പുതിയ തരം കാറുകളിൽ ഡോർ തുറന്ന് വരുന്നത് രണ്ടുഘട്ടമായിട്ടാണ്. എന്ത് കൊണ്ട്? : car




നമ്മുടെ നാട്ടിലെ റോഡുകളിൽ അപകടമുണ്ടാക്കുന്ന ഒരു പ്രധാന സംഗതിയാണ് കാർ യാത്രക്കാർ അലക്ഷ്യമായി വാഹനത്തിന്റെ ഡോർ തുറക്കുന്നത്.വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്യുമ്പോഴും വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി നമ്മുടെ നാട്ടിലെ പല ഡ്രൈവര്‍മാര്‍ക്കും യാതൊരുവിധ ധാരണയും ഇല്ല. ഇതുമൂലം സംഭവിക്കുന്ന അപകടങ്ങളും കുറവല്ല. പലപ്പോഴും ഇരുചക്രവാഹന യാത്രികരാകും ഈ അശ്രദ്ധയ്ക്ക് ഇരയാകേണ്ടിവരിക. യഥാർത്ഥത്തിൽ കാറിന്റെ ഡോർ തുറക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്.കാറുകളുടെ ഡോർ തട്ടി നിരവധി സൈക്കിൾ യാത്രക്കാർ അപകടത്തിൽപ്പെട്ടപ്പോൾ നെതർലൻഡ്‌സുകാർ അപകടമൊഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു.

സുരക്ഷിതമായി ഡോർ തുറക്കുന്നതിന് അവർ ഒരു ശൈലി കണ്ടെത്തി.അതാണ് ഡച്ച് റീച്ച്. ഡോറിനോട് ചേർന്നിരിക്കുന്ന കൈകൊണ്ട് തുറക്കുന്നതിനു പകരം എതിർവശത്തെ കൈ ഉപയോഗിച്ച് ഡോർ തുറക്കുന്നതിനെയാണ് ഡച്ച്‌റീച്ച് രീതി എന്ന് വിളിക്കുന്നത്. എതിർ വശത്തെ കൈ ഡോർ ഹാൻഡിലിലേക്ക് എത്തുമ്പോൾ ഡോർ തുറക്കുന്ന വ്യക്തിയുടെ മുഖം വാഹനത്തിന്റെ ഗ്ലാസിനോടു ചേർന്ന് വരും. ഹാൻഡിലും ,ലോക്കും തുറക്കുമ്പോൾ മുഖം സ്വഭാവികമായി പിന്നിലേക്കു തിരിക്കേണ്ടിവരും. വാഹനത്തിനോടു ചേർന്നു വരുന്ന എന്തും ഉടൻ കണ്ണിൽപെടും. ഇത് ശീലമാക്കുന്നതോടെ അപകടം ഒഴിവാക്കാനാകും.ഡോറിനോടു ചേർന്നിരിക്കുന്ന കൈകൊണ്ട് ഹാൻഡിൽ ലോക്ക് മാറ്റി ഡോർ തുറക്കുന്ന രീതിയാണ് നമ്മൾ പിന്തുടരുന്നത്. ശരീരം ആയാസപ്പെടാതെ ഡോർ തുറക്കാനാകും. ഈ രീതിയിൽ ഡോർ തുറക്കുമ്പോൾ പാർശ്വഭാഗത്തെ കാഴ്ചകൾ ശ്രദ്ധിക്കില്ല. പിന്നാലെ വരുന്നത് വലിയ വാഹനങ്ങളാണെങ്കിൽ ഡോർ തുറക്കുന്നവർക്കും അപകടമുണ്ടാകാം.

ബൈക്ക് യാത്രികർ അല്പം ശ്രദ്ധിക്കണം.

നിർത്തിയിട്ടിരിക്കുന്ന കാറുകളോടു ചേർന്ന് ഒരിക്കലും വാഹനം ഓടിക്കാതിരിക്കുക. കുറഞ്ഞത് അരമീറ്ററെങ്കിലും അകലം പാലിച്ചുവേണം കടന്നുപോകേണ്ടത്. ഹോൺ മുഴക്കുന്നത് കാർ ഡ്രൈവറുടെയൊ, യാത്രക്കാരന്റെയൊ ശ്രദ്ധ ആകർഷിക്കും അത് വഴി അപകടം ഒഴിവാകും. പുതിയ തലമുറ കാറുകളിൽ രണ്ടുഘട്ടമായിട്ടാണ് ഡോർ തുറന്ന് വരുന്നത്. ലോക്ക് മാറ്റി ഡോർ തള്ളുമ്പോൾ പകുതി മാത്രമേ തുറക്കുകയുള്ളൂ. വീണ്ടും ശക്തിയോടെ തള്ളിയാൽ മാത്രമേ ഡോർ പൂർണമായും തുറന്നു മാറുകയുള്ളൂ. ഡ്രൈവർക്കൊ, യാത്രക്കാരനൊ പുറത്തിറങ്ങണമെങ്കിൽ ഡോർ പൂർണമായും തള്ളിത്തുറക്കേണ്ടിവരും. നമ്മുടെ റോഡുകളിൽ അനധികൃത പാർക്കിങ് സ്ഥിരമായതിനാൽ റോഡരുകിൽ കാറുകളുടെ നീണ്ടനിര കാണാറുണ്ട്.മറ്റു വാഹനങ്ങളുടെ ഇടതുവശത്തുകൂടി മറികടക്കുന്ന പ്രവണത ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്ക് കൂടുതലാണ്. ഭൂരിഭാഗം കാറുകളുടെയും ഡോർ ഹാൻഡിലിനോട് ചേർന്നുവരുന്ന ഭാഗത്തിനാണ് നീളം കൂടുതൽ. ഇത്തരം ഡോറുകൾ തുറന്നുവരുമ്പോൾ നീളം കൂടിയ ഭാഗം ബൈക്ക് ഹാൻഡിലിനു സമാന്തരമായി വരും. ചെറിയ തട്ടുപോലും ബൈക്ക് യാത്രികരുടെ നിയന്ത്രണം നഷ്ടമാക്കും. ബൈക്ക് ഹാൻഡിൽ ഡോറുമായി തട്ടുമ്പോൾ യാത്രക്കാരൻ എതിർദിശയിലേക്കു തെറിച്ച് വീഴാനാണ് സാധ്യത കൂടുതൽ. ഹാൻഡിൽ പെട്ടെന്ന് ഇടത്തേക്കു തിരിയുമ്പോൾ മുന്നിലേക്ക് ആയാനും റോഡിലേക്കുതന്നെ വീഴാനും സാധ്യത കൂടും. വലതുവശത്ത് മറ്റേതെങ്കിലും വാഹനം ഉണ്ടെങ്കിൽ അപകടം ഉറപ്പാണ്.

നിലവിൽ ഇത്തരത്തിൽ ചെയ്യാത്തവരും ഇനി മുതൽ വാഹനങ്ങളുടെ ഡോർ തുറക്കുന്നതിൽ ഈ രീതി സ്വീകരിക്കുക.ഡച്ചുകാർക്ക് മലയാളത്തിൽ ഉപയോഗിച്ചിരുന്ന പേരാണ് ലന്തക്കാർ. അതിനാൽ ഈ രീതിക്ക് ലന്തക്കാർ റീച്ച് എന്നും പറയുന്നു.

Post a Comment

Previous Post Next Post