പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്?

പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷ അഭിപ്രായങ്ങളും കണ്ണു കിട്ടാതിരിക്കാനാണ് ഈ കറുത്ത ചരട് പരിപാടി എന്നതാണ്. ചില ജ്യോതിഷ പ്രതിവിധികളിൽ ശനി എന്ന ഗ്രഹത്തിന്റെ നിലകൊണ്ടാണ് ചില പ്രത്യേക ദോഷങ്ങൾ വരുന്നതെന്ന് വിശ്വസിക്കുന്നവർ ശനിയുടെ ഗ്രഹനിലയാലുള്ള പ്രശ്നങ്ങൾ അകറ്റാൻ കറുത്ത തൂവാല ഉൾപ്പെടെ എന്തെങ്കിലും സാധനം മറ്റുള്ളവർക്ക് കാണാൻ പറ്റുന്ന രീതിയിൽ എല്ലാവരും അവരവരുടെ ദേഹത്തണിയണം എന്ന് വിശ്വസിക്കുന്നുണ്ട്. ശനി ഇരുമ്പിനെയും പ്രതിനിധാനം ചെയ്യുന്നത് കൊണ്ട് ഇരുമ്പ് വസ്തുക്കൾ കൈയിൽ കൊണ്ട് നടക്കുന്നതും നല്ലതെന്ന് വിശ്വാസം.

 ഇതിനായി വടക്കേ ഇന്ത്യയിൽ ചിലർ കുതിരക്കൊളമ്പ് കൊണ്ട് മോതിരവും മറ്റും അണിയും. ചിലർ ഇന്ദ്രനീലക്കല്ലു കൊണ്ടുള്ള വെള്ളി/സ്റ്റീൽ/ഇരുമ്പ് മോതിരവും അണിയും. ഇതുപോലെയുള്ള കല്ലുകളും ചരടും വസ്തുക്കളും സുഗന്ധ ദ്രവ്യങ്ങളും ഇങ്ങനെ അപകടങ്ങളെ അകറ്റാനും ഭാഗ്യം ഉണ്ടാകാനും നമ്മൾ ഭാരതീയർ മാത്രമല്ല ഐറിഷ് ആളുകളും, തുർക്കിയിലുള്ളവരും, അഫ്ഗാനികളും, ഇറ്റലിക്കാരും, ആഫ്രിക്കക്കാരും, ചൈനക്കാരും, മെക്സിക്കൻസും, അമേരിക്കക്കാരും ഒക്കെ അണിയാറുണ്ട്.

ചില പാശ്ചാത്യ രാജ്യങ്ങളിൽ ഇങ്ങനെ ഭാഗ്യത്തിനായും അപകടങ്ങളിൽ നിന്നും സ്വയം രക്ഷിക്കാനെന്നും വിശ്വസിച്ച് അണിയുന്ന വസ്തുക്കളെ ടാലിസ്മൻ എന്നും ഗുഡ് ലക്ക് ചാർമ് എന്നുമൊക്കെ പറയും. ഉദാഹരണമായി ദി മമ്മി എന്ന ഹോളി വുഡ് സിനിമയിലെ Beni Gabor വില്ലനായ മമ്മി ഉയർത്തെഴുന്നേറ്റ് വരുമ്പോൾ തന്റെ കഴുത്തിലെ സകലമാന മാലകളും ലോക്കറ്റുകളും കാണിച്ച് മന്ത്രങ്ങൾ ചൊല്ലി നോക്കുന്നത് കാണാം.

ന്യൂജെന്‍ പെണ്‍കുട്ടികള്‍ പാദസരങ്ങള്‍ക്ക് പകരം കറുത്ത ചരട് ഒരു കാലില്‍ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. അത് ചുമ്മാ സ്‌റ്റൈലിന് വേണ്ടി കെട്ടുന്നവരാണ് കൂടുതല്‍. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെണ്‍കുട്ടികളാണ് ഇങ്ങനെ ഒരു കാലില്‍ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. ഇത് ട്രെന്‍ഡാണ് അതില്‍ കല്ല്യാണം കഴിഞ്ഞവര്‍ക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാന്‍ കറുത്ത ചരട് സഹായിക്കും.

ചിലർ ഫാഷന്റെ പേരിലും മറ്റുചിലർ വിശ്വാസത്തിന്റെ പേരിൽ ജപിച്ചും ചരട് ധരിക്കാറുണ്ട് . ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം .

ഇതൊക്കെ നിങ്ങൾക്ക് ഒരു മാനസിക ധൈര്യം തരുന്നെങ്കിൽ ഇടുന്നതിൽ ആരെയും ഉപദ്രവിക്കുന്നില്ലെങ്കിൽ ഒരു പ്രശ്നവുമില്ല. "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും" എന്ന ഒരു തത്വശാസ്ത്രം. അതിൽക്കവിഞ്ഞൊരു മാന്ത്രികത ഇതിന് ഇല്ല എന്നതാണ് ശാസ്ത്രം. പലർക്കും അവരുടെ പൂർണമായ വിശ്വാസം ഒരു അവാച്യമായ ധൈര്യം നൽകുന്നുണ്ട്. അത് മറ്റുള്ളവരെ ഉപദ്രവിക്കാത്തിടത്തോളവും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാത്തിടത്തോളവും അവരവരെ ഉയർത്തുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ല എന്ന് കരുതാം.

Post a Comment

Previous Post Next Post