ഇൻസ്റ്റഗ്രാം വഴിയാണ് അൻഷാദിനെ യുവതി പരിചയപ്പെടുന്നത്. തുടർന്ന് കൂടുതൽ അടുപ്പത്തിൽ ആവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു. കഴിഞ്ഞവർഷം പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയുള്ള വീട്ടിൽ കൊണ്ടുപോയി യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന യുവതിയെ അൻഷാദ് നിർബന്ധിച്ച് കാറിൽ കയറ്റി കൂട്ടിക്കൊണ്ടുപോയി മരടിലെ ഒരു ഹോംസ്റ്റേയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
തുടർന്ന് യുവതി കല്യാണം കഴിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അൻഷാദ് ഒഴിഞ്ഞുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിവരങ്ങൾ പുറത്തു പറഞ്ഞാൽ യുവതിയേയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. എല്ലാ മാർഗ്ഗങ്ങളും അടയുകയും ചെയ്തതോടുകൂടി യുവതി ആത്മഹത്യയുടെ വക്കിൽ എത്തി.
പിന്നീട് എറണാകുളം മരട് പോലീസ് സ്റ്റേഷനിൽ മൊഴി നൽകി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി അൻഷാദിനെ അടൂർ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി യുവതികളെ പ്രതി ഇതുപോലെ തന്നെ വശീകരിച്ച് വലയിൽ ആക്കിയിട്ടുണ്ടെന്നും നിരവധി വിവാഹിതരും അവിവാഹിതരും ആയ യുവതികൾ പ്രതിയുടെ ചതിക്കുഴിയിൽ പെട്ടിട്ടുണ്ടെന്നും മനസ്സിലായി. ഫോട്ടോഗ്രാഫറായ പ്രതി തന്റെ വിവിധ തരത്തിലുള്ള ഫോട്ടോകൾ ഫിൽറ്റർ ചെയ്തു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു സ്ത്രീകളെ വശീകരിക്കുകയായിരുന്നു.
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി ഐ ശ്രീജിത്ത് പി എസ് ഐ നിതീഷ്, എസ് ഐ ബിന്ദു രാജ്, എ എസ് ഐ രാജേന്ദ്രൻ, സി പി ഒ മാരായ വിഷ്ണു, ജയേഷ്, രാധാകൃഷ്ണൻ ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post a Comment