ദന്പതികൾ കുവൈറ്റിൽ മരിച്ചനിലയിൽ. കോന്നി പൂങ്കാവ് ളാക്കൂർ പൂത്തേത്ത് വീട്ടിൽ സൈജു സൈമൺ(35 ) ഭാര്യ ജീന (32 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞദിവസം പുലർച്ചെ കുവൈറ്റിലെ സാൽമിയായിലായിരുന്നു സംഭവം. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കുവൈറ്റിൽ ആരോഗ്യ വിഭാഗം ജീവനക്കാരനായിരുന്നു സൈജു സൈമൺ. കുടുംബപ്രശ്നങ്ങൾ കാരണം ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഫ്ലാറ്റിനു മുകളിൽനിന്നു താഴേക്കു ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
അടൂർ ഏഴംകുളം സ്വദേശിയായ ജീന കുവൈറ്റിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ജീനയെ വീടിനുള്ളിൽ മരിച്ച നിലയിലും സൈജുവിനെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സൈജുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീട് പോലീസ് സംഘം വീട് തള്ളിത്തുറന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ജീനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മാസങ്ങൾക്കു മുൻപാണ് സൈജു നാട്ടിൽ വന്ന് തിരികെ പോയത്. പ്രമാടം പൂത്തേത് വീട്ടിൽ സൈമൺ - ആലീസ് ദമ്പതികളുടെ മകനാണ് സൈജു സൈമൺ. കുവൈറ്റിലെ നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ നടന്നുവരുന്നു.
Post a Comment