യോഗ്യത: പത്താം ക്ലാസ് ജയം. ശമ്പളം: പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വരെ. ജോലി: കാർഷിക അനുബന്ധ ജോലികൾ’– മലയാളികളുടെ കണ്ണഞ്ചിപ്പിക്കുന്ന ‘ഓഫർ’ എന്നുതന്നെ നിസ്സംശയം പറയാം. 2021 ഒക്ടോബറിലായിരുന്നു. ഇത്തരമൊരു ജോലി വാഗ്ദാനവുമായി സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ്) രംഗത്തുവന്നത്. ജോലി പക്ഷേ കേരളത്തിലല്ല, ദക്ഷിണ കൊറിയയിലാണ്! കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്ന് മലയാളികളെ റിക്രൂട്ട് ചെയ്യാനായിരുന്നു ഒഡെപെക് തീരുമാനം. അതിനായി 800 പേരെ അന്തിമപട്ടികയിലേക്കു തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ ദക്ഷിണ കൊറിയയിൽ ഉള്ളി കൃഷി ചെയ്ത് ‘കാശുവാരാമെന്നു’ സ്വപ്നം കണ്ട കേരളത്തിലെ ഉദ്യോഗാർഥികൾക്ക് കോവിഡ് ‘വെള്ളിടി’യായിരിക്കുകയാണിപ്പോൾ.
*എന്താണു സംഭവിച്ചത്?*
കോവിഡ് രൂക്ഷമാണ് ദക്ഷിണ കൊറിയയിൽ. അതിനാൽത്തന്നെ ഇന്ത്യക്കാർക്ക് വീസ അനുവദിക്കാനാവുന്നില്ല. മാത്രവുമല്ല, അവിടെയെത്തിയാൽ 10 ദിവസം സർക്കാർ നിയോഗിക്കുന്ന ഹോട്ടലുകളിൽ സ്വന്തം ചെലവിൽ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയും വച്ചു. അതോടെ ഉള്ളികൃഷിപ്പണിക്കാരാകാൻ മുന്നോട്ടു വന്ന കേരളത്തിലെ യുവതയുടെ മോഹങ്ങളുടെ ഉള്ളു പൊള്ളി. ഇത്തരത്തിൽ കോവിഡിന്റെ പേരിലുള്ള ദക്ഷിണ കൊറിയൻ സർക്കാരിന്റെ കർശന നിർദേശങ്ങൾ, വിദേശത്തെ കൃഷിപ്പണിക്കായി അന്തിമപട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ 800 പേരുടെ ജീവിതമാണു തുലാസിലാക്കിയത്.
റിക്രൂട്മെന്റ് നടപടിക്രമങ്ങൾ മാസങ്ങൾക്കു മുൻപേ പൂർത്തിയായെങ്കിലും ദക്ഷിണ കൊറിയയിലെ കോവിഡ് നാലാം തരംഗം എന്നു തീരുമെന്നു പ്രവചിക്കാൻ കഴിയാത്തതിനാൽ കേരളത്തിൽ നിന്നുള്ളവരുടെ തൊഴിൽ സ്വപ്നങ്ങൾക്ക് വേരു പിടിക്കാത്ത സ്ഥിതിയാണ്. ദക്ഷിണ കൊറിയയിലും ചൈനയിലും കോവിഡിന്റെ നാലാം തരംഗം രൂക്ഷമായതിനാൽ ഇതര രാജ്യങ്ങളിലുള്ളവർക്ക് വീസ അനുവദിക്കുന്നുമില്ല. അടിയന്തര സന്ദർഭങ്ങളിൽ വീസ അനുവദിച്ചാൽ, എത്തുന്നവർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീനും ദക്ഷിണ കൊറിയൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പക്ഷേ ഇഷ്ടപ്രകാരമുള്ള ഹോട്ടലുകളിൽ മുറിയെടുത്ത് ക്വാറന്റീൻ പൂർത്തിയാക്കാൻ അനുവദിക്കില്ല, സർക്കാർ നിർദേശിക്കുന്ന ഹോട്ടലുകളിൽ മാത്രം സ്വന്തം ചെലവിൽ ക്വാറന്റീനിൽ കഴിയാൻ പാടുള്ളൂവെന്ന കർശന വ്യവസ്ഥയുണ്ട്. സർക്കാർ നിർദേശിക്കുന്ന ഹോട്ടലിൽ ക്വാറന്റീൻ കഴിയണമെങ്കിൽ ഒരു ദിവസം 200 ഡോളറാണ് (ഏകദേശം 15,000 രൂപ) പുറത്തുനിന്നുള്ളവർ നൽകേണ്ടത്. ഇപ്രകാരം, 10 ദിവസത്തെ ക്വാറന്റീനിലേക്ക് 1.5 ലക്ഷം രൂപയാണ് ഉള്ളി കൃഷിപ്പണി ചെയ്യാനെത്തുന്നവർ മുടക്കേണ്ടത്. ക്വാറന്റീനിൽ കഴിയുന്നതിന്റെ പേരിൽ ഭീമമായ തുക നൽകാനും കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്ക് കഴിയാത്ത സ്ഥിതിയാണ്. ഡിസംബറിൽ ജോലിക്കു നിയോഗിക്കുമെന്നാണ് ദക്ഷിണ കൊറിയയിലെ തൊഴിൽദാതാവ് അറിയിച്ചിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് ഇതു പാതിവഴിയിലായതോടെ ഉദ്യോഗാർഥികൾ നിരാശയിലാണ്.
