കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും അവരിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണവും പണവും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി കുളങ്ങരതാഴയിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം ഇന്ന് നൂറാം ദിവസം പിന്നിട്ടു. നൂറു ദിവസം പിന്നിട്ടിട്ടും വീര്യം ഒട്ടും ചോരാതെ സമരമുഖത്താണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ. സർവ്വകക്ഷി രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതിയാണ് ഇപ്പോൾ സമരത്തിന് നേതൃത്വം നൽകുന്നത്. നൂറാം ദിവസത്തോടാനുബന്ധിച്ചു ഇന്നത്തെ സമരം കുറ്റ്യാടി ടൗണിലെ ഗോൾഡ് പാലസ് ജ്വല്ലറിക്ക് മുമ്പിലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രസംഗിച്ചു. ഇരകൾക്കു പുറമേ ഡിവൈഎഫ്ഐയുടെ പ്രവർത്തകരും നേതാക്കന്മാരും ഇന്ന് സമരത്തിൽ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ എ എം റഷീദ്, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കായക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് ബഷീർ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എൻ സി കുമാരൻ മാസ്റ്റർ, എസ് ടി യു ജില്ലാ കമ്മിറ്റി മെമ്പറും ആക്ഷൻ കമ്മിറ്റി നേതാവുമായ ഇ എ റഹ്മാൻ കരണ്ടോട് , ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചൻ കണ്ടി, മുഹമ്മദലി വളയന്നൂർ, ഷമീമ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞവർഷം ഓഗസ്റ്റ് 26 നാണ് കുറ്റ്യാടി,കല്ലാച്ചി പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള ഗോൾഡ് പാലസ് ജ്വല്ലറി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്. മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം പരാതികളാണ് ഉണ്ടായിരുന്നത്. 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. വളരെ ബോധപൂർവ്വം നടത്തിയ ഒരു തട്ടിപ്പായിരുന്നു ഇതെന്നാണ് ഇരകൾ പറയുന്നത്. പോലീസ് പ്രതികളെ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൂന്ന് ജ്വല്ലറികളിൽ നിന്നും കാണാതായി പോയ 20 കിലോയിലധികം സ്വർണ്ണം ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഉടമകളും മാനേജർമാരും സ്റ്റാഫുകളും കൂടി സ്വർണ്ണം കടയിൽ നിന്നും എടുത്തു മാറ്റുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളും രോഗികളും നിർധനരുമായ സ്ത്രീകൾ ഉൾപ്പെടെയുള്ള വളരെയധികം പാവപ്പെട്ട ആളുകളാണ് ഈ ജ്വല്ലറി തട്ടിപ്പിന് ഇരയായത്. മക്കളുടെ കല്യാണത്തിന് അഡ്വാൻസ് കൊടുത്തവർ പോലും 9 മാസം കഴിഞ്ഞിട്ടും ഈ തട്ടിപ്പിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. അതേസമയം ജാമ്യത്തിലിറങ്ങിയ മുതലാളിമാരും മാനേജർമാരും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ മാന്യന്മാരായി കറങ്ങി നടക്കുകയാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. അതേസമയം മുതലാളിമാരെ ചർച്ചക്ക് എത്തിക്കുവാൻ സമരസഹായ സമിതി ശ്രമം ആരംഭിച്ചിട്ടുണ്ട്.
Post a Comment