കാട്ടാന ആക്രമണം നിത്യസംഭവം; ഉത്തരവാദിത്വം വനം വകുപ്പിന്.കേരള കോൺഗ്രസ് (എം )



ആലക്കോട്: കണ്ണൂർ ജില്ലയിലെ വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ കാട്ടാനയടക്കമുള്ള വന്യജീവികളുടെ ആക്രമണം നിത്യസംഭവമായിരിക്കുകയാണെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം വനപാലകർക്കാണെന്നും കേരള കോൺഗ്രസ് (എം ) ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം ആരോപിച്ചു.

ആലക്കോട് പഞ്ചായത്തിലെ കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി പത്തോളം വരുന്ന കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് ഭൂമിയിലെ കൃഷിയാണ് നശിപ്പിച്ചത്. ഒരു പുരയിടത്തിലെ രണ്ടായിരത്തോളം കുലച്ച നേന്ത്രവാഴകളാണ് കാട്ടാനക്കൂട്ടം ഇല്ലാതാക്കിയത്.

നിരവധി കർഷകരുടെ കൃഷിയിടങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഉളിക്കലിലെ ജനവാസ മേഖലയിൽ ഭീതി വിതച്ച കാട്ടാന ഒരാളെ കൊല്ലുകയും വ്യാപക നാശനഷ്ടങ്ങളണ്ടാക്കുകയും ചെയ്തത്.

മനുഷ്യരുടെ സ്വത്തിനും ജീവനും യാതൊരു പരിഗണനയും നൽകാതെ വന്യമൃഗത്തെ സംരക്ഷിക്കുന്ന നടപടികൾ മാത്രമാണ് വനം വകുപ്പ് ചെയ്യുന്നത്.

വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങുന്നത് തടയുന്നതിനും വനം വകുപ്പ് നിലവിൽ സ്വീകരിക്കുന്ന നടപടികളത്രയും അശാസ്ത്രീയവും 
മനുഷ്യദ്രോഹപരവുമാണ്.

1972ലെ വന്യജീവി സംരക്ഷണ നിയമം അടിമുടി പരിഷ്കരിക്കാതെ വനാതിർത്തി പ്രദേശത്ത് ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സ്വന്തം വീട്ടിനുള്ളിൽപ്പോലും മനുഷ്യർക്ക് സുരക്ഷിതത്വമില്ല. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിൽ മൃഗത്തിന് പരിക്ക് പറ്റിയാൽ മനുഷ്യർ ജാമ്യം കിട്ടാതെ ജയിലിൽ പോകുന്ന സാഹചര്യമാണ് വനാതിർത്തി പ്രദേശത്ത് നിലനിൽക്കുന്നത്. ഈ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുകയാണ്.

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിനാൽ വൻനഷ്ടമുണ്ടായ കർഷകർക്ക് അടിയന്തര ധനസഹായം നൽകാൻ വനംവകുപ്പും സർക്കാരും തയ്യാറാകണമെന്നും സജി കുറ്റ്യാനിമറ്റം ആവശ്യപ്പെട്ടു. കാട്ടാനക്കൂട്ടം ആക്രമിച്ച കൃഷിയിടങ്ങൾ കേരള കോൺഗ്രസ് എം ഭാരവാഹികൾ സന്ദർശിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രതിനിധി റോയി അഴിമുഗം, കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി സി ജെ ജോൺ , ബിജു പുതുക്കള്ളി, ജിനോ പാറമാക്കൽ , ക്രിസ്റ്റി വർഗ്ഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രദേശത്തെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് കൈമാറുമെന്നും അക്കാര്യം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശക്തമായ നടപടി ഉറപ്പാക്കുന്നതിനായി പോരാടുമെന്നും സജി കുറ്റ്യാനിമറ്റം അറിയിച്ചു.

ഇനിയും അക്രമങ്ങൾ തുടർകഥ ആവുകയും അതുവഴി ഇനിയും കർഷകർ കണ്ണീരിലാകുന്ന അവസ്ഥ വന്നാൽ ശക്തമായ സമരമാർഗങ്ങൾ അപലവിക്കുമെന്നും, കർഷകർക്ക് വേണ്ടി ഏതു അറ്റം വരെ പോയും ഈ സാഹചര്യത്തെ പ്രധിരോധിക്കുമെന്നും അതിന്റെ പേരിൽ ശിക്ഷ അനുബവിക്കേണ്ടി വന്നാലും ജയിലിൽ കിടക്കേണ്ട വന്നാലും അതിനും തയാർ ആണെന്നും റോയ് അഴിമുഗം പറഞ്ഞു.

Post a Comment

Previous Post Next Post