ഗുവാഹത്തി: അസമിൽ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബിക്കി അലി എന്ന ഇരുപതുകാരനാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം.
തെളിവെടുപ്പിനായി
കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിക്ക് നേരേ വെടിയുതിർത്തെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ രണ്ട് വനിതാ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തും അടക്കം നാല് തവണയാണ് യുവാവിന് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം അറിയിച്ചു.
ഗുവാഹത്തി പാൻബസാർ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമിയെയും പരിക്കേറ്റനിലയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ കാലിലും കൈയിലുമാണ് സാരമായ പരിക്കുകളുള്ളതെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ചൊവ്വാഴ്ച അർധരാത്രിയോടെ ഗുവാഹത്തി നഗരത്തിന്റെ പ്രാന്തപ്രദേശത്തുവെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വിദ്യാർഥിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലാണ് ബിക്കി അലിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കേസിൽ അലി ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ.
ഒരാഴ്ച മുമ്പാണ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി 16-നാണ് പെൺകുട്ടി ആദ്യം ബലാത്സംഗത്തിനിരയായത്. തുടർന്ന് ഈ ദൃശ്യങ്ങൾ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ മൊബൈലിൽനിന്ന് നശിപ്പിക്കണമെങ്കിൽ ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് വരണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫെബ്രുവരി 19-ന് ഹോട്ടലിൽ എത്തിയ പെൺകുട്ടിയെ പ്രതികൾ വീണ്ടും ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു.
Post a Comment