*കൃഷി ചെയ്യാൻ മുന്നിൽ വനിതകൾ*
വിദേശ മണ്ണിൽ ഉള്ളികൃഷിപ്പണി ചെയ്യാൻ അന്തിമപട്ടികയിൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള 800 പേരിൽ 120 പേരും വനിതകൾ. കൃഷി ചെയ്യാൻ മുന്നോട്ടു വന്നവരിൽ കൂടുതലും ഇടുക്കി, വയനാട് ജില്ലകളിലുള്ളവരാണ്. പ്രതിമാസം 1500 ഡോളർ (നിലവിലെ വിനിമയ നിരക്കനുസരിച്ച് ഏകദേശം 1.14 ലക്ഷം രൂപ) ശമ്പളമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നടത്തിയ സെമിനാറുകളിൽനിന്നാണ് 800 പേരുടെ അന്തിമപട്ടിക ഒഡെപെക് അധികൃതർ തയാറാക്കിയത്.
ഈ പട്ടിക 2021 ഡിസംബറിൽ, കൊറിയൻ ചേംബർ ഓഫ് കൊമേഴ്സിനു കൈമാറി. തുടക്കത്തിൽ 100 പേർക്കാണ് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഉള്ളി കൃഷിക്കായി ദക്ഷിണ കൊറിയയിൽ നിയമനം നൽകുക. അതിനു ശേഷം കരാർ ഉപേക്ഷിക്കാനോ തുടരാനോ അനുവദിക്കും. ഉള്ളി കൃഷിക്കായി 1000 ഒഴിവുകളാണ് ദക്ഷിണ കൊറിയയിലുള്ളത്.
ഉള്ളിക്കായി വന്‍ തള്ളിക്കയറ്റം
ഒക്ടോബർ 22നായിരുന്നു, ഒഡെപെക് മുഖേന 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായിരുന്നു അവസരം. അന്ന് 2 ദിവസത്തിനിടെ അപേക്ഷിച്ചത് അയ്യായിരത്തോളം പേർ. തിരക്കുമൂലം ഒരു ഘട്ടത്തിൽ ഒഡെപെക് വെബ്സൈറ്റിന്റെ പ്രവർത്തനം വരെ തടസ്സപ്പെട്ടു. അപേക്ഷകരുടെ എണ്ണം കൂടിയതിനാൽ പുതിയ അപേക്ഷ സ്വീകരിക്കുന്നതും അന്ന് നിർത്തിവച്ചു.
ഒഡെപെക്കിലെ ഫോണുകൾക്കും വിശ്രമമുണ്ടായില്ല. ‘നന്നായി കൃഷി ചെയ്തോളാം സാർ... കോവിഡ് കാരണം ജീവിതം വൻ പ്രതിസന്ധിയിലാണ്. പരിഗണിക്കണം’ എന്നു ഫോണിൽ ജോലി തേടിയവരും ഏറെ. എന്നാൽ, ഒഡെപെക് റിക്രൂട്ടിങ് ഏജൻസി മാത്രമാണെന്നും നിയമനം നൽകുന്നതു കൊറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആണെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ പലരെയും ആശ്വസിപ്പിക്കുകയായിരുന്നു.
