മലയോര വികസന ചരിത്രത്തിലെ പ്രധാനി' ഫാ. തോമസ് മണ്ണൂർ വിടവാങ്ങി



കൊട്ടിയൂർ : മലയോര കർഷക കുടിയേറ്റ കാലത്തിന് ശേഷം നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്ന ഫാ. തോമസ് മണ്ണൂർ അന്തരിച്ചു. മലയോര വികസനത്തിൽ സുപ്രധാന മുന്നേറ്റമായി കണക്കാക്കുന്ന കൊട്ടിയൂർ ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ (ഐ ജെഎംഎച്ച്എസ്) 50 വർഷം മുൻപ് സ്ഥാപിച്ചത് വന്ദ്യ പുരോഹിതൻ ഫാ.തോമസ് മണ്ണൂർ(മണ്ണൂരച്ചൻ) ആയിരുന്നു. കുടിയേറ്റ ജനതയുടെ ഉന്നത പഠനമോഹങ്ങൾക്ക് പ്രതീക്ഷ നൽകി സ്ഥാപിതമായ ആ സ്കൂൾ ഇന്ന് ഹയർ സെക്കൻഡറി സ്കൂളാണ്. മലയോരത്തെ മറ്റൊരു വികസന മുന്നേറ്റമായിരുന്നു കൊട്ടിയൂരിലെ സർക്കാർ ഡിസ്പൻസറി. പുളിയമ്മാക്കൽ പി.കെ.ജോസഫ് ചേട്ടൻ സൗജന്യമായി നൽകിയ സ്ഥലത്ത് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ച്, കിടക്കളും ആശുപത്രി ഉപകരണങ്ങളും സഹിതം ഒരുക്കി സർക്കാരിന് കൈമാറിയതാണ്. ആ ജനകീയ കമ്മിറ്റിയുടെ ട്രഷറർ മണ്ണൂരച്ചനായിരുന്നു. ഇന്ന് ആഡിസ്പൻസറി കുടുംബാരോഗ്യ കേന്ദ്രമാണ്. മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അവാർഡും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് പിന്നീട് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ പൊതു വികസന പ്രവർത്തനങ്ങളിലെല്ലാം മണ്ണൂരച്ചൻ പങ്കാളിയായിരുന്നു. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോട് ചേർന്ന് നടത്തിവന്നിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്ന യുവദീപ്തി കോളജ് വിപുലീകരിച്ചതും മണ്ണൂരച്ചനായിരുന്നു. 6 വർഷക്കാലം കൊട്ടിയൂർ പള്ളി വികാരിയായി സേവനം ചെയ്തു. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന മണ്ണുരച്ചൻ തമിഴുനാട്ടിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള രൂപതകളിലും സേവനം ചെയ്തിട്ടുണ്ട്.


സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് വെള്ളാട് ( കണ്ണൂർ)


പാലാ /മാനന്തവാടി:1937 നവംബർ 15ന് പാലായിൽ മുത്തോലി ഇടവക, മണ്ണൂർ ഉലഹന്നാന്റെയും ഏലിയുടെയും ആറുമക്കളിൽ അഞ്ചാമനായി തോമസച്ചന്‍ ജനിച്ചു. 


മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പഠനം പൂര്‍ത്തിയാക്കി. തുടർന്ന് ആലക്കോട്, വെള്ളാട് എന്ന സ്ഥലത്തേക്ക് കുടുംബം കുടിയേറി.


ചെറുപ്രായം മുതൽ മിഷനറിവൈദികനാകണമെന്ന ആഗ്രഹം തോമസച്ചന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഈ ആഗ്രഹവുമായാണ് ആലക്കോട് വികാരിയായിരുന്ന ഫാ. ജോസഫ് കുന്നേലിനെ സമീപിച്ചത്. 


അദ്ദേഹം തോമസച്ചനെ തലശ്ശേരി രൂപതയ്ക്കു വേണ്ടി 1957-ൽ കുന്നോത്ത് മൈനർ സെമിനാരിയിലേക്ക് അയച്ചു.


1959 മുതല്‍ ആലുവ മേജർ സെമിനാരിയിൽ പഠനം നടത്തി 1966 മാർച്ച് 10ന്  അഭിവന്ദ്യ വള്ളോപ്പള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. കര്‍ണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു.


 ഷിമോഗയിൽ നിന്നും കുടിയിറക്കപ്പെട്ടവരെ തലശ്ശേരി അതിരൂപതയിലെ ചന്ദനക്കാംപാറയില്‍ പുനരധിവസിപ്പിക്കാന്‍ ജോസഫ് കുന്നേല്‍ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയായിരിക്കേ നേതൃത്വം നല്കിയത് മണ്ണൂരച്ചനായിരുന്നു. 


അന്ന് അവിടെ പുതുതായി തുടങ്ങിയ ഇടവകയാണ് ലിറ്റില്‍ ഫ്ലവര്‍ പള്ളി.


