പ്രൈമറി ക്ലാസിൽ അപമാനിച്ചു. 30 കൊല്ലത്തിനു ശേഷം അധ്യാപികയെ യുവാവ് കുത്തിക്കൊന്നു, മുറിവുകൾ 101


ബ്രസൽസ്: പ്രൈമറി സ്കൂളിൽ പഠിക്കവേ അപമാനിച്ച അധ്യാപികയെ മുപ്പതുകൊല്ലത്തിനു ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലാണ് സംഭവം. ഗണ്ടർ യുവെന്റസ് എന്ന യുവാവാണ് അധ്യാപിക മരിയ വെർലിൻഡ(59)നെ കൊലപ്പെടുത്തിയ കാര്യം പോലീസിന് മുന്നിൽ സമ്മതിച്ചത്. 2020-ലാണ് മരിയ കൊല്ലപ്പെടുന്നത്.

1990-ൽ, ഏഴുവയസ്സുകാരനായിരുന്ന തന്നെക്കുറിച്ച് മരിയ ക്ലാസിൽ നടത്തിയ ചില പരാമർശങ്ങളിൽനിന്ന് പിന്നീട് ഒരിക്കലും മോചനം നേടാൻ കഴിഞ്ഞിരുന്നില്ലെന്ന് യുവെന്റസ് പോലീസിനോടു പറഞ്ഞു.

2020 നവംബർ 20-ന് ഹെരെന്റൽസിലെ സ്വന്തംവീട്ടിൽവെച്ചാണ് മരിയ കൊല്ലപ്പെട്ടത്. ബെൽജിയൻ പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും ആരാണ് കൊലപാതകി എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊലപാതകിയെ കണ്ടെത്താൻ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയും നടത്തിയിരുന്നു. തുടർന്ന് മരിയയുടെ ഭർത്താവ്, സാക്ഷികൾ ആരെങ്കിലുമുണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മരിയയ്ക്ക് 101 വട്ടം കുത്തേറ്റിരുന്നു എന്നാണ്. ഇവരുടെ പണം സൂക്ഷിച്ചിരുന്ന പഴ്സ് നഷ്ടപ്പെടാതിരുന്നത്, കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലായെന്നും വ്യക്തമാക്കിയിരുന്നു.

മരിയ കൊല്ലപ്പെട്ട് 16 മാസങ്ങൾക്കു ശേഷം യുവെന്റസ് ഒരു സുഹൃത്തിനോട് കൊലപാതകത്തിന്റെ കാര്യം പറഞ്ഞു. ഈ സുഹൃത്ത് പോലീസിൽ അറിയിച്ചതിന് പിന്നാലെ, ഞായറാഴ്ചയാണ് യുവെന്റസ് പിടിയിലായത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ യുവെന്റസിനെ കൊലപാതക കുറ്റം ചുമത്തി കസ്റ്റഡിയിൽ വിട്ടു.

Post a Comment

Previous Post Next Post