ചെമ്പേരി: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്കു നടത്തിയ ആദ്യത്തെ മരിയൻ തീർത്ഥാടന യാത്രയിൽ വൻ ജനസാഗരം. വിവിധ ഫൊറോനകളിലെ ഇടവകകളിൽ നിന്ന് തീർത്ഥാടകരായി ആയിരക്കണക്കിന് വിശ്വാസികൾ ഇന്ന് പുലർച്ചെ ചെമ്പേരി ബസിലിക്കയിൽ എത്തിച്ചേർന്നു.
അയ്യായിരത്തോളം പേരെ മാത്രം പ്രതീക്ഷിച്ചിടത്ത് വർദിത സ്വീകാര്യതയോടെ ഇരുപതിനായിരത്തോളം വിശ്വാസികളാണ് എത്തിച്ചേർന്നത്. 30ലധികം കിലോമീറ്റർ കാൽനടയായി സഞ്ചരിക്കേണ്ടതായി ഉണ്ടായിട്ടുപോലും പ്രായഭേദമെന്യേ കുട്ടികൾ മുതൽ പ്രായമായവർ വരെ ആവേശത്തോടെ റാലിയിൽ പങ്കെടുക്കുന്ന കാഴ്ചകളാണ് റാലിയിൽ ഉടനീളം കണ്ടത്.
മലയോര മേഖല സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസ പ്രഖ്യാപനങ്ങളിൽ ഒന്നായി ജപമാല റാലി ചരിത്രത്തിൽ ഇടം നേടി എന്നത് വലിയ സന്തോഷം നൽകുന്ന ഒന്നാണെന്ന് വൈദികർ പ്രതികരിച്ചു.
തീർത്ഥാടന യാത്രക്ക് മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം ആലക്കോട്, എടൂർ ഫൊറോന പള്ളികൾ കേന്ദ്രീകരിച്ച് മരിയൻ സന്ധ്യ ആചരിച്ചു. രാത്രി 7.30 ന് എടൂർ ഫൊറോന പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്ക് ശേഷം 8.30 ന് ജപമാല റാലിക്ക് തുടക്കമായി.
രാത്രി പത്തിനാണ് ആലക്കോട് ഫൊറോനയിൽ നിന്നുള്ള ജപമാല റാലി ആരംഭിച്ചത്. രാത്രിയിൽ കാൽനടയായി കിലോമീറ്ററുകൾ താണ്ടി ചെമ്പേരിയിലേക്ക് നടത്തിയ തീർത്ഥാടന യാത്രയുടെ ഭാഗമായ രണ്ട് റാലികളിലും വഴിമധ്യേ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും അണിചേർന്നു.
പുലർച്ചെ 5.00 ഓടെയാണ് തീർത്ഥാടകർ ചെമ്പേരി ബസിലിക്കയിൽ എത്തിച്ചേർന്നു. തീർത്ഥാടകർക്കായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയോടെ ചെമ്പേരി ബസിലിക്കയിലേക്ക് നടത്തിയ പ്രഥമ മരിയൻ തീർത്ഥാടന യാത്രക്ക് സമാപനമായി. തുടർന്ന് തീർത്ഥാടകർക്ക് നേർച്ചഭക്ഷണവും വിതരണം ചെയ്തു .
ജപമാല റാലി അഭിഷേകത്തിന്റെ അനുഭവമായിരുന്നു എന്നും റാലിയിൽ ഉടനീളം വലിയ കൂട്ടായ്മയുടെ ചേർത്തുപിടിക്കലുകൾ അനുഭവേദ്യമയെന്നും വിശ്വാസികൾ മലയാരം ന്യൂസിനോട് പ്രതികരിച്ചു.
Post a Comment