നമ്മുടെ കുട്ടികൾ കാനഡക്ക് പോകുമ്പോൾ - മുരളി തുമ്മാരുകുടി 👩🏻🎓
ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതി വേഗം വർദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാർഥികൾ കേരളത്തിന് പുറത്തുണ്ട്, അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കും ആരുടേയും കയ്യിലില്ല. പത്രങ്ങളിൽ കാണുന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പരസ്യത്തെ ഒരു പ്രോക്സി ആയി എടുത്താൽ തന്നെ ഏകദേശ രൂപം കിട്ടും. കേരളത്തിൽ ഇപ്പോൾ ഇത്തരത്തിൽ മൂവായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അടുത്തയിടെ ഒരു റിപ്പോർട്ട് കണ്ടത്. അഞ്ചു വർഷം മുൻപ് ഇത് മുന്നൂറുപോലും ഇല്ലായിരുന്നു. ഒരു സുനാമി തുടങ്ങുകയാണ്.
കേരളത്തിൽ നിന്നും പുറത്തേക്ക് പോകുന്ന വിദ്യാർഥികൾ പൊതുവെ നാലു ഗ്രൂപ്പിൽ ആണ്
1. വിദ്യാഭ്യാസത്തിൽ നല്ല നിലവാരം പുലർത്തി ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരണം എന്ന ആഗ്രഹത്തോടെ ശ്രമിക്കുന്നവരും സ്കോളര്ഷിപ്പോടെയോ അല്ലാതെയോ അതിന് അവസരം ലഭിക്കുന്നവരും
2. സാമ്പത്തികമായി നല്ല നിലയിലുള്ളവർ, ഉന്നത ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ പ്രവാസികളുടെ മക്കൾ, ബന്ധുബലമുള്ളവർ ഇതൊക്കെ കാരണം ശരിയായ ഗൈഡൻസ് കിട്ടി വിദേശത്ത് നല്ല സ്ഥാപനങ്ങളിൽ എത്താൻ ശ്രമിക്കുന്നവർ
3. മെഡിസിൻ വിദ്യാഭ്യാസത്തിന് വേണ്ടി ഫിലിപ്പീൻസ് മുതൽ മൊൾഡോവ വരെ പോകുന്നവർ.
4. വിദേശത്ത് നിയമപരമായി തൊഴിൽ ചെയ്യാൻ അവിടെ എത്തിച്ചേരാനായി വിദ്യാഭ്യാസത്തെ ഒരു മാർഗ്ഗമായി കാണുന്നവർ
ഇവരിൽ മൂന്നാമത്തേയും നാലാമത്തേയും കൂട്ടരാണ് വിദേശ വിദ്യാഭ്യാസ കണ്സള്റ്റന്സികളുടെ പ്രധാന ഉപഭോക്താക്കൾ. ഇവരിൽ നാലാമത്തെ ഗ്രൂപ്പിനെ പറ്റിയാണ് ഇന്ന് എഴുതുന്നത്. മെഡിസിനെപ്പറ്റി പിന്നൊരിക്കൽ എഴുതാം
എന്റെ വിദേശത്തുള്ള സുഹൃത്തുക്കൾ ബഹു ഭൂരിപക്ഷവും ഒന്നും രണ്ടും ഗ്രൂപ്പിൽ പെട്ടവരാണ്. അതുകൊണ്ട് തന്നെ അവർക്ക് ഈ മൂന്നും നാലും വകുപ്പിൽ പെട്ടവരോട് അല്പം പുച്ഛം ഒക്കെ ഉണ്ട്. ഇത്തരത്തിൽ "എങ്ങനെയെങ്കിലും" വിദേശത്ത് എത്തിപ്പറ്റാൻ ശ്രമിക്കുന്നത് തെറ്റാണെന്നോ, മോശമാണെന്നോ ഉള്ള മട്ടിൽ അനവധി ആളുകൾ എഴുതുന്നതും സംസാരിക്കുന്നതും കണ്ടു. "ഇവിടുത്തെ മോശം യൂണിവേഴ്സിറ്റികളിൽ ആണ് അവർ പഠിക്കുന്നത്, "എഞ്ചിനീയറിങ്ങ് ഒക്കെ കഴിഞ്ഞിട്ട് കെയർ ഹോമിൽ ജോലിക്ക് പോവുകയാണ്'. എന്നൊക്കെ "പഴയ മലയാളികൾ" പറഞ്ഞു കേൾക്കുന്നത് ഇപ്പോൾ സാധാരണയാണ് . പറ്റുമ്പോൾ ഒക്കെ പുതിയതായി വിദേശത്ത് എത്താൻ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്താനാണ് ഇപ്പോൾ വിദേശത്തുള്ളവർ പൊതുവെ ശ്രമിക്കുക (തൊള്ളായിരത്തി എൺപത്തി ആറിൽ ഞാൻ ഗൾഫിൽ പോകാൻ ശ്രമിച്ചപ്പോൾ "ഇപ്പോൾ ഗൾഫിൽ പണ്ടത്തെപ്പോലെ അവസരം ഒന്നുമില്ല എന്ന് പറഞ്ഞ ആളുടെ സ്മരണ!!).
Post a Comment