എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തുകയായിരുന്നു റിന്‍സി. ഈ കടയിലെ മുന്‍ ജീവനക്കാരനായിരുന്നു റിയാസ്. വെള്ളിയാഴ്ച രാത്രി നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴിയാണു റിന്‍സിയെ റിയാസ് ആക്രമിച്ചത്.
ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു.റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റു. ശരീരത്തില്‍ 30 ഓളം വെട്ടുകളേറ്റു.
ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരാണ് റിന്‍സിയെ ആശുപത്രിയിലെത്തിച്ചത്. റിന്‍സിയുടെ വീടിനു നേരെ അക്രമം നടത്തിയ കേസില്‍ മാസങ്ങള്‍ക്കു മുന്‍പ് റിയാസിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.
റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് റിയാസിനെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ, ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിന്‍സിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തി. എന്നാല്‍, തിരിച്ചെടുക്കാന്‍ റിന്‍സി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിന്‍സിയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു
Post a Comment