സെക്കൻഡുകൾമാത്രം, ആ ഞെട്ടലിൽ ശബ്ദം പോലും പുറത്തു വന്നില്ല; ട്രെയിനിൽ വീണ്ടും ആക്രമണം,:കവർച്ച ; ഇരയായത് കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനി 🔰⭕️

രണ്ടോ മൂന്നോ സെക്കന്റുകൾ കൊണ്ട് എല്ലാം കഴിഞ്ഞു. ആ സമയത്ത് മകൾ ഷോക്കിലായിരുന്നു. ആ ഞെട്ടലിൽ ഒച്ചവെയ്ക്കാനോ ആരോടും ഒന്നും പറയാനോ കഴിഞ്ഞില്ല.


സുരക്ഷ വർധിപ്പിക്കുമെന്ന് റെയിൽവേ ആവർത്തിക്കുമ്പോഴും യാത്രക്കാരെ ആശങ്കയിലാഴ്ത്തി ട്രെയിനുകളിലെ
അക്രമസംഭവങ്ങൾ തുടരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിലാണ് യാത്രക്കാരിക്ക് നേരേ ആക്രമണമുണ്ടായത്. ബുധനാഴ്ച പുലർച്ചെ ട്രെയിനിലെ ശൗചാലയത്തിൽ പോയി മടങ്ങുന്നതിനിടെ യാത്രക്കാരിയുടെ വായ പൊത്തിപ്പിടിച്ച അക്രമി, സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ 23-കാരിയാണ് ട്രെയിൻ യാത്രയ്ക്കിടെ കവർച്ചയ്ക്കിരയായത്. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി ചൊവ്വാഴ്ച രാത്രിയാണ് മാവേലി എക്സ്പ്രസിൽ നാട്ടിലേക്ക് യാത്രതിരിച്ചത്. എസ്-8 കോച്ചിലായിരുന്നു യാത്ര. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ ശൗചാലയത്തിൽ പോയ യുവതി തിരികെ ബർത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമി മാല പൊട്ടിച്ചത്. ശൗചാലയത്തിന് സമീപം നിന്നിരുന്നയാൾ യുവതി വാഷ്ബേസിനിൽ കൈകഴുകുന്നതിനിടെ പിറകിലൂടെയെത്തി വായ പൊത്തിപ്പിടിച്ചശേഷം രണ്ടുപവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇയാളും നേരത്തെ വാതിലിനരികെ നിന്നിരുന്നയാളും ട്രെയിനിൽനിന്ന് ഇറങ്ങിയോടുകയും ചെയ്തെന്നുമാണ് പരാതിയിൽ പറയുന്നത്.


ഏത് സ്റ്റേഷനിൽവെച്ചാണ് സംഭവമുണ്ടായതെന്ന് യുവതിക്ക് മനസിലായിരുന്നില്ല. സമയമനുസരിച്ച് ഷൊർണൂരിൽവെച്ചാണ്സം ഭവമുണ്ടായതെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഞെട്ടലിൽ ഏറെനേരം സംസാരിക്കാൻപോലും കഴിയാതിരുന്ന യുവതി, പിന്നീട് വീട്ടിലേക്ക് ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ യുവതിയെ ആശ്വസിപ്പിക്കുകയും ട്രെയിനിൽ സുരക്ഷാജീവനക്കാരെയോ പോലീസിനെയോ കണ്ടാൽ വിവരം പറയാനും ആവശ്യപ്പെട്ടു. പക്ഷേ, ട്രെയിൻ പഴയങ്ങാടി എത്തുന്നത് വരെ കോച്ചിൽ പോലീസോ സുരക്ഷാഉദ്യോഗസ്ഥരോ എത്തിയില്ലെന്നാണ് യുവതിയുടെ പിതാവ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. തുടർന്ന് മകളെ കൊണ്ടുവരാൻ പോയ താൻ പഴയങ്ങാടി സ്റ്റേഷനിലാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.


