3000 പാപ്പാമാർ അണിനിരന്നു: ആഘോഷത്തിരയിളക്കി ഇരിട്ടിയിൽ പാപ്പാ സംഗമം ✨💫 Buon Natale

ഇരിട്ടി : കെ.സി.വൈ.എം. തലശ്ശേരി
അതിരൂപതയുടെ നേതൃത്വത്തിൽ 'ബോൺ നത്താലെ' ക്രിസ്‌മസ് സന്ദേശറാലിയും പാപ്പാസംഗമവും നടന്നു. 3000 പാപ്പമാർ നൃത്തംചവിട്ടി ഇരിട്ടി നഗരം ചുറ്റിയത് വേറിട്ട കാഴ്ച്‌ചയായി. മൂന്നാം വർഷമാണ് ബോൺ നതാലെ ഇരിട്ടിയിൽ നടക്കുന്നത്. തലശ്ശേരി അതിരൂപതയുടെ 19 ഫൊറോനകളിൽനിന്ന് ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്തു.

കെ.സി.വൈ.എം. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നെല്ലിക്കാംപൊയിൽ, കുന്നോത്ത്, മണിക്കടവ്, എടൂർ, പേരാവൂർ ഫൊറോന സമിതികൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പഴയ പാലത്തിനടുത്ത് പാപ്പമാർ അണിനിരന്ന റാലി തലശ്ശേരി വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ പാലക്കുഴി ഫ്ലാഗ്‌ഓഫ് ചെയ്തു. അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ക്രിസ്‌മസ് സന്ദേശം നൽകി.

ക്രിസ്മസ് എല്ലാവർക്കും സന്തോഷദിനമാണ്. എന്നാൽ നമ്മുടെ സന്തോഷങ്ങൾ വിഭാഗീയവത്കരിക്കപ്പെട്ടിരിക്കുന്നു. ഒരാളുടെ സന്തോഷം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ല. എന്നാൽ ബുദ്ധിമുട്ടുണ്ടാകുന്നത് നമ്മൾ കാണേണ്ടിവരുന്നുണ്ട്.

ക്രിസ്തുവിന്റെ സന്ദേശം എല്ലാവർക്കും സന്തോഷം പകരുന്നതാകണം. സഹോദരനെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നവരുടെ മനസ്സിലാണ് തിരുപ്പിറവി നടക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

തന്തോടുനിന്ന് ആരംഭിച്ച പാപ്പാറാലി മുനിസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിച്ചു. 12 നിശ്ചലദൃശ്യങ്ങൾ, സഞ്ചരിക്കുന്ന പുൽക്കൂടുകൾ എന്നിവയുണ്ടായിരുന്നു. അതിരൂപത പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയി കുര്യൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ കെ. ശ്രീലത, അതിരൂപത ഡയറക്‌ടർ ജീൻസ് വാളിപ്ലാക്കൽ എന്നിവർ സംസാരിച്ചു.

അഖില ചാലയ്ക്കൽ, ഫാ. ജോസഫ് കാവനാടി, അഭിഷേക് കുറുമുട്ടം, ജിബിൻ തയ്യിൽ, ബിബിൻ പീടിയേക്കൽ, എഡ്വിൻ തെക്കേമുറിയിൽ, ഫാ. സെബാൻ എടയാടിയിൽ, ഫാ. എഡ്വിൻ കോയിപ്പുറം, ഫാ. ജെയ്സ് കുരിശുംമൂട്ടിൽ, ഫാ. ജിന്റോ പന്തലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post