മധുവിധു ആഘോഷത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; പ്രതിയായ യുവതി ജയിലിലും സന്തോഷവതിയെന്ന് റിപ്പോര്‍ട്ട് Honeymoon


 മേഘാലയയിൽ മധുവിധു ആഘോഷത്തിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന യുവതി സന്തോഷവതിയെന്ന് റിപ്പോർട്ട്. ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം രഘുവംശി കഴിഞ്ഞ ഒരു മാസമായി ഷില്ലോങ്ങിലെ ജയിലിലാണ്. ഇവിടെ പ്രസന്നവതിയായാണ് യുവതി കഴിയുന്നത് എന്നാണ് ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.


യുവതിക്ക് തൻ്റെ ചെയ്‌തികളിൽ തെല്ലും കുറ്റബോധമില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജയിൽ അന്തരീക്ഷവുമായി യുവതി വളരെ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജയിലിലെ മറ്റ് വനിതാ തടവുകാരുമായി സോനം വളരെ നന്നായാണ് ഇടപഴകുന്നത്, ജയിൽ ഉദ്യോഗസ്ഥരുമായും സഹകരിക്കുന്നുണ്ട്. ഭർത്താവിനെ കൊലപ്പെടുത്തിയതിൽ യുവതി ഇതുവരെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. അതേസമയം, യുവതിയുടെ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഇതുവരെ ജയിലിലെത്തി യുവതിയെ സന്ദർശിച്ചിട്ടില്ല. സോനത്തിന് കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും ജയിൽ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. പക്ഷേ, ആരും ഇതുവരെ യുവതിയെ ബന്ധുക്കൾ ആരും സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.

സഹതടവുകാരോടോ ജയിൽ അധികൃതരോടോ സോനം തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ ഒന്നും ഇതുവരെ സംസാരിച്ചിട്ടില്ല. ജയിൽ വാർഡന്റെ ഓഫീസിനടുത്താണ് സോനത്തെ പാർപ്പിച്ചിരിക്കുന്ന സെൽ. വിചാരണ നേരിടുന്ന രണ്ട് വനിതാ തടവുകാരാണ് സോനത്തിനൊപ്പമുള്ളത്. സോനത്തിന് ഇതുവരെ ജയിലിനുള്ളിൽ ഒരു പ്രത്യേക ജോലിയും നൽകിയിട്ടില്ല, എന്നാൽ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയിൽ വൃത്തങ്ങൾ പറഞ്ഞു. എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവും സോനത്തിനുണ്ട്.


ഷില്ലോങ് ജയിലിൽ ആകെ 496 തടവുകാരാണുള്ളത്. അതിൽ 20 പേർ സ്ത്രീകളാണ്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ജയിലിലെ രണ്ടാമത്തെ വനിതാ തടവുകാരിയാണ് സോനം. സദാസമയം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് സോനം കഴിയുന്നത്. കഴിഞ്ഞ മേയ് 11-നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. മേയ് 20-ന് ദമ്ബതികൾ മേഘാലയയിലേക്ക് പോയി. മൂന്ന് ദിവസത്തിന് ശേഷം ഇരുവരെയും കാണാതായി. രാജാ രഘുവംശിയുടെ മൃതദേഹം ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സോഹ്റയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിനടുത്തുള്ള കൊക്കയിൽനിന്ന് ജൂൺ രണ്ടിന് കണ്ടെത്തി. ജൂൺ 9-ന് പുലർച്ചെ ഉത്തർപ്രദേശിലെ ഗാസിപ്പൂരിൽനിന്ന് സോനത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. തുടർന്ന്, രാജ് കുശ്വാഹയെയും രാജാ രഘുവംശിയെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളാണെന്ന് കരുതുന്ന മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു‌.

Post a Comment

Previous Post Next Post