കറുവഞ്ചാൽ : അതിജീവിതയ്ക്കും കുടുംബത്തിനുമെതിരേ പോക്സോ കേസുകളിലെ പ്രതികൾ നിരന്തരം കള്ളക്കേസുകൾ നൽകി ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയെക്കുറിച്ച് കണ്ണൂർ (റൂറൽ) ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. തളിപ്പറമ്പ് വെള്ളാട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മിഷൻ ജില്ലാ പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പരാതിക്കാരന്റെ വീടിന് ചുറ്റും താമസിച്ചിരുന്നു.
പോക്സോ കേസുണ്ടായ ശേഷം നാട്ടുകാരിൽ പലരും പരാതിക്കാരനുമായി അകൽച്ചയിലാണ്. ഇരുവിഭാഗവും തമ്മിൽ നിസ്സാരപ്രശ്നങ്ങളുടെ പേരിൽ വാക്തർക്കങ്ങളും പരാതികളും പതിവാണ്. ഇതിനെത്തുടർന്ന് പരാതിക്കാരനും കുടുംബവും താമസം മാറി.
പ്രദേശവാസികളുടെ സമ്മർദഫലമായി കേസ് പിൻവലിക്കേണ്ടിവരുമെന്ന ആശങ്ക കാരണമാണ് പരാതിക്കാരൻ താമസം മാറിയത്.
എന്നാൽ കേസുകൾ പിൻവലിക്കാൻ എതിർകക്ഷികളുടെ ഭാഗത്തുനിന്ന് സമ്മർദമില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
Post a Comment