കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : ഇരകളുടെ കൺവെൻഷൻ നടത്തി


കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകളുടെ കൺവെൻഷൻ ഇന്നലെ രാവിലെ കുറ്റ്യാടി കുളങ്ങരതാഴയിൽ നടന്നു. സമരസഹായ സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. സമരസഹായ സമിതി കൺവീനർ എ എം റഷീദ്,    ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി  എന്നിവർ നേതൃത്വം നൽകി.സിപിഎം നേതാക്കളായ എം കെ ശശി, കേളപ്പൻ, മുസ്ലിംലീഗ് നേതാക്കളായ അബുമാസ്റ്റർ, മുഹമ്മദ് ബഷീർ കരണ്ടോട്, കോൺഗ്രസ്‌ നേതാവ് എൻ സി കുമാരൻ, ആക്ഷൻ കമ്മറ്റി നേതാക്കളായ ഇ എ റഹ്‌മാൻ കരണ്ടോട്, ജിറാഷ് പി എന്നിവർ സംസാരിച്ചു.


കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള ഗോൾഡ് പാലസ് ജ്വല്ലറി കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് പൂട്ടിയതിന് ശേഷം കഴിഞ്ഞ ഒൻപത് മാസമായി വിവിധ രീതിയിൽ സമരം ചെയ്ത് കൊണ്ടിരിക്കുന്ന നിക്ഷേപകർ സമര സഹായ സമിതിയുടെ നേതൃത്വത്തിൽ 95 ദിവസമായി പ്രതികളുടെ നാടായ കുളങ്ങര കുളങ്ങര താഴെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. സമരത്തിന്റെ ഭാവിയെക്കുറിച്ചും ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും സമരസഹായ സമിതി നേതാക്കൾ ഇരകളോട് വിശദീകരിച്ചു. വരാൻപോകുന്ന സമരമുറകൾ ചർച്ചചെയ്യുകയും ജ്വല്ലറി ഉടമകൾ ചർച്ചയ്ക്ക് തയ്യാറാകാതെ ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെങ്കിൽ  ഇപ്പോഴത്തെ സമാധാനപരമായ സമരം ഒഴിവാക്കി ഉടമകളുടെ വീടുകളിലേക്കും ആസ്തികളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും സമരസഹായ സമിതി നേതാക്കൾ പ്രഖ്യാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കൺവെൻഷനിൽ പങ്കെടുത്തു. അനിശ്ചിതകാല സമരം 100 ദിവസം തികയുന്ന മെയ് 16ന് കുളങ്ങര താഴെ മുതൽ കുറ്റ്യാടി വരെ മാർച്ച് നടത്തുവാൻ യോഗത്തിൽ തീരുമാനമായി.

Post a Comment

Previous Post Next Post