*ഉള്ളിക്കായി വന്‍ തള്ളിക്കയറ്റം*
ഒക്ടോബർ 22നായിരുന്നു, ഒഡെപെക് മുഖേന 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായിരുന്നു അവസരം. അന്ന് 2 ദിവസത്തിനിടെ അപേക്ഷിച്ചത് അയ്യായിരത്തോളം പേർ. തിരക്കുമൂലം ഒരു ഘട്ടത്തിൽ ഒഡെപെക് വെബ്സൈറ്റിന്റെ പ്രവർത്തനം വരെ തടസ്സപ്പെട്ടു. അപേക്ഷകരുടെ എണ്ണം കൂടിയതിനാൽ പുതിയ അപേക്ഷ സ്വീകരിക്കുന്നതും അന്ന് നിർത്തിവച്ചു.
ഒഡെപെക്കിലെ ഫോണുകൾക്കും വിശ്രമമുണ്ടായില്ല. ‘നന്നായി കൃഷി ചെയ്തോളാം സാർ... കോവിഡ് കാരണം ജീവിതം വൻ പ്രതിസന്ധിയിലാണ്. പരിഗണിക്കണം’ എന്നു ഫോണിൽ ജോലി തേടിയവരും ഏറെ. എന്നാൽ, ഒഡെപെക് റിക്രൂട്ടിങ് ഏജൻസി മാത്രമാണെന്നും നിയമനം നൽകുന്നതു കൊറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആണെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ പലരെയും ആശ്വസിപ്പിക്കുകയായിരുന്നു
ഇതാദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചതിനു ശേഷം, കൊറിയയിലെ ജീവിത സാഹചര്യം, കൃഷിരീതി, ജീവിതച്ചെലവ്, സംസ്കാരം, ഭാഷ, താമസ സൗകര്യം, കറൻസി, കാലാവസ്ഥ, തൊഴിൽ സമയം, തൊഴിൽ നിയമങ്ങൾ തുടങ്ങിയവയെല്ലാം സംബന്ധിച്ച് അപേക്ഷകരെ ബോധവൽക്കരിക്കാൻ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും എറണാകുളം ടൗൺഹാളിലും സെമിനാർ നടത്തി. വിഡിയോ ദൃശ്യങ്ങളും മറ്റും പ്രദർശിപ്പിച്ചായിരുന്നു ബോധവൽക്കരണം.
*മനം മാറ്റി സെമിനാർ!*
കാര്യം നല്ല ശമ്പളമൊക്കെയാണ്. പക്ഷേ കൊറിയയിലെ തണുപ്പിനെക്കുറിച്ചു കേട്ടപ്പോൾ ഉള്ളിക്കൃഷിക്കു തയാറായിവന്ന പകുതിയോളം പേർക്കു മനംമാറ്റം. സെമിനാറിൽ കൊച്ചിയിൽ800 പേരാണു പങ്കെടുത്തത്. ടൗൺഹാളിൽ രണ്ടു ബാച്ച് ആയിട്ടായിരുന്നു സെമിനാർ. ആദ്യ ബാച്ചിൽ 300 പേർ, രണ്ടാം ബാച്ചിൽ 500. കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടവരും എംബിഎ ബിരുദധാരികളും ബിടെക്കുകാരും എംടെക്കുകാരും ഉൾപ്പെടെയാണ് സെമിനാറിനെത്തിയത്. വെബ്സൈറ്റ് തകരാറിലായതിനെത്തുടർന്ന് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കാതിരുന്നവരും ടൗൺഹാളിലെത്തിയിരുന്നു.
എന്നാൽ ദക്ഷിണ കൊറിയയിൽ രണ്ടോ മൂന്നോ മാസം തണുപ്പ് മൈനസ് 10 വരെയൊക്കെ പോകുമെന്നും അപ്പോഴും ജോലി മുടക്കാനാവില്ലെന്നും കേട്ടതോടെ പലർക്കും താൽപര്യം ഇല്ലാതായി. ചില സമയത്ത് തണുപ്പ് മൈനസ് 20 വരെയെത്തും. മലയാളികൾക്കു സഹിക്കാനാകാത്ത കാലാവസ്ഥാ സാഹചര്യങ്ങളും കൊറിയയിൽ കാത്തിരിക്കുന്നുണ്ടെന്നു കേട്ടതോടെ 800 പേർ പങ്കെടുത്തതിൽ 300 പേരാണു കൊറിയയ്ക്കു പോകാൻ താൽപര്യപ്പെട്ടത്.
അതേസമയം, തിരുവനന്തപുരത്തു നടത്തിയ സെമിനാറിൽ ഉന്തും തള്ളുമായിരുന്നു. മാസ്കറ്റ് ഹോട്ടലിനു മുന്നിൽ രാവിലെത്തന്നെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടി വന്നു. 100 ഒഴിവാണ് നിലവിലുള്ളത്. ഇവരിൽ 60 പേർ വനിതകളായിരിക്കണമെന്ന് കൊറിയ ആവശ്യപ്പെട്ടിരുന്നു. ആദ്യം ജോലിക്കു പോകുന്നവരുടെ ജോലി വിലയിരുത്തി കൂടുതൽ പേർക്ക് അവസരം നൽകും.
