കാലം കലർന്ന കാൽപാടുകൾ. : ബെന്നി ചിറ്റടിയിൽ


മേൽമൂടി പൊളിഞ്ഞ നാൽ ക്കാൽപെട്ടിയിൽ ആണ്ടുപരീക്ഷ കഴിഞ്ഞദിവസം കൊണ്ടിട്ടതാണ് പോയക്ലാസ്സിലെ പാഠപുസ്തകങ്ങളും ബുക്കുകളും. പെട്ടിയിൽനിന്നും പുസ്തകങ്ങൾ വാരിപുറത്തിട്ടപ്പോൾ ചുറ്റും സുഗന്ധം പരന്നു. ചന്ദനത്തിരി ഒളിപ്പിച്ചുവെച്ച മലയാളംപാഠവലിയിൽ നിന്നാണ് ഇത്. മറവിയുടെകോണുകളിലെവിടയോ കെട്ടിവെച്ചഗണിതശാസ്ത്രപുസ്തകത്തിനുള്ളിൽ കുട്ടിക്കുറപൗഡറിന്റെ മണം.

   പെട്ടിയിൽ മറ്റുചിലതുകൂടിയുണ്ട്. ക്ലാവറിന്റെ പടമുള്ള തീപ്പെട്ടികൂട്... ബർക്കലിസിഗററ്റിന്റെ കവറ്... ഹീറോപേനയുടെ അടപ്പ്... വള്ളിപൊട്ടാസിന്റെ കഷണങ്ങൾ... ഉത്സവപറമ്പിൽ നിന്നും വാങ്ങിയ കളിപ്പാട്ടങ്ങളിലൊന്നായ പിരിയൻകമ്പിയിലൂടെ ഊർന്നിറങ്ങുന്ന കുരങ്ങൻ...

       സ്കൂളിലേക്കുള്ള യാത്രകൾ മധുരംകിനിയുന്നൊരു ഓർമ്മയാണ്. ഇരുകൈകളും വള്ളികൾക്കിടയിലൂടെ കടത്തി പുറത്തുതൂക്കാവുന്ന സ്കൂൾബാഗുകളില്ലാതെപോയ പഴയകാല സ്കൂൾയാത്രകൾക്ക് മറ്റുചില കീഴ്വഴക്കങ്ങൾകൂടിയുണ്ട്. പള്ളികൂടം തുറക്കുന്നദിവസങ്ങളിൽ ഒന്നാംക്ലാസ്സുകാരുടെ കൈയിൽ പുത്തൻസ്ലെയിറ്റ്.. ബാക്കിഎല്ലാവരുടെയും കൈയിൽ ഒരു ബുക്കേ കാണു. പോയവർഷത്തെ നോട്ടുബുക്കിൽനിന്നും എഴുതാത്തകടലാസുകൾ ചേർത്ത് കുത്തികെട്ടിയെടുത്ത ഈബുക്കിന് ' പലവക ' എന്നാണ് പേര്.

ക്ലാസുകളിൽ പുത്തൻകോടിമണം.. സ്കൂൾതുറക്കുന്നതിനു ഒന്നുരണ്ടുദിവസം മുൻപാകും തുണികളൊക്കെ തയ്ച്ചുകിട്ടുക. ആദ്യദിനങ്ങളിൽ ഹാജരെടുത്തുകഴിഞ്ഞാൽ അധികം താമസിയാതെ കൂട്ടമണിമുഴങ്ങും..

സ്കൂൾമുറ്റംവിട്ട് വഴിയിലേക്കിറങ്ങുമ്പോഴേക്കും ഇതാ മഴവരുന്നു എന്നറിയിച്ചുകൊണ്ട് കുഞ്ഞിക്കാറ്റ് ഓടിയെത്തും. മരച്ചില്ലകൾ ഇളക്കിയുലച്ചുകൊണ്ട് കാറ്റോന്നുകൂടി വീശുമ്പോഴേക്കും മഴയെത്തിക്കഴിയും. അപ്പോൾ ആൺകുട്ടികൾ ഷർട്ടിന്റെ കുടുക്കഴിച്ച് പലവകബുക്ക്‌ ഉള്ളിലേക്ക് തിരുകും. പെൺകുട്ടികൾ പെറ്റിക്കോട്ടിലേക്കാണ് ബുക്ക്‌ നനയാതെ വെയ്ക്കുക. പിന്നെ ഇരമ്പിവരുന്ന മഴയെ പിന്നിലാക്കി ഒറ്റയോട്ടമാണ്. തറ, പറ, എന്നുചൊല്ലിപെയ്യുന്ന വെള്ളിമഴയിൽ നനഞ്ഞൊട്ടി വീടണയുമ്പോഴേക്കും പുത്തനുടുപ്പിന്റെ കോടിമണം മാറിയിരിക്കും. എങ്കിലും ചിന്തകൾ അവയൊന്നും വകവെക്കാതെ പായുകയാണ്...പൂക്കളോടും പൂമ്പാറ്റകളോടും കിന്നരംചൊല്ലി, റോഡ് വരമ്പത്തുനിന്നും വെള്ളംതെറുപ്പിച്ച്... നാട്ടുമാവിൽ കല്ലെറിഞ്ഞ്... ഉടുക്കാക്കുണ്ടന്മാരായി തോട്ടിൽച്ചാടിക്കുളിച്ച്... മണ്ണുതൊട്ട്.. പ്രകൃതിയുടെ മനസുതൊട്ട്.. നടന്നു നടന്നങ്ങനെയൊരു യാത്ര.. കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ഊഷ്മളമാകുന്ന ചങ്ങാത്തങ്ങ ൾ.... ഇന്ന് വീട്ടുപടിക്കലെത്തുന്ന വാഹനങ്ങളിൽ കുത്തിനിറക്കപെടുന്നതോടെ ബാല്യത്തിന്റെ കൂതുഹലങ്ങളെ ല്ലാം അവസാനിക്കുന്നു..

                    എഴുത്ത് :-

           ബെന്നിചിറ്റടിയിൽ

                       ഉദയഗിരി.

Post a Comment

Previous Post Next Post