഏച്ചൂർ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ബാലക്കണ്ടി ഹൗസിൽ മോഹനന്റെ മകൻ ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്.
സംഘാംഗം എറിഞ്ഞ നാടൻബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടൻബോംബ് പൊട്ടിയില്ല. ഇത് എടുക്കാൻ പോകുമ്പോൾ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്ന എന്നാണ് വിവരം.
സംഭവത്തിനു ശേഷം അക്രമി സംഘത്തിലെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്നാണ് നിർണായക വിവരം ലഭിച്ചതെന്നാണ് കരുതുന്നത്.
സ്ഫോടനത്തിൽ ഹേമന്ത്, രജിലേഷ് , അനുരാഗ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടേത് സാരമായ പരിക്കാണ്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു സംഭവം.
തോട്ടടയിലെ കല്യാണവീടിന് സമീപത്തെ റോഡിലായിരുന്നു സംഭവമുണ്ടായത്. കല്യാണവീട്ടിൽ ശനിയാഴ്ച രാത്രിയിൽ ചെറുപ്പക്കാർ പാട്ട് വച്ചതുമായി ബന്ധപ്പെട്ട പ്രശ്നം വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയിരുന്നു.
ഏച്ചൂർ ഭാഗത്തുനിന്ന് വന്ന യുവാക്കളും തദ്ദേശവാസികളായ യുവാക്കളും ചേരിതിരിഞ്ഞായിരുന്നു വാക്കേറ്റം. ഇതിനിടെ ചിലർക്ക് മർദനമേറ്റതായും പറയുന്നു. പ്രശ്നം പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു.
Post a Comment