ആലക്കോട്: ആനക്കൂട്ടത്തിന്റെ ഭീഷണിയിൽ ഉദയഗിരി പഞ്ചായത്ത്. ഉദയഗിരി പഞ്ചായത്തിലെ മധുവനം ഭാഗത്ത് ശനിയാഴ്ച രാത്രിയിൽ ആനക്കൂട്ടം പാട്ടത്തിൽ രവീന്ദ്രന്റെ വീടിനടുത്തുവരെയെത്തി. വനാതിർത്തിയിൽ നിന്നും ദൂരെയുള്ള ഈ പ്രദേശത്ത് ആദ്യമായാണ് ആനക്കൂട്ടം ഇറങ്ങുന്നത്.
കുന്നുമ്മൽ മിനി രാമകൃഷ്ണന്റെ മൂന്ന് തെങ്ങുകളും, വാഴയും നശിപ്പിച്ചു. സുലോചന തടത്തേൽ കരുണാകരൻ, വിശ്വഭരൻ, രവീന്ദ്രൻ പാട്ടത്തിൽ എന്നിവരുടെ അഞ്ചേക്കർ സ്ഥലത്തെ റബർ, വാഴ എന്നീ കൃഷികളും നശിപ്പിച്ചു. ആഴ്ചകളായി നമ്പ്യാർമല, ആദിവാസി പുനരധിവാസ മേഖലയായ അപ്പർചീക്കാട്, ലോവർ ചീക്കാട് പ്രദേശങ്ങളിൽ ആനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിൽ ആനക്കൂട്ടം അപ്പർചീക്കാട് ചന്തേര വീട്ടിൽ കുഞ്ഞിരാമന്റെ വീടിന്റെ തൊട്ടടുത്ത് വരെ എത്തിയിരുന്നു. കുട്ടിയാന ഉൾപ്പെടെയുള്ള ഏഴ് ആനകളുള്ള ഇതേ ആനക്കൂട്ടമാണ് ജനവാസ മേഖലക്ക് ഭീഷണി ആയിരിക്കുന്നത്.
ഈ ഭാഗങ്ങളിലെ ആളുകൾ ഉറങ്ങാതെ രാത്രി മുഴുവൻ കാവലിരിക്കുന്ന സ്ഥിതിയാണുള്ളത്. പ്രദേശങ്ങൾ ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. സുരേഷ്കുമാർ,
പഞ്ചായത്ത് മെംബർമാരായ സിനി, ഷൈലജ സുനിൽ, വി.സി. പ്രകാശ്, കെ.ആർ. രതീഷ്, ബി. ശ്രീകുമാർ തുടങ്ങിയവർ ആനക്കൂട്ടം കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. നാശനഷ്ടം നേരിട്ടവർക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്നും ഈ പ്രശ്നത്തിന് പരിഹാരത്തിന് ഇടപെടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
Post a Comment