പയ്യാവൂർ: മുൻ വിദ്യാർത്ഥിനിയും നിലവിൽ അധ്യാപികയുമായ ഗ്രേസ് ജോൺ നേടിയ ഡോക്ടറേറ്റ് ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിന് ഏറെ അഭിമാനം പകരുന്നതായി. മലയോര മേഖലയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ വിമൽ ജ്യോതിയിൽ എഞ്ചിനീയറിംഗ് ബിടെക് വിദ്യാർത്ഥിനിയായിരുന്ന ഗ്രേസ് ജോണിന് ഉന്നത പഠനം പൂർത്തിയായ ശേഷം ഇതേ കോളജിൽ തന്നെ അധ്യാപികയായി നിയമനം ലഭിക്കുകയാണുണ്ടായത്.
ഏതാനും വർഷങ്ങൾ പിന്നിട്ടതോടെ കോയമ്പത്തൂർ കർപ്പകം അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ നിന്ന് ഇലക്ട്രാേണിക്സ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ എക്സ്ട്രീം ലേണിംഗ് മെഷീൻ ആൽഗോരിതവും ഡീപ്‌നെറ്റ് മോഡലും ഉപയോഗിച്ച് ശ്വാസകോശ അർബുദം കണ്ടെത്തൽ ഡോക്ടറേറ്റ് സ്വന്തമാക്കിയതാണ് ഗ്രേസ് ജോണിന് ഡിഗ്രി പഠനവും ജോലിയും ലഭ്യമാക്കിയ വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിന് അഭിമാനത്തിൻ്റെ പൊൻതൂവലാകുന്നത്.
മലയോര ഗ്രാമമായ പുലിക്കുരുമ്പയിലെ ഒരു സാധാരണ കർഷക കുടുംബാംഗമായ ഗ്രേസ് പുലിക്കുരുമ്പ സെൻ്റ് ജോസഫ്സ്, ചെമ്പേരി നിർമല എന്നിവിടങ്ങളിലായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വന്തം പരിശ്രമങ്ങളുടേയും നിശ്ചയദാർഢ്യത്തിൻ്റെയും ഫലമായി എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടിയ ശേഷം ബംഗളൂരു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ഉന്നത ബിരുദമായ എംടെക്കും കരസ്ഥമാക്കി. ഉടൻ തന്നെ ചെമ്പേരി വിമൽ ജ്യോതി കോളജിൽ അധ്യാപികയായി നിയമനവും ലഭിച്ചു. പുലിക്കുരുമ്പയിലെ മണ്ണൂർ ജോൺ-മേരി ദമ്പതികളുടെ മകളാണ് ഗ്രേസ്.
തളിപ്പറമ്പ് ടാഗ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിംഗ് പാർട്ട്ണറായ ചെമ്പന്തൊട്ടി സ്വദേശി പട്ടർമഠത്തിൽ അബി മാത്യുവാണ് ഭർത്താവ്. വിമൽ ജ്യോതി കോളജ് മാനേജ്മെൻ്റിൻ്റെ നിർലോഭമായ പിന്തുണയും കോളജ് പ്രിൻസിപ്പൽ ഡോ.ബെന്നി ജോസഫ്, റിസർച്ച് ഗൈഡ് ഡോ.എസ്.ഭാസ്കർ എന്നിവർക്കൊപ്പം സഹപ്രവർത്തകർ നൽകിയ ആത്മാർത്ഥമായ സഹകരണവും ഡോക്ടറേറ്റ് നേടാൻ ഏറെ സഹായകരമായതായും പരിമിതികൾക്കുള്ളിലും തൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകിയിരുന്ന വിമൽജ്യോതി കോളജുകളുടെ സ്ഥാപകൻ ദിവംഗതനായ മോൺ.മാത്യു എം.ചാലിലിനെ നന്ദിപൂർവം സ്മരിക്കുന്നതായും ഗ്രേസ് ജോൺ പറഞ്ഞു.

Post a Comment