വൈകുന്നേരം 4.30 ന് അരങ്ങത്ത് നിന്നാരംഭിച്ച റാലി ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ കത്തോലിക്ക അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേലിന് പതാക നല്കി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ആലക്കോട് ടൗണിലേക്ക് റാലി ആരംഭിച്ചു.
കർഷക ജ്വാലയോടനുബന്ധിച്ച് നടന്ന ദൃശ്യാവിഷ്കാരങ്ങൾ കാഴ്ചക്കാരുടെ മനസ് അലിയിക്കുന്നതും കണ്ണീരിലാഴ്ത്തുന്നതും ആയിരുന്നു. എല്ലാത്തരം കാർഷിക വിളകളുടെയും വില തകർച്ചയിൽ പ്രതിഷേധിച്ച് കാർഷിക വിളകൾ ശവമഞ്ചത്തിലാക്കി കൊണ്ടുള്ള ലാപയാത്രയും വന്യമൃഗങ്ങളെ പേടിച്ച് തോക്കുമായി ടാപ്പിംഗിന് പോകുന്ന കർഷകൻ, തെങ്ങ് കയറാൻ പോകുന്ന കർഷകൻ, വർഷങ്ങളായി കാട്ടുമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് മൂലം മൂന്നുവർഷമായി ഉപയോഗ ശൂന്യമായ തൂമ്പയും എടുത്ത് വന്ന പച്ചാണിയിലെ മുരിപ്പാറയിൽ സണ്ണിയുടെയും അടരുന്ന കരിമ്പാറകളും തകരുന്ന ജീവിതവും സൂചിപ്പിക്കുന്ന പാത്തൻപാറയിലെ ദൃശ്യാവിഷ്കാരങ്ങളും കർഷകരുടെ ദുരിതങ്ങളുടെ സൂചന മാത്രമായിരുന്നു.
റാലിയുടെ മുൻ നിരയിൽ തലശേരി അതിരൂപതയിലെ വിവിധ സംഘടനാ ഭാരവാഹികൾ, ഫൊറോന വികാരിമാർ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ എന്നിവർ അണിനിരന്നു. കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്ലോട്ടുകളും റാലിയിൽ ശ്രദ്ധേയമായി. അരങ്ങത്തു നിന്നാരംഭിച്ച റാലി ആലക്കോട് ടൗണിലെ സമാപന വേദിയിൽ എത്തിയിട്ടും നീണ്ടനിര കാണാമായിരുന്നു.
റബർ വിലയിടിവിനെതിരേ പ്രതിഷേധ റാലിയിൽ റബർ ഷീറ്റു കത്തിച്ചും കർഷകരുടെ പ്രതിഷേധം കാണാമായിരുന്നു. കർഷകരെയും കാർഷിക മേഖലകളെയും അവഗണിക്കുന്നതിനെതിരേയായിരുന്നു റാലിയിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ. റാലി ആലക്കോട് നഗരമധ്യത്തിൽ എത്തിയപ്പോൾ റാലിക്ക് അഭിവാദ്യങ്ങളുമായി വ്യാപാരി വ്യവസായ സമിതിയും എത്തി.
റാലിയിലുടെ മുൻ നിരയിൽ തൊപ്പിപാളയും ധരിച്ച് അണിനിരന്ന തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് പൂക്കൾ നല്കിയും ഹാരം അണിയിച്ചുമാണ് കർഷക ജ്വാലയ്ക്കുള്ള പിന്തുണ വ്യാപാരി സമൂഹം അറിയിച്ചത്.
റബറിന് 250 രൂപയും തേങ്ങയ്ക്ക് 50 രൂപയും കശുവണ്ടിക്ക് 200 രൂപയും കുരുമുളകിന് 700 രൂപയും ജാതിയ്ക്ക് 400 രൂപയും വില നിശ്ചയിച്ച് വില സ്ഥിരത ഫണ്ട് ഏർപ്പെടുത്തുക, വന്യജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകർക്ക് സംരക്ഷണ പദ്ധതികൾ ഏർപ്പെടുത്തുക, പെട്രോളിയും ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ സെസ് പിൻവലിക്കുക, ഭൂമിയുടെ ന്യായ വില വർധിപ്പിച്ചത് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കർഷക ജ്വാല നടത്തിയത്.തലശേരി അതിരൂപതയിൽ നിന്നും 19 ഫൊറോന കേന്ദ്രങ്ങളിൽ നിന്നുള്ളവർ ജ്വാലയിൽ പങ്കെടുത്തിരുന്നു.
മനുഷ്യജീവന് സുരക്ഷിതമല്ലാത്ത നാട്ടിൽ മനുഷ്യന് സമാധാനമായി ജീവിക്കാൻ സാധിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണത്തിൽ പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യത്തിൽ മലയോര ജനതയുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടു.വീടിനുള്ളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.മനുഷ്യജീവന് സുരക്ഷിതത്വമല്ലാത്ത എന്ത് ജനാധിപത്യമാണ് ഇവിടെ ഉള്ളത്. മനുഷ്യ ജീവന് അടിസ്ഥാനപരമായി വേണ്ട സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നു. ഇതിന് സർക്കാർ പരിഹാരം കണ്ടെത്തണം. ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ ഇടപെടേണ്ടതെന്നും റവ.ഡോ.ഫിലിപ്പ് കവിയിൽ പറഞ്ഞു.
കർഷകർക്ക് ഭീഷണിയായ ബഫർ സോണിൽ ഇടപെട്ടത് ഒരു രാഷ്ട്രീയ പാർട്ടിക്കാരുമല്ലെന്നും സുപ്രീം കോടതിയാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാതെ കാട്ടാനക്കും പുലിക്കും കടുവയ്ക്കും സർക്കാർ പേരിട്ട് കളിക്കുകയാണ്.കാട്ടുമൃഗങ്ങളെ താലോലിക്കുന്ന സമീപനമാണ് രാഷ്ട്രീയക്കാരിൽ നിന്നും ഉണ്ടാകുന്നത്.ജീവനും കൊണ്ട് കർഷകർ ഓടിക്കൊണ്ടിരിക്കുകയാണെന്നും രാജീവ് കൊച്ചുപറന്പിൽ പറഞ്ഞു.
വയനാട്ടിൽ കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ഓട്ടോറിക്ഷ മറിഞ്ഞു മരിച്ച മുഹമ്മദ് യാമിനും ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെയും മരണത്തിൽ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ കർഷക ജ്വാലയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ.ബിനോയ് തോമസാണ് പ്രമേയം അവതരിപ്പിച്ചത്.
▪️➖➖➖➖➖➖➖▪️
Post a Comment