കണ്ണൂർ / കോഴിക്കോട് : വടക്കൻ കേരളത്തിൽ മഴ ശക്തം. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണുരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം.
മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചതെന്നതിനാൽ പ്രദേശവാസികൾ ജാഗ്രതയിലാണ്.മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്.
വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. മയ്യഴി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം. ഇന്ന് ഉച്ചയോടെ തുടങ്ങിയ കനത്ത മഴയിൽ വിലങ്ങാട് ടൗൺ വെള്ളത്തിനടിയിലായി. മലയോരവാസികൾ ഭീതിയിലാണ്.അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ വിലങ്ങാട് ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. കടകളിലും വെള്ളം കയറി.
മലയോര മേഖലയിൽ ഭീതി പരത്തി അതി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ വിലങ്ങാട് പുഴ നിറഞ്ഞ് കവിഞ്ഞു. ടൗണിലെ പാലം മുങ്ങി. കടകളിലും വെള്ളം കയറിയിട്ടുണ്ട് . പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post a Comment