സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ്.പി.സി) ക്ക് എതിരെ കേരളമൊട്ടുക്കും പരാതി പ്രവാഹം. കബളിപ്പിക്കപ്പെട്ട കര്‍ഷകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.


 ജൈവ വളമെന്ന പേരില്‍ യാതൊരു ഗുണനിലവാരവുമില്ലാത്ത ഉല്‍പ്പന്നങ്ങളാണ് സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ( എസ് പി സി) കര്‍ഷകര്‍ക്ക് വിറ്റതെന്ന് സര്‍ക്കാരിന്റെ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. എസ് പി സി യുടെ വിവിധ ഫ്രാഞ്ചൈസികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡറിന്റെ പല നിബന്ധനകളും കമ്പനി ലംഘിക്കുന്നതായി മനസിവാക്കിയതിനെ തുടര്‍ന്ന് 2.9.2021 ന് കാര്ഷിക വികസന ഡയറക്ടര്‍ കമ്പനിയുടെ മൊത്ത വ്യാപാര ലൈസന്‍സ് റദ്ദാക്കി. കോട്ടയം കാണക്കാരിയിലെ വളം മൊത്ത വിതരണക്കാരനായ സി എം മത്തായി വടക്കേത്തലയില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഈ നടപടിയുണ്ടായത്.



എസ് പി സി നല്‍കുന്നത് ജൈവ വളമാണെന്നും നിരവധി കര്‍ഷകര്‍ ഇത് വാങ്ങിച്ച് ഉപയോഗിക്കുന്നുണ്ടെന്നുമാണ് എസ് പി സി അവകാശപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരോധിച്ച വളത്തെ ജൈവ വളമെന്ന പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം ഫ്രാഞ്ചൈസികള്‍ നല്‍കി വില്‍പ്പന നടത്തി കോടികള്‍ തട്ടുകയാണ് ഈ കമ്പനി. ഇടുക്കി ജില്ലയില്‍ തുടങ്ങിയ തട്ടിപ്പ് ഇപ്പോള്‍ പാലക്കാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് അരങ്ങേറുന്നത്. നിരവധി പരാതികളാണ് ഈ ജില്ലകളിലെല്ലാം പ്രവഹിക്കുന്നത്. എസ് പി സി കമ്പനി നല്‍കിയ വാഗ്ദാനങ്ങളില്‍ വീണ് അഞ്ച് ലക്ഷം രൂപ നഷ്ടമായ ദിബിന്‍ സി പ ബെന്നിയെന്ന കേളകം ചെട്ട്യാപറമ്പ് സ്വദേശി കേളകം പൊലീസ് സ്റ്റേഷനില്‍ 114956/ 2021 ആയി നല്‍കിയ പരാതി ഇത്തരത്തിലുള്ളതാണ്.


കേളകത്തെ യുവസംരംഭകനായ ദിബിന്‍ സി ബെന്നി എസ് പി സി കമ്പനിയുടെ മേക് ഇന്ത്യ ഓര്‍ഗാനിക് എന്ന പരസ്യങ്ങളിലും വീഡിയോകളിലും ആകൃഷ്ടനായി അഞ്ച് ലക്ഷം മുടക്കി ജൈവ വള ഫ്രാഞ്ചസി എടുക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വില്‍പ്പന ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രോഡക്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ നിരന്തരം എസ് പി സി കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ദിബിന്‍ പരാതിയില്‍ പറഞ്ഞു. പിന്നീട് എസ് പി സി കമ്പനിയെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോളാണ്് ഇതൊരു തട്ടിപ്പ് കമ്പനിയാണെന്ന് മനസിലായതെന്നും കേളകം എസ് എച്ച് ഒ ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത്തരം നിരവധി പേരുടെ പണമാണ് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന്് കമ്പനി തട്ടിയെടുത്തത്. ഇടുക്കി ജില്ലയിലെ രാജാക്കാട് മേഖലയില്‍ എസ് പി സി കമ്പനിയുടെ വളം വാങ്ങിച്ച് വലിയ സാമ്പത്തിക നഷ്ടം നേരിട്ട നിരവധി കര്‍ഷകര്‍ ഒത്ത് ചേര്‍ന്ന് കമ്പനിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.



Post a Comment

Previous Post Next Post