എറണാകുളം ജില്ലയില്‍ പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളില്‍ 20 പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടവന്ത്രയില്‍ നിന്ന് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലെ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നടന്ന പരിശോധനകളിലാണ് 20 പേർ പിടിയിലായത്. ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവർ മുതല്‍ വിദ്യാർത്ഥിനികള്‍ വരെയുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസമായി ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.
ഇടപാടിന് പുസ്തകം സൂക്ഷിച്ചിരുന്ന ഇവർ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയത് ഓണ്‍ലൈനായി മാത്രമായിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികള്‍ മുതല്‍ പ്രായംചെന്ന സ്ത്രീകള്‍ വരെ സംഘത്തില്‍ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ആലുവയില്‍ പന്ത്രണ്ട സംഘവും സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളില്‍ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post a Comment