കുറ്റ്യാടി : അപൂർവമായി കാണുന്ന മാക്കാച്ചിക്കാടയെ ജാനകിക്കാട്ടിൽ കണ്ടെത്തി. എക്കോ ടൂറിസം സെന്ററിന് സമീപമാണ് ഞായറാഴ്ച മാക്കാച്ചിക്കാടകളെ കണ്ടത്. ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൻ്റെ ചില മേഖലകളിലുമാണ് ഇവ കാണപ്പെടുന്നത്.
തട്ടേക്കാട് പക്ഷിസങ്കേതത്തിലാണ് ഇവയെ കൂടുതൽ കണ്ടുവരുന്നത്. ആദ്യമായാണ് മാക്കാച്ചിക്കാടയെ ജാനകിക്കാട്ടിൽ കണ്ടെത്തിയതെന്നും ഏകദേശം മുപ്പതോളം മാക്കാച്ചിക്കാടകളെ ടൂറിസം സെന്ററിന് സമീപത്ത് ഞായറാഴ്ച പല സമയങ്ങളിലായി കാണാനായെന്നും വനംവകുപ്പ് വാച്ചറായ സുധീഷ് പറഞ്ഞു.
കരിയിലയുടെ നിറമായതിനാൽ ശ്രദ്ധയിൽപ്പെടാനും പ്രയാസമാണ്. രാത്രിയാണ് ഇവ ഇരപിടിക്കുന്നത്. പകൽ കാഴ്ച കുറവാണ്. ഷഡ്‌പദങ്ങളെയും മറ്റ് ചെറുപ്രാണികളെയും ആഹാരമാക്കുന്ന ഇവയ്ക്ക് 'തവള വായൻ' എന്നും പേരുണ്ട്. ആൺപക്ഷിക്ക് ചാരനിറവും പെൺപക്ഷിക്ക് തവിട്ടുനിറവുമാണ്. ഇവയ്ക്ക് ഏകദേശം മൈനയുടെ വലിപ്പംവരും. മുഖത്തിന് മൂങ്ങയുമായി സാമ്യമുള്ള ഇവ വർഷത്തിൽ ഒരുമുട്ട മാത്രമേ ഇടൂ. മുട്ടവിരിയാൻ ഒരു മാസമെടുക്കും.

Post a Comment