സെമിനാറിൽ മൂന്നു തരം തൊഴിലന്വേഷകരെയായിരുന്നു പ്രധാനമായും ഒഡെപെക് അധികൃതർ തിരിച്ചറിഞ്ഞത്. അതിൽ ഒരു വിഭാഗം കൃഷിയോട് ആത്മാർഥമായും സ്നേഹമുള്ളവരാണ്. ദക്ഷിണ കൊറിയൻ കൃഷിപ്പണിയെക്കുറിച്ചും അറിയാനാഗ്രഹിക്കുന്നവരാണ് അവർ. രണ്ടാമത്തെ വിഭാഗം ദക്ഷിണ കൊറിയയിൽ എത്തിയതിനു ശേഷം മറ്റു ജോലികള്‍ നോക്കാമെന്ന് ആഗ്രഹിക്കുന്നവരാണ്. ഐടി പ്രഫഷനലുകളുടെയും എൻജിനീയർമാരുടെയും ഉൾപ്പെടെ ലക്ഷ്യം അതായിരുന്നു. മൂന്നാമത്തെ വിഭാഗക്കാർ ഏതു ജോലിയും ചെയ്യാൻ തയാറായവരാണ്. ഇവരിൽനിന്നാണ് ഒഡെപെക് അന്തിമ പട്ടികയിലേക്കുള്ളവരെ തിരഞ്ഞെടുത്തത്.
മറ്റു സംസ്ഥാനക്കാരെക്കൂടി ഉൾപ്പെടുത്തിയാണ് ഒഡെപെകിനോട് 100 പേരെ ആവശ്യപ്പെട്ടതെങ്കിലും മലയാളികൾ ഇടിച്ചുകയറിയതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് അന്വേഷണം നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിൽ ഉള്ളികൃഷിക്കായി ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളും ഉണ്ട്.
*എന്താണു പദ്ധതി?*
ദക്ഷിണ കൊറിയൻ സർക്കാരിന്റെ കീഴിലുള്ള കാർഷിക പദ്ധതിയിലേക്കായിരുന്നു തൊഴിലാളികളെ തേടിയത്. ഉള്ളി കൃഷിയാണ് അതിൽ പ്രധാനം. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കൃഷി രീതിയാണു രാജ്യത്തു നടപ്പാക്കുന്നത്. അതേസമയം, മനുഷ്യാധ്വാനവും വേണ്ടിവരും. കാർഷികവൃത്തിയിൽ മുൻപരിചയമുള്ളവർക്കായിരുന്നു മുൻഗണന. 25–40 വയസ്സിനിടയ്ക്ക് പ്രായമുള്ളവർക്കേ അപേക്ഷിക്കാനാവുമായിരുന്നുള്ളൂ
ഇംഗ്ലിഷ് ഭാഷയിൽ അടിസ്ഥാന അറിവുണ്ടാകണം. 2 ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. ആദ്യ ബാച്ചിന്റെ തിരഞ്ഞെടുപ്പു പൂർത്തിയാക്കിയാൽ, മറ്റു വിദേശരാജ്യങ്ങളിലെ കാർഷിക ജോലികളും മലയാളികളിലേക്കെത്തിക്കാൻ ഒഡെപെക് ശ്രമം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് കൊറിയൻ കൃഷിയിൽ തിരിച്ചടിയായി കോവിഡെത്തിയത്.
ദക്ഷിണ കൊറിയയിലെ സിനാൻ, മുവാൻ ദ്വീപുകളിലാണ് ഉള്ളി ഫാമുകളുള്ളത്. കൊറിയുടെ തെക്കൻ മേഖലയാണിത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാസത്തിൽ 28 ദിവസവും ജോലിയുണ്ടാകും. കാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ ഒൻപതു മണിക്കൂറാണ് തൊഴിൽ സമയം. തൊഴിലാളികളുടെ താമസം അവരവർ തന്നെ ഒരുക്കണം. കൊറിയയിലെ ഭക്ഷണം കേരളത്തിൽനിന്നു തികച്ചും വിഭിന്നമാണെന്ന വെല്ലുവിളിയുമുണ്ട്
By: എസ്.വി. രാജേഷ്
മനോരമ ഓൺലൈൻ.
Post a Comment