വായാട്ടുപറമ്പ് ഫൊറോന ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നാളെ


 വായാട്ടുപറമ്പ്: കുടിയേറ്റ മേഖലയിലെ പുരാതന ദേവാലയങ്ങളില്‍ ഒന്നായ വായാട്ടുപറമ്ബ് സെന്‍റ് ജോസഫ്സ് ഫൊറോനാ ഇടവകയ്ക്കുവേണ്ടി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ ശിലാസ്ഥാപന കര്‍മം തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നാളെ രാവിലെ ഒന്പതിന് നിര്‍വഹിക്കും.

കുടിയേറ്റ ശതാബ്ദിയോടനുബന്ധിച്ചാണ് പുതിയ ദേവാലയ നിര്‍മാണം. 

മലയോര ഹൈവേയ്ക്ക് അഭിമുഖമായാണ് പുതിയ ദേവാലയം നിര്‍മിക്കുന്നത്. ഇടവക വികാരി ഫാ. തോമസ് തെങ്ങുംപള്ളിയുടെ നേതൃത്വത്തില്‍ ഇടവക കോ-ഓഡിനേറ്റര്‍ മാത്യു പുത്തൻപുര ജനറല്‍ കണ്‍വീനറും, കൈക്കാരന്മാരായ ആന്‍റണി മഞ്ഞളാംകുന്നേല്‍, ജേക്കബ് വളയത്ത്, ജോസ് വട്ടപ്പറമ്ബില്‍, തോമസ് കണ്ണാമ്ബടം, രാജു വരിക്കാംതൊട്ടിയില്‍, റോബി ചെല്ലങ്കോട്ട്, പാരിഷ്കൗണ്‍സില്‍ സെക്രട്ടറി ജയ്സണ്‍ അട്ടാറിമാക്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരായുമായുള്ള 201 അംഗകമ്മിറ്റി ദേവാലയ നിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്നു. 

ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണ്ടിമേഴ്സ് ആര്‍ക്കിടെക്ചറല്‍ കമ്ബനിയാണ് പുതിയ ദേവാലയം രൂപകല്പന ചെയ്തിരിക്കുന്നത്. ഇടവകയില്‍നിന്ന് നിര്‍മിച്ചുകൊടുക്കുന്ന ആറാമത്തെ ഭവനത്തിന്‍റെ അടിസ്ഥാനശിലയും ഇതോടൊപ്പം വെഞ്ചിരിക്കും. 

ആദ്യദേവാലയം 1933ല്‍

1928 ലാണ് ആദ്യ കുടിയേറ്റക്കാര്‍ വായാട്ടുപറമ്ബ് പ്രദേശത്ത് എത്തിച്ചേര്‍ന്നത്. ആ വര്‍ഷം മുതല്‍ തന്നെ തളിപ്പറമ്ബ് തൃച്ചംബരത്തുള്ള ലത്തീൻ ദേവാലയത്തില്‍നിന്നുള്ള വൈദികര്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. 

1933ലാണ് ആദ്യദേവാലയം നിര്‍മിക്കുന്നത്. 1953ല്‍ തലശേരി രൂപത സ്ഥാപിതമായെങ്കിലും 1962 വരെ വായാട്ടുപറമ്ബ് പള്ളി കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു. തലശേരി അതിരൂപതയില്‍നിന്നുള്ള ആദ്യകാല വൈദികരുടെ നേതൃത്വത്തില്‍ വായാട്ട്പറമ്ബ് യുപി സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവ ആരംഭിക്കുകയും കുടിയേറ്റ മേഖലയിലെ മികച്ച ഇടവകയായി മാറുകയും ചെയ്തു. 

1976 മുതല്‍ 1986 വരെ ഇവിടെ വികാരിയായി സേവനമനുഷ്ഠിച്ച ജോസ് മണിമലത്തറപ്പിലച്ചൻ ആണ് നിലവിലുള്ള പള്ളി പണി കഴിപ്പിച്ചത്. 2008ല്‍ ഫൊറോനയായി ഉയര്‍ത്തപ്പെട്ട വായാട്ടുപറമ്ബ് ഇടവകയില്‍ 800 ലധികം കുടുംബങ്ങളാണ് ഉള്ളത്.

Post a Comment

Previous Post Next Post