 1967-ൽ നെല്ലിക്കുറ്റി ഇടവകയിലെ വികാരിയായി അച്ചന്‍ രണ്ടുവർഷം സേവനം ചെയ്തു. 1969-ൽ അന്ന് തലശ്ശേരി രൂപതയുടെ ഭാഗമായിരുന്ന വയനാട്ടിലെ കോട്ടത്തറ സെന്റ് ആന്റണീസ് പള്ളിയിലും 1973-ൽ കൊട്ടിയൂർ ഇടവകയിലും വികാരിയായി. പാൽച്ചുരം, അമ്പായത്തോട് റോഡിന്റെ പണികള്‍ക്കും കൊട്ടിയൂർ ഇമ്മിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹയർസെക്കന്ററി കൊണ്ടുവരാനും അച്ചന്‍ നേതൃത്വം നല്കി.


പിന്നീട് ഒത്തിരി ത്യാഗങ്ങള്‍ സഹിച്ച് അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് മുള്ളൻകൊല്ലി സെന്റ് മരീസ് ദേവാലയത്തിന്റെ പണികൾ പൂർത്തിയാക്കാൻ മണ്ണൂരച്ചന് കഴിഞ്ഞു. 


ഈ കാലഘട്ടത്തിലാണ് ഇരുളം-അങ്ങാടിശ്ശേരി ഇടവകയുടെ ഇടവകയുടെ വികാരിയായും ശുശ്രൂഷ ചെയ്തത്. മുള്ളൻകൊല്ലിയിൽ വികാരിയായിരിക്കേ 1982-ല്‍ മണ്ണൂരച്ചന്റെ നേതൃത്വത്തില്‍ സമീപപ്രദേശങ്ങളായ മരകാവ്, ആടിക്കൊല്ലി, മുള്ളന്‍കൊല്ലി എന്നീ ഇടവകകളില്‍ നിന്നുള്ള കുറേ വീട്ടുകാരെ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി തിരുഹൃദയ ഇടവകരൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു.


തുടർന്ന് വാഴവറ്റ, കാവുംമന്ദം ഇടവകകളിൽ സ്തുത്യര്‍ഹമായ സേവനം ചെയ്തു. മിഷൻ വൈദികനാകണമെന്ന് ചെറുപ്പംമുതല്‍ ഉണ്ടായിരുന്ന ആഗ്രഹം മനസ്സില്‍ കെടാതെ സൂക്ഷിച്ച മണ്ണൂരച്ചന്‍ 62-ാമത്തെ വയസില്‍ 1999 ജൂണ്‍ 20-ന് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്കോട്ടെത്തി. വാങ്കനീര്‍ മിഷന്‍ കേന്ദ്രമായിരുന്നു പ്രവര്‍ത്തനമേഖല. ജനത്തിന്റെ കൂടെ സഞ്ചരിക്കാന്‍ അവരെ ലക്ഷ്യബോധത്തിലേക്ക് നയിക്കാന്‍ അച്ചന് കഴിഞ്ഞു.


 2001- ജനുവരിയില്‍ ഗുജറാത്തിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായപ്പോള്‍ മണ്ണൂരച്ചനും അതിന്റെ തീവ്രത അനുഭവിക്കേണ്ടി വന്നു. 


2003-ൽ മണ്ണൂരച്ചൻ വീണ്ടും മാനന്തവാടി രൂപതയിലെത്തി. മാർ എമ്മാനുവേല്‍ പോത്തനാമുഴി ആവശ്യമനുസരിച്ച് ഊട്ടിയിലേക്ക് പോയി. അവിടെ നാല്പത് വീട്ടുകാരുള്ള ഒരു സ്ഥലത്ത് പുതിയ ഇടവക തുടങ്ങുകയും ചെയ്തു.


  2009 മുതൽ മാനന്തവാടി രൂപതയിലെ കൊളവയൽ ഇടവകയില്‍ വികാരിയായി തോമസച്ചന്‍ സേവനം ചെയ്തു.


ബഹുമാനപ്പെട്ട മണ്ണൂരച്ചന്റെ ഭൗതികശരീരം ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുദര്‍ശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.


 അതിനെത്തുടര്‍ന്ന് തലശ്ശേരി അതിരൂപതയിലെ കരുവഞ്ചാലടുത്ത് വെള്ളാട് ഇടവകയിലെ അച്ചന്റെ സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ടുപോവുകയും തിങ്കളാഴ്ച രാവിലെ 11 മണിവരെ സഹോദരഭവനത്തിൽ പൊതുദർശനവും തുടർന്ന് ഇടവകദേവാലയത്തിൽ പൊതുദർശനവും രണ്ടു മണിക്ക് അഭിവന്ദ്യ അലക്സ് താരാമംഗലം പിതാവിന്റെ കാര്‍മ്മികത്വത്തില്‍  മൃതസംസ്കാരശുശ്രൂഷ നടത്തപ്പെടുകയും ചെയ്യും.


സഹോദരങ്ങൾ:

പരേതരായ മത്തായി, ജോസഫ്, പാപ്പച്ചൻ, വർക്കിച്ചൻ. 

സഹോദരി ത്രേസ്യാകുട്ടി ജോൺ മുണ്ടക്കത്തറപ്പേൽ (റിട്ട. H M ജി.യു.പി.എസ്. വെള്ളാട്).


Post a Comment

Previous Post Next Post