എൽ.പി ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും മാതൃഭാഷയിൽ എഴുതാനും വായിക്കാനും കഴിവുള്ളവരാക്കി മാറ്റാനും അവരിൽ സ്വതന്ത്ര വായനയും രചനയും ഉറപ്പുവരുത്താനും സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന വായന ചങ്ങാത്തം പരിപാടിക്ക് തളിപ്പറമ്പ നോർത്ത് ബി ആർ സിയിലെ തലവിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ തുടക്കമായി.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ ജ്യോതിലക്ഷ്മി എം നിർവ്വഹിച്ചു. CRCC കോർഡിനേറ്റർ അനൂപ് കുമാർ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക ലൗലി പി.എ, പി.ടി.എ പ്രസിഡന്റ് സന്തോഷ് വി.പി, അധ്യാപിക അശ്വതി എസ് ദാസ് എന്നിവർ സംബന്ധിച്ചു.
സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകങ്ങൾ നൽകി. വേനലവധിക്കാലത്ത് കുട്ടികളെക്കൊണ്ട് പരമാവധി പുസ്തകങ്ങൾ വായിപ്പിക്കാനും, വായനയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കാനും അതോടൊപ്പം കുട്ടികളിലെ സ്വതന്ത്ര രചനകളെ പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി ഓരോ പ്രദേശത്ത് നിന്നുമുള്ള കുട്ടികളെ തരം തിരിച്ച് ഒരു അധ്യാപികയെ ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയിലൊരിക്കൽ അധ്യാപിക പ്രദേശത്തെ ഒരു കേന്ദ്രത്തിലെത്തി പുസ്തകങ്ങൾ മാറ്റി നൽകും. ഇതോടൊപ്പം രക്ഷിതാക്കളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി 'അമ്മവായന' എന്ന പേരിൽ അമ്മമാർക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. പുതിയ അധ്യയന വർഷാരംഭത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനകൾ പതിപ്പ് രൂപത്തിൽ പുറത്തിറക്കാനുമാണ് തീരുമാനം. തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയുടെയും, പഞ്ചായത്തിന്റെയും, പി.ടി.എ-യുടെയും സഹകരണത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്..
Post a Comment