സാനിറ്ററി പാഡുകള്‍ ആരോഗ്യത്തിന് ഹാനികരമോ? സ്ത്രീകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
ഒരു ശരാശരി സ്ത്രീ അവളുടെ ജീവിതകാലത്തിനിടയില്‍ ഏകദേശം 11,000 സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഉപയോഗിക്കാതെ വയ്യെന്ന് പറയുമ്പോഴും സാനിറ്ററി പാഡുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ പാരിസ്ഥിതിക വെല്ലുവിളികള്‍ വരെ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. സാമൂഹിക പ്രവര്‍ത്തകനും ഗ്രീന്‍പെന്‍സില്‍ ഫൗണ്ടേഷന്റെ സ്ഥാപകനുമായ സാന്‍ഡി ഖണ്ഡേ ടൈംസ് നൗ ന് നല്‍കിയ അഭിമുഖത്തിലാണ് സാനിറ്ററി പാഡുകളുടെ ദോഷ വശങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
എന്തൊക്കെയാണ് സാനിറ്ററി പാഡുകളുടെ അപകടങ്ങള്‍?
ഒറ്റത്തവണ ഉപയോഗിക്കുന്ന പാഡുകളില്‍ ഡയോക്‌സിന്‍, ഫ്യുറാന്‍, അസ്ഥിരമായ പല ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ പാഡുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പ്രക്രിയകളുടെ ഉപോത്പന്നങ്ങളായ രാസവസ്തുക്കളൊക്കെയും ചര്‍മ്മത്തിന് ദോഷമുണ്ടാക്കുകയും ഹോര്‍മോണ്‍ ഉത്പാദനം തടസ്സപ്പെടുത്താനും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കാനും കാരണമാകും. അതുപോലെ തന്നെ മറ്റൊരു അപകടകരമായ വസ്തുത പാഡുകളില്‍ സാധാരണ ചേര്‍ക്കുന്ന സുഗന്ധദ്രവ്യങ്ങളും ഡിയോഡോറൈസറുകളും അലര്‍ജി പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും.
ഇത് യോനിയിലെ മൈക്രോബയോമിനെ തടസപ്പെടുത്തുകയും അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സാനിറ്ററി പാഡുകളിലുളള പ്ലാസ്റ്റിക് പാളി നനവുളള അന്തരീക്ഷം സൃഷ്ടിക്കുന്നതുകൊണ്ട് ഇത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇതുമൂലം മൂത്രനാളിയില്‍ അണുബാധ, യോനിയിലെ യീസ്റ്റ് അണുബാധ ഇവയ്ക്ക് സാധ്യതയുണ്ട്. ഇത്തരം പ്ലാസ്റ്റിക് പാളിയുള്ള പാഡുകളുടെ ദീര്‍ഘമായ ഉപയോഗം ചര്‍മ്മത്തിന് തിണര്‍പ്പും പാടുകളും ഉണ്ടാക്കും. നാല് അല്ലെങ്കില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ എസ്‌ഷെറിച്ചിയ കോളി, സ്റ്റെഫൈലോകോക്കസ് തുടങ്ങിയ ഹാനികരമായ ബാക്ടീരിയകളുടെ വളര്‍ച്ച സുഗമമാക്കും. ജീവന്‍ പോലും അപകടപ്പെടുത്തുന്ന ടോക്‌സിക് ഷോക് സിന്‍ഡ്രോം പോലെയുളള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.
സാനിറ്ററി പാടുകള്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നത് എങ്ങനെ?
ഉപയോഗശേഷം കളയുന്ന പാഡുകളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്. ഉപേക്ഷിക്കപ്പെട്ട പാഡുകളില്‍നിന്നുള്ള മൈക്രോ പ്ലാസ്റ്റിക്കും രാസവസ്തുക്കളും മണ്ണിലും വെള്ളത്തിലും എത്തുകയും ആവാസവ്യവസ്ഥയെ മലിനമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ബയോഡീഗ്രേഡബിള്‍ പാഡുകള്‍, ആര്‍ത്തവ കപ്പുകള്‍, പുനരുപയോഗിക്കാവുന്ന തുണി പാഡുകള്‍ എന്നിവ പോലെയുളളവ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാണെന്ന് സാന്‍ഡി ഖണ്ഡേ വ്യക്തമാക്കുന്നുണ്ട്.
Post a Comment