"രണ്ടോ മൂന്നോ സെക്കന്റുകൾ കൊണ്ട് എല്ലാം കഴിഞ്ഞു. ആ സമയത്ത് മകൾ ഷോക്കിലായിരുന്നു. ആ ഞെട്ടലിൽ ഒച്ചവെയ്ക്കാനോ ആരോടും ഒന്നും പറയാനോ
കഴിഞ്ഞില്ല. ശബ്ദം പുറത്തുവരാത്ത സ്ഥിതിയായിരുന്നു. ഒടുവിൽ അല്പസമയത്തിന്ശേഷം സാധാരണനിലയിലായതോടെയാണ് മകൾ എന്നെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത്.

ബുധനാഴ്ച പുലർച്ചെ 2.27-നാണ് മകൾ വിളിച്ചത്. അഞ്ചുമിനിറ്റോളം കരയുകയായിരുന്നു. ആദ്യം എന്തോ അപകടമുണ്ടായെന്നാണ് കരുതിയത്. അവൾക്ക് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മാല പോയതാണെന്ന് കേട്ടപ്പോൾ സുരക്ഷിതമായിരിക്കാനാണ് പറഞ്ഞത്. മാല പോകണമെങ്കിൽ പോകട്ടെ, അവിടെതന്നെ സേഫ് ആയി ഇരിക്കാൻ പറഞ്ഞു'- പിതാവ്.

തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട യുവതി ചില ശാരീരികാസ്വാസ്ഥ്യങ്ങൾ കാരണം ട്രെയിനിൽ കയറിയതിന് പിന്നാലെ ഉറങ്ങാൻ കിടന്നിരുന്നു. ട്രെയിൻ കൊല്ലത്ത് എത്തുന്നതിന് മുൻപാണ് ടി.ടി.ഇ. ടിക്കറ്റ് പരിശോധിച്ച് പോയത്. ഇതിനുശേഷം ഉറങ്ങിയ യുവതി പുലർച്ചെ ഒന്നരയോടെയാണ് എഴുന്നേറ്റത്. 1.34-ന് ആദ്യം ശൗചാലയത്തിൽ പോയി മടങ്ങി. തുടർന്ന് ഉറങ്ങാൻ കിടന്നെങ്കിലും ശാരീരികാസ്വാസ്ഥ്യം കാരണം ഇരുപതുമിനിറ്റിന് ശേഷം വീണ്ടും ശൗചാലയത്തിൽ പോയി. ഈ സമയത്ത് ഒരാൾ വാതിലിനരികെ നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നു. മറ്റൊരാൾ ഇതിന് സമീപത്തും ഉണ്ടായിരുന്നു. ശൗചാലയത്തിൽനിന്ന് പുറത്തിറങ്ങി വാഷ് ബേസിനിൽ കൈകഴുകുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്നയാൾ പിറകിലൂടെയെത്തി വായ പൊത്തിപ്പിടിച്ചത്. സെക്കന്റുകൾകൊണ്ട് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയും ചെയ്തു. തുടർന്ന് അക്രമിയും നേരത്തെ വാതിലിനരികെ നിന്നിരുന്നയാളും ട്രെയിനിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു.

രണ്ടുപേരും മുഖംമറച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് യുവതിയുടെ പിതാവ് പറഞ്ഞത്. പിറകിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചയാളെ മകൾ കണ്ണാടിയിൽ കണ്ടിരുന്നു. കോലൻമുടിയുള്ള ടീഷർട്ട് ധരിച്ച ചെറുപ്പക്കാരനായിരുന്നു ഇത് അയാളുടെ കൈകളിൽ പുകയിലയുടെ മണമുണ്ടായിരുന്നതായും സെക്കന്റുകൾ കൊണ്ടാണ് മാല പൊട്ടിച്ചതെന്നും ലോക്കറ്റ് മാത്രമാണ് ബാക്കികിട്ടിയതെന്നും പിതാവ് പറഞ്ഞു.

സംഭവത്തിൽ യുവതിയുടെയും പിതാവിന്റെയും പരാതി ലഭിച്ചതിന് പിന്നാലെ റെയിൽവേ പോലീസും ആർ.പി.എഫും ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള പലരുടെയും ചിത്രങ്ങൾ പോലീസ് കാണിച്ചെങ്കിലും യുവതിക്ക് ഇവരിൽനിന്ന് അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.


Post a Comment

Previous Post Next Post